Tuesday 11 November 2014

അര്‍ത്ഥാന്തരങ്ങള്‍

നീ എന്നെ കാണാത്തതും ഞാന്‍ ഇല്ലാത്തതും തമ്മില്‍
വലിയ അര്‍ത്ഥാന്തരങ്ങള്‍ ഉണ്ട്
പ്രത്യേകിച്ചും എന്‍റെ നില്‍പ്പിന്‍റെ അര്‍ത്ഥം
നിന്‍റെ കൂടി നിലനില്പ്പാവുമ്പോള്‍
(കടപ്പാട് : ഗൂഗിള്‍)
എന്നറിയും നീ എന്നതിനും എനിക്ക് മറുപടിയില്ല
പക്ഷെ എനിക്കൊരു പ്രാര്‍ത്ഥനയുണ്ട്
നീ അറിയുമ്പോള്‍ ഞാന്‍ വെറുമൊരു
അറിവ് മാത്രമായി ലോപിച്ചിരിക്കരുതേ എന്ന്
അതുകൊണ്ട് തന്നെയാകണം എന്‍റെ വേരുകള്‍
നിന്നെ തിരഞ്ഞ് അതിദ്രുത യാത്രയില്‍ മുഴുകുന്നത്
എന്‍റെ ശാഖകള്‍ നിന്‍റെ മേലുള്ള
തണലുകള്‍ പിന്‍ വലിക്കുന്നത്!
പുറമേ തളര്‍ന്നുറങ്ങുമ്പോഴും
അടിയൊഴുക്കുകള്‍ തേടി സഞ്ചരിക്കുന്നത്!
നിന്‍റെ ശീതള കുടീരങ്ങളില്‍
നിന്നില്‍ ചേര്‍ന്ന്‍ ഉറങ്ങാതെ
എന്നെ മാത്രം സന്തോഷിപ്പിച്ച്
എത്ര നാള്‍ ഞാന്‍ ഇങ്ങനെ?
നീ ഉണ്ടായിട്ടും നീയില്ല എന്ന്‍
മനസ്സിനെ തെറ്റിദ്ധരിപ്പിക്കാന്‍
പാഴ്ശ്രമങ്ങള്‍ നടത്തി
എത്രനാള്‍ ഞാന്‍ ഇങ്ങനെ?
നീ ഞാനും ഞാന്‍ നീയും ആവാന്‍
മനസ്സുപോലും ഒന്നിച്ചലിയാന്‍
ക്ഷമയുടെ പുതിയ ആഴങ്ങള്‍ തേടി
എത്രനാള്‍ ഞാന്‍ ഇങ്ങനെ?
ചെറിയ ലോകമാണ് എന്റേത്
വിരഹ വേണു എന്‍റെ ശ്വാസം
കുടിച്ചു തീര്‍ക്കും മുന്പ് ഒരു വട്ടം
നിന്‍റെ കണ്ണുകള്‍ എനിക്കായി തുറക്കാന്‍
ഞാന്‍ ഏതറ്റം വരെയും പോകും
ഞാന്‍ ഉണ്ട് എന്ന് നിന്‍റെ അധരങ്ങള്‍
അറിയും വരെയും ഞാന്‍ പൊരുതി നില്‍ക്കും
പിന്നെ അലിഞ്ഞലിഞ്ഞില്ലാതാകും
നിന്നിലേക്ക്‌,  ഞാനോ നീയോ എന്ന് തിരിച്ചറിയാത്ത വിധം.