Monday, 29 October 2012

ഗ്രഹങ്ങളില്‍ നിന്നും പഠിക്കേണ്ടത്

ദൈവത്തിന്‍റെ ഏറ്റവും മികച്ച സൃഷ്ടി എന്താണ്?
ഈ ലോകവും നക്ഷത്രങ്ങളും ഗ്രഹങ്ങളും
അറ്റമില്ലാത്ത , നാം അറിയാത്ത ദൂരങ്ങളും!
നമ്മുടെ ഭൂതം ഭാവി വര്‍ത്തമാനങ്ങളും
തീരുമാനിക്കുന്നതെന്താണ്, ഗ്രഹങ്ങളോ അതോ
നക്ഷത്രക്കൂട്ടങ്ങളോ?
ഇത് രണ്ടുമല്ലെന്നെന്റെ പക്ഷം, പക്ഷെ
വരാന്‍ പോകുന്നതിനെ വരച്ചുകാണിക്കുന്ന
ദൈവഹിതം എന്ന് വിശ്വസിക്കാതെ വയ്യ
ഗ്രഹങ്ങളില്‍ നിന്നും ഞാന്‍ പഠിച്ചത്
ഇതൊന്നുമല്ല,
ഭൂതത്തിന്റെ വേദനകളോ
വര്‍ത്തമാനത്തിന്റെ യാദനകളോ
ഭാവിയുടെ ഉല്‍ക്കണ്ഠയോ എനിക്കില്ല
അതുകൊണ്ട് തന്നെ ഞാന്‍ പഠിച്ചത്
അവരെപ്പോലാകാനാണ്
ഒരു നക്ഷത്രമാകാനും, വെളിച്ചം പരത്താനും
കഴിയില്ല എന്നല്ല, പക്ഷെ
എന്‍റെ ചുറ്റും അത്ര വലിയൊരു ലോകം
 എന്നെ മാത്രം ആശ്രയിച്ച് , അത് വേണ്ട
അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഗ്രഹമായ്ക്കോട്ടേ!
എന്റെ ചെറിയ ലോകം, എന്ന്നെ ചുറ്റട്ടെ
സൂര്യനും ചന്ദ്രനും, താരങ്ങളും പോലെ
എന്‍റെ പ്രിയപ്പെട്ടവര്‍
പക്ഷെ ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്തെന്നോ
എല്ലാ ഗ്രഹങ്ങളുടെയും തോന്നല്‍ ഇത് തന്നെ
ലോകം എന്‍റെ ചുറ്റും എന്ന് തന്നെ!

( എല്ലാമനുഷ്യരും കാണുന്നത് തന്‍റെ ചുറ്റുമുള്ള ലോകമാണ്, ലോകത്തിലെ എല്ലാ വസ്തുക്കളും ചുറ്റുപാടാണ് അനുഭവിക്കുന്നത്, ഒരു തരത്തില്‍ എല്ലാവരുടെയും ജീവിതം ഗ്രഹങ്ങലെപ്പോലെയാണ്, ലോകം ചുറ്റുമ്പോഴും നാം കാണുന്നത് നമ്മളെ ലോകം ചുറ്റുന്നതായിട്ടാണ് )

Thursday, 25 October 2012

പുനര്‍ജനി തേടി...


സ്വപ്‌നങ്ങള്‍ മുറുക്കിപ്പിടിച്ചുള്ള വീഴ്ച്ചയിൽ
തകര്‍ന്നത് ജീവിതമായിരുന്നു
ജീവിക്കാന്‍ സ്വപ്‌നങ്ങള്‍ പോരല്ലോ!
മനസ്സിന്‍റെ പല അറകളും തുറക്കാന്‍ പോന്ന
താക്കോല്‍ കൂട്ടം നഷ്ടമായതും
അതേ വീഴ്ചയില്‍ തന്നെ

നെഞ്ചിന്‍റെ ചൂടില്‍ പതിഞ്ഞു കിടന്ന
സ്വപ്നങ്ങളാകട്ടെ ഒരു നുള്ള് വേദനയില്‍
പിടഞ്ഞെണീറ്റപ്പോൾ പറന്നകന്നു
ബാക്കി വന്നത് നഷ്ടബോധങ്ങളും ദിശകളും

അനുഭവ ഭിഷഗ്വരന്മാരുടെ കൈപ്പുണ്യമോ
അതോ അമ്മയുടെ പ്രാര്‍ഥനയോ
മുജ്ജന്മ സുകൃതമോ അതോ യാദനകള്‍
തീര്‍ന്നില്ലെന്ന ദൈവ കല്പ്പനയോ
ജീവന്‍റെ തുടിപ്പുകള്‍ നിലനിര്‍ത്തിയെന്നെ
ഇപ്പോഴും പരീക്ഷിക്കുന്നതെന്തിന്
എന്ന് ഞാന്‍ ആരോടാണ് ചോദിക്കുക

താക്കോൽ നഷ്ടപ്പെട്ട പൂട്ടിയ മുറികളുടെ പൂട്ട്
പലതും ഞാന്‍ തല്ലിപ്പൊളിച്ചു,
മറ്റുപല വാതിലുകള്‍ ചവിട്ടിപ്പൊളിച്ചു
എന്‍റെ കാലുകള്‍ തകര്‍ന്നപ്പോള്‍ പിന്നെ
പലതും തീയിട്ടു കത്തിച്ചൊടുക്കി
ചാരം കലര്‍ത്തിയ മിഴികളില്‍ ഞാന്‍കണ്ട
സ്നേഹത്തിന്‍ നിറം മാത്രം ബാക്കിയായി
എന്നെ നോക്കിച്ചിരുന്നതും പിന്നെ
വെണ്ണിലാവായ്‌ വെളിച്ചം നിറച്ചതും
എന്‍റെ മനസ്സിന്‍ കയത്തില്‍  പെടുന്നതും
നീര്‍ ചുഴികളില്‍ പിന്നെ വലിച്ചെടുക്കുന്നതും
എന്‍റെ കല്പ്പനകളെന്നുമറിഞ്ഞു ഞാന്‍
നഷ്ടമെന്നതില്‍ അര്‍ത്ഥമില്ലെന്നും!

പോയതൊന്നുമെന്റെതല്ലെന്നുള്ള അറിവ്
സത്യമെന്ന് മനസ്സിലാക്കും വിധം
മേനി ഊട്ടി ഉണക്കി മനസ്സിനെ
മരുന്നായ് അരച്ചതോ ദുഃഖ സ്വപ്നങ്ങളെ!
 ഇന്നുഞാന്‍ ചിരിക്കുന്ന ചിരികളില്‍
പരിഹാസത്തിന്റെ ഒലികള്‍ നിങ്ങള്‍ കേട്ടാല്‍
എന്നെ തെറ്റിദ്ധരിക്കരുത് കാരണം
ഇതെന്‍റെ മനസ്സിനോടുള്ള എന്‍റെ പകയാണ്
യുദ്ധം ഒടുങ്ങിയെന്നു തോന്നുമ്പോഴും
ഇനിയൊന്നുമില്ല എന്ന് വിജയി അട്ടഹസിക്കുംപോഴുംതോല്‍വിയുടെ കബന്ധങ്ങള്‍ നിറഞ്ഞ കളത്തില്‍
ചത്ത്‌ ചീഞ്ഞ് കഴുകര്‍ക്കു പോലും അറക്കുന്ന
വികാരങ്ങളുടെ ജഡങ്ങള്‍ പേറി
ഞാന്‍ നടക്കുമ്പോള്‍ മനസ്സില്‍ പ്രതികാരമില്ല
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത
പ്രതാപത്തിനായി ശ്രമിച്ചുതോല്‍ക്കാന്‍ ഞാനില്ല
ഈ രാവും ഒടുങ്ങും, പുതിയ പുലരി വരും
വ്യത്യാസങ്ങളൊന്നുമില്ലാത്ത പുലരി
എങ്കിലുമതിനെ കാത്തു നില്‍ക്കുമ്പോള്‍ ഞാനാശിക്കും
വീണ്ടുമൊന്നു പിറന്നിരുന്നെങ്കില്‍
നിദ്രയുടെതാഴ്വരകളും താണ്ടി ഞാന്‍ തിരയുന്നത്
സ്വപ്‌നങ്ങള്‍ നൂഴുന്ന പുനര്‍ജനി തന്നെ....

(ഒരു മുഴു ഭ്രാന്തന്‍ കവിത)

Tuesday, 23 October 2012

സ്വപ്നാടനം


വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

അകക്കോണില്‍ പുഞ്ചിരിയും ചുണ്ടുകളില്‍ മൂളും
പാട്ടിന്‍റെ മര്‍മരങ്ങളും
പ്രിയ തോഴിതന്‍ മാസ്മര സ്പര്‍ശനം തന്ന ചില
തേനൂറും ഓര്‍മകളും
സ്വപ്നങ്ങളില്‍ വന്നു നിറം പടര്‍ത്തി മറയവേ
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

വരുവാനാകാത്തൊരു ദൂരമിതെങ്കിലും ഞാന്‍
വെറുതെ മൂളുന്നു പ്രതീക്ഷയുടെ പാട്ടുകള്‍!
നിലാവിലും നീ തന്നെ കനവിലും നീ തന്നെ
ഓര്‍മ്മകളിലെ നൊമ്പരമെല്ലാം നീ തന്നെ
എന്നിട്ടുമീ രാവില്‍ എല്ലാമറിഞ്ഞിട്ടും
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

മടങ്ങട്ടെ ഞാന്‍ പ്രിയെ വീണ്ടുമീ രാത്രിയില്‍
പതിവായ സ്വപ്നസഞ്ചാരത്തിനായ്
രാക്കുയില്‍ പാട്ടും നിലാനിന്റെ കുളിരും
ഒരുപോലെ ദുഖം പടര്‍ത്തി നില്‍ക്കേ
എന്‍ പ്രണയ ചിന്തകള്‍ വീണ്ടുമുണരുമ്പോള്‍
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

എന്‍റെ സന്തോഷങ്ങള്‍ ഇന്നൊന്നു കാണാന്‍
നീയിന്നെന്‍ അരികില്‍ ഇല്ലല്ലോ
ഏകാന്തതയില്‍ എന്‍ മനസ്സിന്ടെ നിലവിള-
ക്കാളുമ്പോള്‍ നീ സുഖനിദ്രയിലോ?
നിന്‍ഓര്‍മചില്ലയില്‍ എന്‍വിഷാദത്തോടെ
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

പകരുവാന്‍ കഴിയാതെ സ്നേഹം എന്നുള്ളില്‍
തിങ്ങി നിറഞ്ഞു കവിയും നേരം
തിരമാല പോല്‍ വീണ്ടും ഒഴുകിയെത്തും നീയെന്‍
ഹൃദയത്തിന്‍ ചേര്‍ത്ത കവാടങ്ങളില്‍
നിയെന്‍ വികാരത്തില്‍ തിരയടിച്ചീടുമ്പോള്‍
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

(മനുഷ്യന്‍ പലപ്പോഴും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത് സ്വപ്നങ്ങളിലാണ്‌, ദൈവം മനുഷ്യന് കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ് സ്വപ്നം, അതിന് അതിരുകളില്ല, അതു കൊണ്ടുതന്നെ നാം പലപ്പോഴും അറിഞ്ഞു കൊണ്ടും, സന്തോഷത്തോടെയും സ്വപ്നങ്ങളിലേക്ക് വഴുതി വീഴുന്നു.)


ഗള്‍ഫ്‌


പുതുമഴതന്‍ മണവും പിറന്നോരാ മണ്ണും
പകലിന്‍ വെളിച്ചവും പിന്നെ നിലാവും
പുലരിയുടെ പാട്ടും, പകലോന്റെ ചൂടും
പതിവായ കാറ്റും, പുകപോലെ മഞ്ഞും

പറയുന്നു പലരും അതു തന്നെ സ്വര്‍ഗം
പിറകിലായ്‌ ഞാനും പതറാതെ നില്‍പ്പൂ

പുകയുന്നു ഞാനീ പതിവായ ചൂടില്‍
പുകയുന്ന മണ്ണില്‍ പഴികളില്ലാതെ
മഴയില്ലാതെങ്ങിനെ പുതുമണ്ണിന്‍  ഗന്ധം
മണമാര്‍ന്ന ജീവിതം പോലുമില്ലല്ലോ

പുലരുന്നതിന്‍  മുന്‍പേ പണികള്‍ തുടങ്ങുമ്പോള്‍
പിറകിലെ കാറ്റുനീ തഴുകുന്നതു പോലെ
പല നാള്‍ കഴിഞ്ഞിട്ടും പോകാതത്തുകൊണ്ട്
പരിതാപം കാറ്റിനും തോന്നി തുടങ്ങി

പുലരിയും പാട്ടും, പുകമഞ്ഞിന്‍ കൂട്ടും
നിലാവും നിറങ്ങളും കിളിതന്റെ പാട്ടും
കേള്‍ക്കുന്നു ഞാനെന്‍റെ നെഞ്ചിന്‍റെ ഉള്ളില്‍
കേള്‍ക്കുന്നില്ലാരുമെന്‍ രോദനമോന്നും

വരുമെപ്പോഴെന്നുള്ള ചോദ്യത്തിനും ഞാന്‍
പലയുര് ചൊല്ലിപ്പടിച്ച മറുചോദ്യം
ഇവിടെയല്ലെങ്കില്‍ നാം ഉരുകിത്തീരില്ലേ
അവിടെയെങ്കില്‍ ഞാന്‍ പകച്ചുനില്‍ക്കില്ലേ

ഒരുനാള്‍ ഞാനെത്തും ഈ മരുഭൂമിയെ വിട്ട്
തിരികെവരില്ലെന്ന്‍ വാക്കും കൊടുക്കും
തിരികെ വരുമ്പോഴാ തീരത്ത് നീയും
ചിരിയോടെ വേണമെന്നൊരു മോഹം മാത്രം

സീതയുടെ ചിന്തകള്‍

ജടായു  യുദ്ധംപത്തു പേരുടെ തണ്ടും മിടുക്കും

ഒത്തദേഹത്തിനൊക്കും മനസ്സും

പത്തു പേരോടായ് ഒറ്റയ്ക്ക് വെല്ലും

പക്വബുദ്ധിയില്‍ മണ്ണിൽ അജയ്യന്‍


ശക്തനാണവന്‍ ലങ്കേശ്വരന്‍ തന്‍റെ

കോട്ട കൊട്ടത്തളങ്ങള്‍ക്കുമധിപന്‍

ശക്ത മാനസമെന്തേ വിറച്ചു

സ്നിഗ്ദ്ധയായൊരു നാരിതൻ മുന്നില്‍


ഇത്രയിഷ്ടങ്ങള്‍ വേണ്ടെന്നു വെക്കാന്‍

പത്തു ശിരസ്സിന്റെ ബുദ്ധി വേണ്ടല്ലോ

സ്വസ്സഹോദരിക്കേറ്റപമാനത്തില്‍

വിഷ്ണമാകാതിരിക്കുമോ മാനസം


സ്വന്തമാശ തീർത്തീടുവാനാകുകിൽ

നിന്ദ്യ ദേഹം പുണരാൻ പ്രയാസമോ

വന്ദ്യരായ ഗുരുക്കള്‍ ചൊന്നീടിലും

നിന്ദ കാട്ടിയിട്ടെന്നെക്കവർന്നവൻ


നിഷ്ടകള്‍ക്കൊന്നും കോട്ടം വരാതെയീ

കോട്ടയുള്ളിലായെന്നെ പ്രതിഷ്ഠിച്ചു

ശ്രേഷ്ഠയാം പത്നി മണ്ടോദരിയുടെ

ചേഷ്ടയൊന്നുമേ കണ്ടതില്ലാ വിധംരാജ്യ മോഹിയാം അനുജൻ വിഭീഷണൻ

ചതികളോതി തൻ കൂടെ ഇല്ലെങ്കിൽ

രാമരാവണപ്പോരിന്റെ അന്ത്യത്തിൽ

രാമ വിജയം സുനിശ്ചിതമാകുമോ!


ഒളിവിൽ ചതിയായ് തൊടുത്തൊരു ബാണത്തെ

നെഞ്ചിലേറ്റി പിടഞ്ഞു മരിച്ചൊരു

വീര ബാലിതൻ അനുജനാം സുഗ്രീവൻ

കൂടെ ഇല്ലാതെ യുദ്ധം ജയിക്കുമോ


ദൂതനായ് വന്ന വായു പുത്രൻ തന്റെ

 കുസൃതിയാൽ ലങ്ക ചാമ്പലാക്കീടിലും

മരണ ദണ്ഡന യേകാതെ ദൂതനെ

തിരികെ വിട്ടതും ലങ്കേശ നീതികൾ


ഇത്ര നീതിമാനിത്ര സുലക്ഷണൻ

രാവണൻ തന്റെ റാണിയായീടുവാൻ

ഒന്നു മൂളിക്കൊടുത്തെങ്കിലെന്നു ഞാന്‍

മെല്ലെയാശിച്ചതൊട്ടൊരു പാപമോ?


ഇപ്പോഴീ ഉലകത്തിനുന്മാദ ചേഷ്ടയിൽ

വിട്ട ദേഹവിശുദ്ധിതന്‍ വിശ്വാസം

പത്തുജന്മത്തിനപ്പുറം തീരുമോ

എത്ര ജന്മമെരിഞ്ഞു ഞാന്‍ തീര്‍ക്കണം


ഒറ്റവാശിയിലൊപ്പമിറങ്ങിയോ-

രെന്മനസ്സു നീ കണ്ടിരുന്നൂവെങ്കില്‍

കാട്ടില്‍ ഞാനേറ്റ ദുരിതങ്ങളൊക്കെയും

നാട്ടിലാളോട് ചോല്ലാത്തതെന്തു നീ


ചേര്‍ത്തുവച്ച ഈ പത്തുപൊരുത്തങ്ങള്‍

ഓര്‍ത്തുകാണുമോ എന്നീ അവസ്ഥയെ

എത്രയോര്‍ത്താലുമ്മിവ്വിധമാകുമെ-

ന്നോര്‍ത്തു കാണില്ലയെന്‍ പ്രിയ താതനും


നിര്‍ത്തി വെക്കേണ്ടതില്ലീ പരീക്ഷയെ

അഗ്നിയെന്നെ ദഹിപ്പിച്ചുകൊള്ളട്ടെ

നീറിനീറി ജീവിക്കിന്നതില്‍ പരം

ദീനമായൊരു മൃത്യുവുണ്ടാകുമോ


മറ്റൊരു ജന്മമുണ്ടായിരുന്നെങ്കിൽ

മുന്നിലെന്റെ സ്വയം വരപ്പന്തലില്‍

രാമനും പിന്നെ ലങ്കേശനുമെങ്കില്‍

ആരെ വേള്‍ക്കുമെന്നോര്‍ത്തു പോകുന്നു ഞാന്‍!


Monday, 22 October 2012

തടവില്‍


 
ഇനിയുമുറങ്ങട്ടെ ഞാന്‍ എന്നെ
ഇനിയാരുമുണര്‍ത്തരുതെ
കണ്ണുകള്‍ ഭാരിക്കുമ്പോള്‍
പിന്നെയും ഉറക്കത്തിലേക്കു വീഴുപോള്‍
ചിരിച്ചു ചൊല്ലുന്നു ഞാന്‍
എന്നെയുണര്തരുതെ
ഞാന്‍ എന്‍റെ കണ്ണുകള്‍ക്ക്‌ പിറകെ
ഒളിക്കുന്നില്ല കാരണം പുറത്തല്ലേ
കൂറ്റാകൂരിരുട്ട്
കണ്ണടച്ചാല്‍ നിറയുന്ന വെളിച്ചവും
വര്‍ണക്കാഴ്ച്ചകളും,
എനിക്കിഷ്ടമീയിടമാണ്
ഞാന്‍ ഞാനായി ജീവിക്കുന്നിവിടെ
അവിടെ വെറും കാപട്യങ്ങള്‍
അന്ധത അഭിനയിക്കുന്നവര്‍
അനുഭവിക്കുന്നവരെ ചൂഷണം ചെയ്യുന്നു
കേള്‍ക്കുന്നവര്‍ കേള്‍ക്കാത്തവരായി
ഇടകലരുന്നു
അന്നത്തിനു മാത്രം തുറക്കുന്ന വായ
മൂകനെന്നു സ്വയം വിളിക്കുന്നു
ഇത് ഹിംസയല്ലേ
മിണ്ടാതെ, കേള്‍ക്കാതെ, കാണാതെ
സൌകര്യങ്ങള്‍ക്കൊപ്പം
കൂടപ്പിറപ്പുകളെ കൊക്കയില്‍ തള്ളുന്ന
സംസ്കാരവിക്രിയകള്‍?
എനിക്കുത്തരം കിട്ടിയില്ല
അതുകൊണ്ട് തന്നെ എനിക്കിഷ്ടം
ഉറങ്ങാനാണ്

കണ്ണടച്ച് കിടന്നപ്പോള്‍, മറ്റെല്ലാം മറന്നപോള്‍
സ്വപ്നത്തിന്‍റെ തടവറയില്‍ സ്വയം
കയറി വാതില്‍ അടച്ചപ്പോള്‍
ഞാനും അവരിലൊരാളായി
അറിയാതെ ഞാനും കാണാതെ, കേള്‍ക്കാതെ
മിണ്ടാതെ എന്റെ ലോകത്തേക്ക് പതുങ്ങി
സ്വപ്നലോകത്തേക്ക്!


Friday, 19 October 2012

അഭിലാഷം

വീണങ്ങുടഞ്ഞതെന്‍ സ്വപ്നഗേഹം
പെയ്തതും തോര്‍ന്നതും എന്‍നിര്‍വൃതി
കാര്‍ക്കശ്യമാര്‍ന്നൊരു കല്പ്പനക്കുള്ളില്‍
പൂട്ടിയതെന്‍  ശരീരത്തെമാത്രം

പങ്കിട്ടോരെന്നോമല്‍ സ്വപ്നങ്ങളില്‍ ഞാന്‍
കണ്ടില്ല സാമൂഹ്യ വിദ്വേഷങ്ങള്‍
കണ്ടവരാകട്ടെ കാണാന്‍ മടിച്ചെന്‍റെ
നെഞ്ചില്‍ വിരിഞ്ഞ നിറക്കൂട്ടുകള്‍

പഴിച്ചും പുലമ്പിയും പോര്‍വിളിച്ചും
പിന്നെ കണ്ണീര്‍കുതിര്‍ത്തി നിലവിളിച്ചും
പീഡനവും പിന്നെ കുത്തുവാക്കും
പോയി നശിക്കെന്ന ശാപവാക്കും

അച്ഛന്‍ തന്‍  മാനത്തിന്‍ വിലപറഞ്ഞും
അമ്മ മുലപ്പാല്‍ കണക്കോതിയും
ഉണ്ടചോറിന്നുള്ള നന്ദി പോലെ
ഉപദേശമായ് കുറെ നാട്ടുകാരും

വര്‍ണ്ണനയേറെ വളര്‍ന്നുവന്നു-എന്‍റെ
പ്രിയനുടെ കുറ്റങ്ങള്‍ പൊന്തി വന്നു
ചോല്ലിയോരാരും കരുതിയില്ല 
ഇതിന്നങ്ങനെയൊന്നുമോരന്തമില്ല

ഞെട്ടിത്തെറിച്ചൊരു ജെഷ്ടനാട്ടെ
വിട്ടു ശകടത്തിന്‍ പിന്നിലേറി
വടിവെടിയോ ചെറു പിച്ചാത്തിയൊ
കിട്ടിയാലൊറ്റക്കങ്ങാര്‍ക്കുമാകാം


പോയതില്‍ വേഗത്തിലോടിവന്നു
പോയകാര്യം ചൊല്ലി ആര്‍ത്തലച്ചു
പോയിടത്താകട്ടേ പുകിലുവേറെ
പുരനിറഞ്ഞാളുകള്‍ കൂടിനില്പൂ

കാര്യങ്ങളൊക്കെ പടര്‍ന്നുപോയീ
പോരുകള്‍ ചേരികള്‍ തമ്മിലായി
നല്ലതുചോല്ലുവാനില്ലാരുമേ
നാട്ടുകാരോക്കെയും നാനാവിധം

നായരും തീയരും നമ്പൂരിയും
പറയിയുടെ പിന്മുറക്കാരോക്കെയും
സുന്നി മുജാഹിദീന്‍ മുസ്ലീങ്ങളും
തങ്ങളിന്‍ യോഗങ്ങളോത്തു ചേര്‍ന്നു

നാണമില്ലേയെന്ന ചോദ്യങ്ങളില്‍
നാണിച്ചുനിന്നെന്‍റെ അച്ച്ചനാകെ
നാവുകളായിരമൊത്തു ചേര്‍ന്നു
നീറിപ്പുകഞ്ഞെന്‍റെ ഉള്ളുമാകെ

നാട്ടു പ്രമാണിമാര്‍ അഞ്ചാറുപേര്‍
നാട്യങ്ങളുമായി വന്നുചേര്‍ന്നു
നേരെ വിവാഹം നടക്കണമെങ്കില്‍
നീട്ടിയ വാശികള്‍ തീര്‍ത്തിടെണം

മാറണം മാറ്റമറിഞ്ഞുവേണം
മതശൈലകള്‍ മാറില്‍ നിനച്ചിടെണം
മിന്നു കേട്ടുംമുന്പ് മാറ്റങ്ങളെ
ചൊല്ലി ഉരുവിട്ടങ്ങോര്‍ത്തിടെണം

മാറത്തടിച്ചു നിലവിളിച്ചു അമ്മ
മാറത്തു മെല്ലെയുഴിഞ്ഞു അച്ചന്‍
ദേഷ്യത്തിലായിരുന്നെന്റെ ചേട്ടന്‍
പല്ലുകടിച്ചു മുറിച്ചിരുന്നു

കണ്ടിരിക്കാനെനിക്കായതില്ല കണ്ട
സ്വപ്നങ്ങളാകെയും മാഞ്ഞുപോയി
കാണാത്ത ജീവിതപാതകളെല്ലാമേ
കല്ലുകള്‍ മുള്ളുകള്‍ കഠിനതകള്‍

തേങ്ങുന്നോരമ്മതന്‍ തോളിലായി
ചാഞ്ഞു ഞാന്‍ മെല്ലെ ചെവിയിലോതി
വേണ്ടെനിക്കമ്മേ ഈ വേദനകള്‍- -
കൊണ്ടു നടത്തുന്നോരീ വിവാഹം

ഞെട്ടിപ്പകച്ചമ്മ നോക്കിനില്‍ക്കെ
പൊട്ടിക്കരഞ്ഞു വിതുമ്പി ഞാനും
ചേര്‍ത്തുവെച്ചമ്മതന്‍ മാറിലമ്മ
ചേര്‍ന്നലിഞ്ഞെന്റെ ദുഖത്തിനുള്ളില്‍

അച്ഛന്റെ ആഹ്ലാദവചനങ്ങളില്‍
ആറിതണുത്തുവെന്‍ ജേഷ്ഠ കോപം
വീടാകെ നിശബ്ദമായനേരം
കേട്ടതെന്‍ തേങ്ങലിന്നൊച്ച മാത്രം

മറ്റൊന്നുമേ ഞാന്‍ പറഞ്ഞതില്ല
വിടചോല്ലാനൊരുകണ്ടു മുട്ടല്‍ മാത്രം
ഒന്നുമില്ലെങ്കില്‍ ഞാനഞ്ചാറു കൊല്ലം
നെഞ്ചിലായ് ഏറ്റു നടന്നതല്ലേ

ആരുമറിയാതെ കണ്ടുകൊള്ളൂ
ആരോടും ചൊല്ലാതെ പോയിക്കൊള്ളൂ
അച്ചനുണരുന്നതിന്നു മുന്‍പായ്‌
പോയ്‌ വരൂ എന്നൂ പറഞ്ഞെന്നമ്മ

വിശ്വാസമെല്ലാര്‍ക്കും ഉള്ളതല്ലേ
കാക്കുവാന്‍ ഞാനും ശ്രമിച്ചിടെണ്ടേ
വീട്ടുകാരോടെന്നപോലെ അവനോടും
കാട്ടെണ്ടേ കൂറായി എന്‍റെ സ്നേഹം

പോട്ടിക്കരഞ്ഞില്ല എന്‍റെ തോഴന്‍
ഞെട്ടിത്തരിച്ചെന്നു തോന്നി പക്ഷെ
പൊട്ടത്തരമാണിതെന്നു മാത്രം
തട്ടിക്കയറാതെയോതി മെല്ലെ

കൈകള്‍ രണ്ടും പിടിച്ചെന്നെമെല്ലെ
മാറോടു ചേര്‍ത്തങ്ങണച്ചു പയ്യെ
വേണ്ടെന്നുചോല്ലണോ എന്നുപോലും
തോന്നാതെ നിന്നു ഞാന്‍ കൈകള്‍ക്കുള്ളില്‍

പകര്‍ന്നും പകുത്തും പടര്‍ന്നു കേറി
പിരിയാതെയൊറ്റ ശരീരമായി
വിലയുള്ളതൊക്കെ കൊടുത്തുഞാനും
വിടപിരിയുന്നതിന്‍ വിലയാകട്ടെ!

പിരിയുന്നതിന്‍ മുന്‍പേയൊരു നിമിഷം
ചെറു ചുംബനത്തിനോടോപ്പമോതി
പിരിയുന്നുവെങ്കിലുമെന്നുമുള്ളില്‍
പിരിയാത്തതായിയീ ഓര്‍മ കാണും

നമ്മുടെ കുഞ്ഞു പിറന്നിടട്ടെ
മാലോകരൊക്കെയും കണ്ടിടട്ടെ
ചോര ചുവപ്പെന്നരിഞ്ഞിടട്ടെ
ജാതിമതമില്ലെന്നു ചൊല്ലിടട്ടെ


ഒരു കൊച്ചുസ്വപ്നതിന്‍ വിത്തുമായി
മനസ്സിനുള്ളില്‍ നല്ല ഓര്‍മ്മയായി
വീട്ടിന്‍ പടി ഞാന്‍ നടന്നുകേറി
വീട്ടുകാര്‍ക്കെല്ലാമേ തൃപ്തിയായി

കല്യാണമണ്ഡപത്തിന്റെ ഉള്ളില്‍
ഉള്ളിലെ നീറ്റല്‍ പുറത്തുവന്നു
അരികിലെ പാവമോ എന്തറിഞ്ഞു
പാപത്തെയോര്‍ത്തങ്ങു ഞാന്‍ വിരണ്ടു

മാലകള്‍ പൊട്ടിച്ചെറിഞ്ഞപ്പോഴും
പാത്രങ്ങള്‍ തട്ടിത്തെറിച്ചപ്പോഴും
ഓടിപ്പുറത്തു കടന്നപ്പോഴും
ആളുകള്‍ക്കാര്‍ക്കും തിരിഞ്ഞതില്ല

ഭ്രാന്തുകള്‍ കാട്ടി നടന്നപോകെ
ഭാവിയെയോര്‍ത്തില്ല പിന്നെ ഞാനും
ഭാരമായ് എന്തിനാണീ ജീവിതം
ഭൂമിയില്‍ ഞാനെന്തിനെന്നു ചൊല്ലൂ

ആര്‍ത്തിരചോടുന്ന വെള്ളത്തില്‍ ഞാന്‍
ആഹൂതി ചെയ്യോമ്പോളെന്‍ ജീവിതം
ഓര്‍ത്തതില്ലോന്നുമെന്നീ മനസ്സില്‍ പക്ഷെ
പ്രാര്‍ത്ഥിച്ചു ഞാനെന്‍റെ ഉള്ളിനുള്ളില്‍

ഇനിയുമൊരു ജീവന്‍ തരുന്നുവെങ്കില്‍
ഉണ്ടെനിക്കഭിലാഷമൊന്നു മാത്രം
ചോരയുടെ ജാതിയും സ്നേഹമതവും
ഉള്ളൊരു നാട്ടില്‍ പിറന്നിടെണം

 നിറയണം ജീവിത്തില്‍ മുഴുക്കെ
ഒരുമയും സ്നേഹവും സന്തോഷവും
ഒരുപാടുകാലമെന്‍ പ്രിയരുമൊത്ത്
കൊതി തീരും നാള്‍ വരെ ജീവിക്കണം