Friday 28 July 2017

ദൂരഭാഷി


സ്മൃതികൾ പലതും തികട്ടി നിന്നീടവേ
ചെവിയിൽ ചേർത്തു വച്ചീടുന്നു നിന്നെ ഞാൻ
സഖി പറഞ്ഞീടുമോരോരോ വാക്കുകൾ
ചെവിയിൽ നീ പറഞ്ഞീടുക പ്രിയ നിധേ
വിജനമാണെന്റെ മനസുമീ കടലുപോൽ
നിറയെ രൗദ്രങ്ങൾ പതിയിരിക്കുന്നിടം
പറയുവാനെനിക്കാവുന്നതിൻ മുൻപ്
കടലു പോലെക്കലങ്ങി മറിഞ്ഞിടും

 ഇവിടെ മുറിയുടെ ജാലകത്തിങ്കലായ്
പുറമേ നോക്കി ഞാൻ നെടുവീർപ്പിടുന്നതും
കരളു കത്തിക്കരിഞ്ഞ തീജ്വാലകൾ
ഉയിരു മെല്ലെക്കവർന്നെടുക്കുന്നതും
വിരലുപോലെയെൻ കൂടെയുണ്ടെങ്കിലും
തിരയനക്കങ്ങൾ നീയറിഞ്ഞീടുമോ
മനസു വിങ്ങിക്കരഞ്ഞു പോകുമ്പോഴും
മധുരമൊഴികൾ എടുത്തയച്ചീടുന്നു
തിരികെയേറ്റി വന്നീടുന്നു ഭാണ്ഡങ്ങൾ
കദന കഥനവും കെറുവും കരച്ചിലും

ദ്രുമതലം പോലെയാണെന്റെ മാനസം
മുറിവു തീർക്കുന്നു വാക്കിൻ ശരങ്ങളാൽ
പതിയെയൂരി മാറ്റീടിലും മുറിവുകൾ
കലകൾ മാറാതെ വൃണിതമായ് നിൽക്കുന്നു
മുനകൾ ഒടിയാതെ വീണ്ടുമാ ബാണങ്ങൾ
ചകിതനാക്കുന്നു ഓരോ ദിനത്തിലും
സഖിയവൾ എന്റെ പ്രാണനാണെങ്കിലും
വിരഹ വീണയെ മുഴുകി മീട്ടുന്നവൾ
മുറുകിയേറെയാ തന്ത്രികൾ മുറിയാതെ
മുറിവു തീർക്കുന്നു മീട്ടും കരങ്ങളിൽ

ഇടയിൽ ചില നേരമുള്ള വാർത്തകൾ
ചിലതു മാത്രമാണെൻ ജീവനാഡിയും
പ്രിയമെഴും മൊഴികൾ മാത്രമായ് ചൊല്ലുക
ചിലത് ചൊല്ലാതെ കാത്തു വച്ചീടുക
ഓർത്തിരിക്കുവാനേറെയുണ്ടോർമ്മകൾ
ഓമനിക്കുന്നു ഓരോ ദിനത്തിലും
മധുരമെങ്കിലും നോവേകും ചിന്തകൾ
പ്രിയ മുഖങ്ങളും നഷ്ടസ്വപ്നങ്ങളും

സ്മരണയിൽ എന്നുമോർക്കുന്നു നാടിനെ
ഹരിത ദേശങ്ങൾ സുന്ദരക്കാഴ്ചകൾ
മറവിയേൽക്കാതെ വെയിലിൽ ഉണങ്ങാതെ
മനസിനോരത്ത് കാത്തുസൂക്ഷിക്കുന്നു
കടവിനക്കരെപ്പാടത്തിനപ്പുറം
ചെറിയ കയ്യാല താണ്ടിയാലെത്തുമെൻ
ഗൃഹമതിൽ ചിരാതിൽ വെളിച്ചത്തിലായ്
ഇമയടക്കാതെ കാത്തിരിക്കുന്നവർ

മതിലിനരികിൽ വിളഞ്ഞു നിൽക്കുന്നുണ്ട്
കാലമറിയിച്ചു പൂക്കുന്ന ചെടികളിൽ
നിറയെ വർണ്ണങ്ങൾ കൂടെയെൻ പൈതലിൻ
ചിരികൾ, നോവുകൾ മന്ദസ്മിതങ്ങളും
ഇനിയുമൊരുവേള പോക നീ ദൂതുമായ്
പ്രിയതയവളുടെ ചെവികളിൽ ചൊല്ലുക
ചിറകു വളരുവാൻ ചിറകടിച്ചുയരുവാൻ
കാത്തിരിക്കുന്നു ഞാൻ പറന്നെത്തുവാൻ

വരിക വേണ്ട നീ ഇനിയെന്റെ ചാരത്ത്
ചിറകു ചെത്തുന്ന വാക്കിന്റെ ഗഡ്ഗമായ്
തളരുവാനായി വയ്യെനിക്കിനിയുമെൻ
മനസു തല്ലിക്കെടുത്താതിരിക്കുക