Tuesday, 23 October 2012

സീതയുടെ ചിന്തകള്‍

ജടായു  യുദ്ധം



പത്തു പേരുടെ തണ്ടും മിടുക്കും

ഒത്തദേഹത്തിനൊക്കും മനസ്സും

പത്തു പേരോടായ് ഒറ്റയ്ക്ക് വെല്ലും

പക്വബുദ്ധിയില്‍ മണ്ണിൽ അജയ്യന്‍


ശക്തനാണവന്‍ ലങ്കേശ്വരന്‍ തന്‍റെ

കോട്ട കൊട്ടത്തളങ്ങള്‍ക്കുമധിപന്‍

ശക്ത മാനസമെന്തേ വിറച്ചു

സ്നിഗ്ദ്ധയായൊരു നാരിതൻ മുന്നില്‍


ഇത്രയിഷ്ടങ്ങള്‍ വേണ്ടെന്നു വെക്കാന്‍

പത്തു ശിരസ്സിന്റെ ബുദ്ധി വേണ്ടല്ലോ

സ്വസ്സഹോദരിക്കേറ്റപമാനത്തില്‍

വിഷ്ണമാകാതിരിക്കുമോ മാനസം


സ്വന്തമാശ തീർത്തീടുവാനാകുകിൽ

നിന്ദ്യ ദേഹം പുണരാൻ പ്രയാസമോ

വന്ദ്യരായ ഗുരുക്കള്‍ ചൊന്നീടിലും

നിന്ദ കാട്ടിയിട്ടെന്നെക്കവർന്നവൻ


നിഷ്ടകള്‍ക്കൊന്നും കോട്ടം വരാതെയീ

കോട്ടയുള്ളിലായെന്നെ പ്രതിഷ്ഠിച്ചു

ശ്രേഷ്ഠയാം പത്നി മണ്ടോദരിയുടെ

ചേഷ്ടയൊന്നുമേ കണ്ടതില്ലാ വിധം



രാജ്യ മോഹിയാം അനുജൻ വിഭീഷണൻ

ചതികളോതി തൻ കൂടെ ഇല്ലെങ്കിൽ

രാമരാവണപ്പോരിന്റെ അന്ത്യത്തിൽ

രാമ വിജയം സുനിശ്ചിതമാകുമോ!


ഒളിവിൽ ചതിയായ് തൊടുത്തൊരു ബാണത്തെ

നെഞ്ചിലേറ്റി പിടഞ്ഞു മരിച്ചൊരു

വീര ബാലിതൻ അനുജനാം സുഗ്രീവൻ

കൂടെ ഇല്ലാതെ യുദ്ധം ജയിക്കുമോ


ദൂതനായ് വന്ന വായു പുത്രൻ തന്റെ

 കുസൃതിയാൽ ലങ്ക ചാമ്പലാക്കീടിലും

മരണ ദണ്ഡന യേകാതെ ദൂതനെ

തിരികെ വിട്ടതും ലങ്കേശ നീതികൾ


ഇത്ര നീതിമാനിത്ര സുലക്ഷണൻ

രാവണൻ തന്റെ റാണിയായീടുവാൻ

ഒന്നു മൂളിക്കൊടുത്തെങ്കിലെന്നു ഞാന്‍

മെല്ലെയാശിച്ചതൊട്ടൊരു പാപമോ?


ഇപ്പോഴീ ഉലകത്തിനുന്മാദ ചേഷ്ടയിൽ

വിട്ട ദേഹവിശുദ്ധിതന്‍ വിശ്വാസം

പത്തുജന്മത്തിനപ്പുറം തീരുമോ

എത്ര ജന്മമെരിഞ്ഞു ഞാന്‍ തീര്‍ക്കണം


ഒറ്റവാശിയിലൊപ്പമിറങ്ങിയോ-

രെന്മനസ്സു നീ കണ്ടിരുന്നൂവെങ്കില്‍

കാട്ടില്‍ ഞാനേറ്റ ദുരിതങ്ങളൊക്കെയും

നാട്ടിലാളോട് ചോല്ലാത്തതെന്തു നീ


ചേര്‍ത്തുവച്ച ഈ പത്തുപൊരുത്തങ്ങള്‍

ഓര്‍ത്തുകാണുമോ എന്നീ അവസ്ഥയെ

എത്രയോര്‍ത്താലുമ്മിവ്വിധമാകുമെ-

ന്നോര്‍ത്തു കാണില്ലയെന്‍ പ്രിയ താതനും


നിര്‍ത്തി വെക്കേണ്ടതില്ലീ പരീക്ഷയെ

അഗ്നിയെന്നെ ദഹിപ്പിച്ചുകൊള്ളട്ടെ

നീറിനീറി ജീവിക്കിന്നതില്‍ പരം

ദീനമായൊരു മൃത്യുവുണ്ടാകുമോ


മറ്റൊരു ജന്മമുണ്ടായിരുന്നെങ്കിൽ

മുന്നിലെന്റെ സ്വയം വരപ്പന്തലില്‍

രാമനും പിന്നെ ലങ്കേശനുമെങ്കില്‍

ആരെ വേള്‍ക്കുമെന്നോര്‍ത്തു പോകുന്നു ഞാന്‍!


















8 comments:

 1. സീതയുടെ വിചാരങ്ങള്‍ കൊള്ളാം കേട്ടോ

  ReplyDelete
  Replies
  1. ഇത്ര സഹിക്കേണ്ടി വരുമ്പോള്‍ അങ്ങനെ തോന്നിപ്പോകില്ലേ?, വായനക്ക് നന്ദി അജിത്തേട്ട !

   Delete
 2. ഒറ്റവാശിയിലൊപ്പമിറങ്ങിയ
  എന്മനസ്സു നീ കണ്ടിരുന്നൂവെങ്കില്‍
  കാട്ടില്‍ ഞാനേറ്റ ദുരിതങ്ങളോക്കെയും
  നാട്ടിലാളോട് ചോല്ലാത്തതെന്തു നീ

  ഭൂമീ ദേവി സീതയെ കൊണ്ടു പോകുന്നു

  ചേര്‍ത്തുവച്ച ഈ പത്തുപൊരുത്തങ്ങള്‍
  ഓര്‍ത്തുകാണുമോ ഈ അവസ്ഥയെ
  എത്രയോര്‍ത്താലുമ്മിവ്വിധമാകുമെ-
  ന്നോര്‍ത്തു കാണില്ലയെന്‍ പ്രിയ താതനും

  നിര്‍ത്തി വെക്കേണ്ടയീ പരീക്ഷയെ
  അഗ്നിയെന്നെ ദഹിപ്പിച്ചുകൊള്ളട്ടെ
  നീറിനീറി ജീവിക്കിന്നതില്‍ പരം
  ദീനമായൊരു മൃത്യുവുണ്ടാകുമോ

  മറ്റൊരു ജന്മമുണ്ടായിരുന്നെങ്കില്‍
  മുന്നിലായി സ്വയം വരപ്പന്തലില്‍
  രാമനും പിന്നെ ലങ്കേശനുമെങ്കില്‍
  ആരെ വേള്‍ക്കും എന്നോര്‍ത്തു പോയീടുന്നു !!!
  ishtamaayi sathyam..oru penninte manassu kandu ezhuthi!!!

  ReplyDelete
  Replies
  1. നന്ദി കീയ,പക്ഷെ ഈ പേര് കേട്ട് ഞാന്‍ കൌതുകപ്പെട്ടു പോയി? കീയക്കുട്ടി!

   Delete
 3. നല്ല ചൂടുള്ള എഴുത്ത്

  ReplyDelete
 4. നന്ദി നിതീഷ്, വായനക്കും, അഭിപ്രായത്തിനും!

  ReplyDelete