Wednesday 12 June 2013

ചിന്താ ബന്ധനം !

പ്രണയമാദ്യം കൊതിപ്പിച്ച നാളില്‍ ഞാന്‍
പൊഴികള്‍ ചൊല്ലി പഠിപ്പിച്ചു ചിന്തയെ
മനസ്സിനിരുളറക്കുള്ളില്‍  തഴുതിട്ട്
പെരിയ താഴാല്‍ ഉറപ്പിച്ചു താക്കോലില്‍
വലിയ നുണയുടെ കല്ലൊന്നു ബന്ധിച്ച്
മനസ്സിനാഴത്തില്‍ മെല്ലെ അടക്കവേ
തെല്ലു വിറയാര്‍ന്ന കൈകളാലൊരുപിടി
മണ്ണ് വിതറി ഞാന്‍ മെല്ലെ നടന്നുപോയ്‌

കാലമേറെ കഴിഞ്ഞുപോയ്‌ നാളുകള്‍
എണ്ണിയെണ്ണിക്കടന്നു വഴികളും
മെല്ലെ ഞാന്‍ വന്നു വഴിപിഴച്ചാവഴി
കണ്ടു പഴയയാ കാരാഗൃഹത്തെയും
എന്‍റെ കൈകളാല്‍ പൂട്ടിയ താഴിനെ
എന്‍റെ കൈകളാല്‍ തന്നെ ഞാന്‍ ഭേദിച്ചു
ഉള്ളില്‍ മേല്ലെയുറങ്ങിക്കിടോന്നോരെന്‍
ചിന്തയെ മെല്ലെ വാരിപ്പുണര്‍ന്നു ഞാന്‍

മെല്ലെ മെല്ലെത്തഴുകിത്തലോടവേ
പിന്‍കഴുത്തിലായ് കേട്ടു നിശ്വാസങ്ങള്‍
പിന്നെയാകെ നനപ്പിച്ചു മേനിയെ
മെല്ലെ മെല്ലെ തുളുമ്പുന്ന കണ്ണുകള്‍
പിന്നില്‍ വന്നൊരു ചോദ്യശരത്തില്‍ ഞാന്‍
മെല്ലെ വീണു പരിക്കേറ്റു ഭൂമിയില്‍
എന്നെ എന്തിനായിങ്ങനെ വഞ്ചിച്ചു
നല്ലനാളുകള്‍ കാണ്മാനയക്കാതെ

ഒന്നുമൊന്നുമേ ചൊല്ലുവാനില്ലാതെ
വിങ്ങിഞാനും വിതുംബുവാന്‍ വയ്യാതെ
കണ്ണില്‍ മിന്നി വിഷാദത്തിന്‍ ഭാവങ്ങള്‍
പിന്നെയോതി വിറയ്ക്കുന്ന ചുണ്ടാലെ
നിന്നെയല്ലാതെയാരെയും ഈ വിധം
കണ്ടുപ്രേമിച്ചതില്ലെന്നറിയുക
വേണ്ടെനിക്കെന്റെ ഹൃത്തിലായ് വേറൊരാള്‍
നിന്നെ മാത്രം പ്രതിഷ്ഠിച്ചോരീയിടം

നിന്നെ മറ്റൊരാള്‍ കൊണ്ടുപോയീടുകില്‍
പിന്നെ ഞാനില്ല എന്റെയസ്ഥിത്വവും
വീണ്ടുമെന്റേത് മാത്രമായ് തീരുക
നീ പിഴക്കാതെ നോക്കുക നീ തന്നെ
നല്ലനാളുകള്‍ വാഴുവാന്‍ നിന്നെ ഞാന്‍
വീണ്ടുമീ മുറിക്കുള്ളില്‍ അടക്കട്ടെ
സ്വര്‍ണവാതിലും താഴും ഘടിപ്പിച്ച്
പഞ്ഞി മേഘക്കിടക്കയുമേകിടാം

എന്‍റെ ഉള്ളിലായെരിയുന്ന നോവിനെ
മേല്ലെയുള്ളില്‍ അടക്കിപ്പിടിച്ചു ഞാന്‍
പിന്നെയും പാവമാമൊരു ചിന്തയെ
മേല്ലെയുന്തിയകത്താക്കി പയ്യെഞാന്‍
പൊട്ടുവീഴാത്ത പൊന്നിന്റെ താഴിനാല്‍
കെട്ടുറപ്പോടെ ബന്ധിച്ചു താക്കോലില്‍
കല്ലുകെട്ടി ചുഴറ്റി യെറിഞ്ഞപ്പോള്‍
കണ്ണുരണ്ടും നിറഞ്ഞതും കണ്ടു ഞാന്‍














Tuesday 11 June 2013

ഒറ്റ മരം

കാട്ടു വേനല്‍ ഉണക്കി ക്കരിച്ചോരെന്‍
നേര്‍ത്ത മേനിയെ നോക്കിഞാന്‍ നില്‍ക്കവേ
കടപ്പാട് : ഗൂഗിള്‍
ഓര്‍ത്തുപോയതെന്‍ നല്ലകാലത്തില്‍ ഞാന്‍
പൂത്തു നിന്നതും കായ്കള്‍ പഴുത്തതും

ചുറ്റിയെന്നെക്കളിച്ച കിടാങ്ങളും
നൃത്തമാടുന്ന വണ്ടും ശലഭവും
ഒക്കെയിന്നെന്റെ ഓര്‍മയില്‍ മാത്രമായ്
സ്വപ്നമാണെന്ന്  തോന്നും വിധത്തിലായ്

മന്ദമാരുതനെന്‍ ഇലച്ചാര്‍ത്തിലൂ-
ടൊന്നു കയ്യാല്‍  തഴുകിക്കടന്നുപോയ്
മെല്ലെ ഞാനുമുലഞ്ഞുപോയ് നാണത്താല്‍
കുഞ്ഞുപൂക്കള്‍ കൊഴിച്ചു ചിരിച്ചു ഞാന്‍

ചുറ്റുമുള്ളോരെന്‍ കൂട്ടു മരങ്ങളില്‍
e - മഷി
മുറ്റുനിന്നതില്‍ ഒട്ടനേകങ്ങളും
വെട്ടിമാറ്റുന്ന കാഴ്ചകള്‍ കണ്ടു ഞാന്‍
ഞെട്ടലോടെ കഴിച്ചെന്‍ ദിനങ്ങളും

പിന്നെയേറെ കടന്നുപോയ് നാളുകള്‍
കണ്ടു തീരാത്ത കാഴ്ചകള്‍ കണ്ടു ഞാന്‍
കണ്ടു തീരുവാന്‍ വേണ്ടിവിധിച്ചതും
വേണ്ടെതില്ലെന്നു തോന്നീ മനസ്സിലും

വെട്ടിവെട്ടിയരിഞ്ഞു കളയുന്നു
തട്ടിയാകെ നിരത്തിപ്പണിയുന്നു
പത്തു പന്ത്രണ്ടു വീടുകള്‍ മേല്‍ക്കുമേല്‍
പച്ചയെന്ന നിറമാകെ മായുന്നു

വെച്ചുകൂട്ടുന്നു  മണ്ണിന്‍റെ ചട്ടിയില്‍
കൊച്ചു ചെടികളെ കാഴ്ച്ചക്കായ്  ചുറ്റുമായ്‌
ഉപ്പിലിട്ടവയാകില്ല  ഉപ്പുപോ-
ലെന്ന ചൊല്ലും മറന്നുപോയ്‌ കാണുമോ

ഇന്നുഞാനീ മതിലിന്നരികത്ത്
നിന്നു ചുറ്റും തിരഞ്ഞു നോക്കീടവേ
കുഞ്ഞു തൈകളല്ലാതെയൊരു മര-
മില്ല കണ്ണുകള്‍ പായുന്ന ദൂരത്തില്‍

താപമേറി വരുന്നു ദിനം തോറും
സൂര്യദേവനും നീരസമാര്‍ന്നുവോ
താങ്ങുവാനെനിക്കേറെനാളാവില്ലെ-
ന്നോര്‍മ്മയെന്നെയിന്നേറെ തളര്‍ത്തുന്നു

നല്ലനാളുകള്‍ പോയ്മറഞ്ഞീടുവാന്‍
കര്‍മ്മമത്തരം ചെയ്തില്ല ഞാന്‍ പിന്നെ
എന്തിനെന്നെ പരീക്ഷിപ്പതീവിധം
എന്ന് ഞാന്‍ ചോദിച്ചീടുന്നതോ പിഴ

വെട്ടി മാറ്റിയെന്‍ വേദന നിര്ത്തീടാന്‍
ഒട്ടു പാടുണ്ടോ മനിതരെ തോന്നിക്കാന്‍
എത്രകാലമെന്‍ കാലമെന്നറിയാതെ
ചത്തു ജീവിച്ച്ചിടാന്‍ വയ്യെന്നറിയുക

ഓര്‍ത്തു ജീവിക്കുവാനുണ്ടോര്‍മ്മക്കൂട്ടിലായ്
ഒട്ടനേകം ഹരിതമാം ഓര്‍മ്മകള്‍
കണ്‍തുറന്നീടാന്‍ ഭയമുണ്ടെനിക്കിന്നു
മെന്ന സത്യം മറച്ചിടുന്നില്ല ഞാന്‍

എത്രയെത്ര ജനനങ്ങള്‍ കണ്ടുഞാന്‍
ഒട്ടനേകം മരണ ദുഖങ്ങളും
ഏത്തണേയെന്‍ മരണമിനിവേഗം
എന്നൊരാശയില്‍ ഞാനും കഴിയുന്നു












Friday 7 June 2013

രോഗാതുരന്‍

മൃഗമുറങ്ങിക്കിടക്കും മനസ്സിലായ്
നിറയെ  മുറിവുകള്‍ കോറിക്കിടക്കവേ
 ( കടപ്പാട് : ഗൂഗിള്‍ )
ചെറു തിരകള്‍ക്കു തീര്‍ക്കുവാനാകുമോ
തുടിതിമര്‍ക്കും കടലില്ലലോസരം

കൊടിയ വേനല്‍ , കിനാവില്‍ തളിര്‍ത്തോരാ
ചെടിയെ മെല്ലെ കരിച്ചു ചുടുമ്പോഴും
മനസ്സു തെല്ലും പിടഞ്ഞില്ലോരിക്കലും
കരളുറപ്പോടെ കണ്ടുനിന്നപ്പോഴും

പകലുമാറി ഇരുളിന്നെയും കാത്ത്
പലരുമീനിഴല്‍ പുറകില്‍ ഒളിക്കുന്നു
വദനസുന്ദരം തന്‍റെ പുറകിലായ്
പലവിധം മുഖം ഭയമുണര്‍ത്തീടുന്നു

മറവി തന്നില്‍ മറച്ചു ഞാന്‍ എന്നുടെ
പിറവി തന്‍റെ പുറകിലെ പുണ്യവും
മതിമറന്നു ഞാന്‍ ആസ്വദിച്ചാടിയീ
ചടുല ജീവിതം ദോഷമാമീവിധം

പുറകെ വന്നവര്‍ ഏറെ ഉണ്ടായെന്റെ
പുറകില്‍ നിന്നും കളിച്ചു രസിച്ചവര്‍
ഇവിടെ ഇന്നുഞാന്‍ എകനായീടുന്നു
പതനമീവിധം പൂര്‍ണമായീടുന്നു.

ഇനിയുമെന്നില്‍ ഭയം ബാക്കിയില്ലെന്ന
തറിയുകെന്നെ നീ നിന്‍ കൂടെ കൂട്ടുക
മരണമെന്തിനീ ഓരോദിനത്തിലും
മതിയെനിക്കിനീ നൊന്തു മരിക്കലും

വിട വിട എന്ന് ചെല്ലുന്നത് കേള്‍ക്കാന്‍
ഇനിയുമാരുമെന്‍ കൂടെയില്ലെന്നതും
അറിയുക നീ മനം നൊന്തു കേഴുവാന്‍
മനിതരില്ലിനി ഭൂവില്‍ എനിക്കായി

( ഒരു എയിഡ്സ് രോഗിയുടെ മനോവ്യാപാരങ്ങളിലൂടെ )













Tuesday 4 June 2013

ഉത്തരാധുനിക ഭ്രാന്തന്‍

 (1)

ഒരു കൊച്ചു മോഹത്തിന്‍ ചിറകേറി ഞാനും
കവിതകളെഴുതിത്തുടങ്ങി
ഒരുപാടു കാലമെന്‍ മനതാരില്‍ സൂക്ഷിച്ചു
പലതും ഞാന്‍ പാടിത്തുടങ്ങി
മനസ്സും ഹൃദയവും മുഴുക്കെത്തുറന്നപ്പോള്‍
മധുരമായ് വാക്കുകളോഴുകി
മിഴികള്‍ തുറക്കാതെ ഒരു വാക്കും മൊഴിയാതെ
പ്രിയരെന്നെ മെല്ലെ തഴഞ്ഞു
എന്‍റെ കവിതയെ തള്ളിപ്പറഞ്ഞു !

(2)

അനിവാര്യമായ മാറ്റത്തോടെ
ഞാന്‍ പിന്നെയും എഴുതിത്തുടങ്ങി
ഹൃദയവികാരങ്ങളെ പൂട്ടിയിട്ട്
നാല് കട്ടിപ്പുസ്തകങ്ങള്‍ തന്‍ വരികള്‍
വരികള്‍ക്കുള്ളില്‍ ഒളിപ്പിച്ച്
തോലിക്കട്ടിക്കൊത്ത തെറിയും ചേര്‍ത്ത്
ഒരു പ്രഹേളിക തീര്‍ത്തു
എരിവും പുളിയും കുറയാതിരിക്കുവാന്‍
ശ്ളീലമല്ലാത്തതൊക്കെയും കുറിച്ചു
അര്‍ത്ഥവും മാനവും കാണുന്നവരുടെ കണ്ണിലല്ലേ?
തിരഞ്ഞും, തിരിയാതെയും നട്ടം തിരിഞ്ഞും
നാണം കെടാതിരിക്കാന്‍ നന്നെന്ന് പറഞ്ഞും
ഒരു നിര ആളുകള്‍ ,
അതില്‍ എന്നെ തള്ളിപ്പറഞ്ഞവരും മുന്‍ നിരയില്‍ !
അഭിനന്ദനങ്ങളുടെ കുത്തൊഴുക്കില്‍ പിന്നെ ഞാന്‍
എന്‍റെ ചങ്ങാടം തുഴഞ്ഞു എങ്ങോട്ടെന്നറിയാതെ മുന്നോട്ട്... !

(3)

 ഇന്ന് ഞാന്‍ എന്‍റെ മാളികയിലെന്‍ കണ്ണാടി കണ്ടു
ഞാന്‍ നഗ്നനെന്നു തിരിച്ചറിഞ്ഞു
അപ്പോള്‍ അവര്‍ കണ്ട വസ്ത്രങ്ങളോ?
മതിമാനാരാണെന്ന് ശങ്കിച്ചുപോയി ഞാന്‍
ചിത്തഭ്രമം രക്തത്തിലലിയാത്ത
ഞാന്‍ തന്നെയാണിവിടെ ഭ്രാന്തന്‍
വേറിട്ട്‌ നില്‍ക്കുന്ന ഭ്രാന്തന്‍
ഇനിഞാന്‍ ഒന്ന് പൊട്ടിച്ചിരിച്ചോട്ടെ
ഒരു ഭ്രാന്തന്‍ ചിരി....
ഹഹഹഹഹ........






Monday 3 June 2013

ഓര്‍ക്കേണ്ടതിലേക്ക്...

മുലപ്പാല്‍ നുണയേണ്ട പ്രായത്തില്‍ മക്കളെ
മുലകീറി ചോര രുചിപ്പിച്ചിട്ടുന്മാദ
നൃത്തം ചവിട്ടിച്ചിടുന്നതിന്‍ പിറകിലായ്‌
ചുടുചോര മണമാല്‍ കൊതിപ്പിച്ച്ചിടുന്നിവര്‍
ചടുലമായ് ചുവടുകള്‍ വെച്ചതിന്നപ്പുറം
ഉടലില്‍ തുടിച്ചിടാന്‍ ഉയിര്‍ നീണ്ടു നില്‍ക്കുവാന്‍
മെല്ലെ തുറക്കുന്ന വായ്‌ നനച്ചീടുവാന്‍
പിന്നെയും നീട്ടുന്നു ചോരത്തുടങ്ങളെ
കണ്കെട്ട് കാട്ടി ചിരിക്കുന്നു ചിന്തുന്ന
ചോരയില്‍ നീന്തിയിട്ടാടിത്തിമര്‍ക്കുന്നു

ഒരുനാള്‍ നിന്‍ ചോരയും ചേരുമീകൂട്ടില്‍
അമ്മയെ നോക്കാതെ അമ്മിഞ്ഞനുകരാതെ
ചോരക്കുമാത്രമായ് നീട്ടിക്കരഞ്ഞും
കടിച്ചും വലിച്ചും തിരഞ്ഞും നടക്കും
അന്നുനീ ഓര്‍ക്കും നിന്‍ അമ്മതന്‍ അമ്മിഞ്ഞ
പാലില്‍ നിനക്കായ് പകര്‍ന്നോരാ വാക്കുകള്‍
നന്നായ് വളരണം ഒന്നായ് വളരണം
അമ്മതന്‍ പൊന്നുണ്ണി നന്മയായ് വളരണം
നാടിന്‍റെ നന്മകള്‍ കണ്ടു പഠിക്കണം
നാടിന്നു നന്മകള്‍ ചെയ്തു വളരണം

അന്നത്തെ നാളിനെ ഇന്ന് നീ കാണുകില്‍
തെല്ലുമേ ഓര്‍ക്കാതെ തെല്ലും ഭയക്കാതെ
നില്‍ക്കണം മുന്നിലായ് കണ്ണില്‍ എരിക്കണം
നേരിന്‍റെ ചൂടിലായ് ചുട്ടൊരു ചാട്ടുളി
നാവായിത്തീരണം സത്യത്തിന്‍ ചാട്ടവാര്‍
മേലെപ്പറഞ്ഞു ധരിപ്പിച്ചിടേണമീ
പിഞ്ചു പൈതങ്ങളെ നല്ല വിധത്തിലായ്
കൊഞ്ചലില്‍ വീഴാത്ത മൂത്ത മൃഗങ്ങളെ
തെല്ലുമേ പാപത്തിന്‍ തോന്നലില്ലാതെ
തല്ലിത്തെളിക്കണം നല്ല വഴിയിലായ്