Wednesday, 21 November 2012

സമയം

എന്താണ് സമയം?
പോകാത്ത സമയത്തെയൊരു നേരമ്പോക്കിനായ്‌
ഞാന്‍ തന്നെ ചോദിച്ച ചോദ്യം
വാച്ചുകള്‍ കാട്ടുന്നതാണോ സമയം
വാചില്ലേല്‍ സമയമില്ലെന്നോ?
വാച്ചുകള്‍ സമയമളക്കാന്‍ വേണ്ടി
നാം തന്നെ നിര്‍മ്മിച്ച സൂത്രം
ദിവസക്കണക്കുകള്‍ ആണോ
അതോ മാസത്തിന്‍ നാളുകളാണോ
ഇനി കൊല്ലത്തിലാകെയായാണോ
ഈ സമയമെന്നാരിന്നു കണ്ടു!
ഒരുവട്ടമീഭൂമി തലചുറ്റി തിരിയുമ്പോള്‍
ഒരു ദിനമെന്നു നാം കൊണ്ടാടുന്നു
ഒരു ദിനത്തില്‍ ചുറ്റല്‍ മേല്ലെയായെങ്കില്‍
സമയത്തിന്‍ നീളമതെന്തായിടും?

Sunday, 11 November 2012

സൂര്യപ്രഭാവലയത്തില്‍ ...

നിന്റെ തീഷ്ണ കിരണങ്ങള്‍ എന്നെ നോവിച്ചിരുന്നു
ഇളം മേനിയെ ഒരായിരം സൂചികള്‍ പോലെ
വര്‍ഷങ്ങള്‍ ഞാനാ ചൂടേറ്റു വാടിക്കരിഞ്ഞു
തളര്‍ന്നു ക്ഷീണിച്ചു വീണുറങ്ങി അമ്മയുടെ മടിയില്‍
സ്നേഹത്തിന്റെ തീജ്വാല കഠിനം തന്നെ!
എനിക്ക് കരുത്തേകിയതും തീയില്‍ കുരുപ്പിച്ചതും
ശക്തനാക്കി വളര്‍ത്തിയതും നീ തന്നെ
അമ്മയുടെ സ്നേഹലാലനങ്ങല്‍ക്കിടയിലും
കരുതലില്ലാത്ത അവസരങ്ങല്‍ക്കിടയിലും
തെറ്റിപ്പോകാനിടയുള്ള വഴിയനേകങ്ങളിലും
നീ പതിപ്പിച്ച എന്റെ തന്നെ  നിഴലിന്റെ ദിശ
എനിക്ക് എപ്പോഴും വഴികാട്ടിയായി കൂടെ നിന്നൂ
നിന്ടെ ചൂട് ഉള്ക്കരുത്തായി എന്റെ കൂടെ ഇന്നും ഉണ്ട്
നിന്ടെ സ്നേഹമന്നെനിക്കസഹ്യമായിരുന്നെങ്കിലും
ഇന്ന് ഞാനതൊരുപാട് ആസ്വദിക്കുന്നു
ആ സാന്നിധ്യത്തിന്റെ ആവശ്യം ഇന്ന് മനസ്സിലാകുന്നു
ഈര്‍പ്പമില്ലാത്ത മനസ്സിലും
പൂപ്പല്‍ പിടിക്കാത്ത ചിന്തകള്‍ക്കും
നന്ദി എന്നും നിന്റെ സാമീപ്യത്തിനോട് തന്നെ
നീയോരുക്കിയ മണ്ണില്‍ നട്ടുനനച്ച പച്ചപ്പിന്നെനിക്ക്
തണലും തളിരും ഫലങ്ങളും പൂക്കളും നല്‍കുന്നു
എന്റെ ഉദ്യാനത്തില്‍ നിന്നും ഉയരുന്ന
കാഴ്ചയും സുഗന്ധവും നിറവും മണവുമെല്ലാം
നീ ഒരുക്കിത്തന്ന സൌഭാഗ്യങ്ങളെന്നറിയുന്നു ഞാന്‍
ഇനിയുമൊരു വസന്തം വിടര്ന്നുലഞ്ഞാലും
ശിശിരത്തിന്റെ കുളിര്‍ക്കൈകള്‍ തഴുകിയാലും
മാരിവില്‍ക്കാഴ്ചകള്‍ കണ്കുളിര്‍പ്പിചാലും
എനിക്കിഷ്ടം നിന്റെ കൈവലയങ്ങള്‍ തന്നെ
ആ സൂര്യപ്രഭാ വലയങ്ങള്‍ !


(എന്റെ സ്നേഹമയനായ അച്ഛന് സമര്‍പ്പിക്കുന്നു ഈ കവിത!)

Friday, 2 November 2012

കാര്‍മേഘങ്ങള്‍ അകലുമ്പോള്‍

ഇന്ന് ഞാന്‍ ആസ്വദിക്കുന്ന ഒരു കാഴ്ചയുണ്ട്
പെയ്യാതെ അകന്നു പോകുന്ന നിറമേഘങ്ങള്‍ , പക്ഷെ
ഒരിക്കല്‍ അവന്‍ എനിക്കും പ്രിയമുള്ളവനായിരുന്നു
ജീവനോപ്പം ഞാന്‍  സ്നേഹിച്ച മഴയുടെ കാമുകന്‍

ചിരിച്ചല്ലസിച്ചും കളിച്ചുട്ടഹസിച്ചും ആര്‍ത്തുവിളിച്ചും
പിന്നെ ഒരു തേങ്ങലായും എന്‍റെ കൂടെ വന്ന മഴ!
അമ്മയുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി കിടക്കുമ്പോള്‍
അതിന്‍റെ തണുപ്പ് എന്നെ താലോലോച്ചു
അച്ഛന്റെ തലോടലുകള്‍ ഏറ്റുവാങ്ങുമ്പോള്‍
കളിയായെന്നെ ഭയപ്പെടുത്താന്‍ മുരണ്ടു
ഒരു കുടക്കീഴില്‍ അവനോടൊപ്പം നടക്കുമ്പോള്‍
ഒരു തോഴിയെ പോലെന്നെ അവനോടു ചേര്‍ത്തു

നഷ്ട ബോധത്തില്‍  ഞാന്‍ കരയുമ്പോള്‍
കണ്ണീല്‍ ചാലുകള്‍ തണ്ണീര്‍ കരങ്ങളാല്‍ തുടച്ചും
പിന്നെ എന്‍റെ വിഷാദത്തിന്റെ അടഞ്ഞ മുറിയില്‍
ഇരുട്ടില്‍ കൂടെ പല  നാളുകള്‍ കൂട്ടിരുന്നും
മനസ്സിന്‍ മുറിവുകള്‍ കഴുകി തുടച്ച്
ഉണങ്ങും വരെ എന്നെ സുശ്രൂഷിച്ചും
എന്‍റെ വിവാഹ നാളില്‍ തിമിര്‍ത്തു പെയ്തും
അവള്‍  എനിക്ക് പ്രിയപ്പെട്ടവളായി

ഇന്നെനിക്കവളെ വെറുപ്പാണ്
ഉണക്കാനിട്ട ഈറന്‍ തുണികള്‍ നന്ക്കുംപോഴും,
മുറ്റത്തെ പുല്ലുകളെ തഴുകി വളര്‍ത്തുമ്പോഴും
എന്‍റെ ഉറക്കം കേടുത്തുമ്പോഴുമൊക്കെ
എന്‍റെ കുഞ്ഞുങ്ങളെ ഭയപ്പെടുത്തുമ്പോഴും
ഗര്ജനങ്ങളോടെ താണ്ടവം നടത്തുമ്പോഴും
മിന്നല്പ്പിണരുകലാല്‍ സംഹാരം നടത്തുമ്പോഴും
എനിക്ക് അവളെ ഭയമാണ്

എങ്കിലും ഞാന്‍ ഓര്‍ക്കാറുണ്ട് ചില നല്ല നാളുകള്‍
എനിക്കവള്‍ സമ്മാനിച്ച നല്ല ദിനങ്ങള്‍
അവളുടെ നനുത്ത കയ്യിന്‍ കുളിര്‍ സ്പര്‍ശം
ശരീരത്തില്‍ തീര്‍ക്കുന്ന മാസ്മര വികാരങ്ങള്‍
പെയ്യാതെ പോകുമ്പോള്‍ ഞാനറിയാതെ
എന്‍റെ കണ്‍കൊണിലൊരു മുത്തുതിര്‍ന്നു
നിന്‍റെ ഗന്ധം അറിയാത്ത, ശബ്ദം കേള്‍ക്കാത്ത
നാളുകളില്‍ വല്ലാത്ത ഏകാന്തത തോന്നി

അറിയുന്നു ഞാന്‍ നിന്‍റെ അകല്‍ച്ചയുടെ കാരണം
അവളെഎനിക്കിന്നു  പ്രിയമല്ലെന്നു നീ അറിഞ്ഞിരിക്കും

ദൂരേക്ക്‌ മറയുമ്പോള്‍ നീ കാണിക്കുന്ന സ്നേഹം
എന്നോടോ  അതോ അവളോടോ എന്നു മാത്രമറിയാന്‍ ബാക്കി!(മഴയെ ക്കുറിച്ച് എഴുതിയ കവിത, പക്ഷെ മഴയുടെ കാമുകനായി കാര്‍മേഘങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നു )