Thursday, 27 December 2012

ഓര്‍മ്മക്കായ്..

കാറ്റിന്നെന്റെ കാതിലോതും
നേര്‍ത്തൊരീ ഗാനത്തിലും
കേള്‍പ്പൂ നിന്റെ സ്പന്ദനങ്ങള്‍
നിന്‍  സ്വരത്തിന്‍ മാധുര്യവും
ഓര്‍ത്തുപോകുന്നു സഖീ
നമ്മള്‍ ഒത്തു പാടിയോരാ
പാട്ടിന്‍ താള മേളങ്ങളും
ഒത്തുചേര്‍ന്ന നാളുകളും

നിന്‍റെ വിരല്‍തുമ്പ് മെല്ലെ
തൊട്ടാല്‍ പാടും വീണയില്‍
നീ ഉതിര്‍ത്ത നാദങ്ങളും
ഞാന്‍ പകര്‍ന്ന ശീലുകളും
നിന്‍റെ മിഴി ക്കൂട്ടിനുള്ളില്‍
കണ്ടു ഞാന്‍ ഒരു തിളക്കം
അന്നറിഞ്ഞില്ല ഞാന്‍ നിന്‍
സ്നേഹത്തിന്‍റെ തീഷ്ണതയെ

ഇന്നീ ദൂരമത്രയും നടന്ന്
പിന്തിരിഞ്ഞു നോക്കുമ്പോള്‍
എന്‍റെ പിന്നില്‍ നഷ്ടബോധം
മാത്രമെന്നറിഞ്ഞീടുന്നു
ഇന്ന് നീ എവിടെയെന്നു പോലും
അറിയില്ലെനിക്കെന്നാലും
കാത്തിരിപ്പിനെന്തു സുഖം
എന്ന് ഞാന്‍ അറിഞ്ഞീടുന്നു


(ഇതൊരു ഗാനമായി ചിട്ടപ്പെടുത്തിയതാണ്, ഒരു കാമുകന്റെ മനസ്സില്‍ നഷ്ട പ്രണയത്തിന്‍റെ അലകള്‍ സൃഷ്‌ടിച്ച ഒരു ഗാനമാണ് ഈ കവിതയില്‍ വിഷയമാക്കിയിരിക്കുന്നത്, ആലാപനത്തിന് മുന്‍‌തൂക്കം കൊടുത്തിരിക്കുന്നു)ഉയരങ്ങളില്‍ ...!

ഏകനല്ല ഞാന്‍ ഈ മൂകരാത്രിയില്‍
കൂടെയായുണ്ട് നിഴലൊരു തോഴനായ്‌
കാലമിത്രയും താണ്ടി ഞാന്‍ എങ്കിലും
കൂടെ വന്നതീ ഇരുള്‍ മാത്രമല്ലയോ

കാലമുരുളുമ്പോള്‍ കെട്ടിപ്പടുത്തോരീ
കോട്ടയും പിന്നെ കൊട്ടത്തളങ്ങളും
കൂട്ടിനായ് വന്ന കൂട്ടുകാരോക്കെയും
വിട്ടു പോയ്‌ ചിലര്‍ ശത്രുക്കളുമായി

തോളുകള്‍ ഞാന്‍ ചവിട്ടിക്കയറുമ്പോള്‍
തോലുരിഞ്ഞവര്‍ നൊന്തു കരഞ്ഞപ്പോള്‍
കണ്ടതില്ലാത്ത ഭാവം നടിച്ചു ഞാന്‍
കണ്ട സ്വപ്‌നങ്ങള്‍  മുകളിലെ കാഴ്ചകള്‍

ഇന്ന് ഞാന്‍ എന്‍റെ സ്വപ്നലോകത്തെത്തി
നേടിയതൊക്കെ എണ്ണിനോക്കീടവേ
എന്‍ കണക്കുകളൊക്കെ പിഴച്ചെന്നു
ഞാനറിഞ്ഞെന്നെ  ഉള്ളില്‍ പഴിക്കുന്നു

കാലമാകട്ടെ തന്‍റെ വിശപ്പിനാല്‍
കാര്‍ന്നു തിന്നു ചവിട്ടു പടികളും
കാലന്‍ പോലും വരുമെങ്കിലെങ്ങിനെ-
ന്നോര്‍ത്തു ഞാനും കാലമുരുട്ടുന്നു

(വിജയത്തിന്‍റെ ഉത്തുംഗ ശ്രിന്‍ഗത്തില്‍ എന്ന് നാം ധരിക്കുന്ന ഒരാളുടെ മനസ്സിലേക്ക് ഒരു എത്തി നോട്ടം. ഒരു ജീവിത കാലം മുഴുവന്‍ നേടിയതൊക്കെയും ഒന്നുമല്ലായിരുന്നു എന്ന ചിന്ത ജീവിതത്തിന്‍റെ വ്യര്‍ത്ഥതയെ വരച്ചു കാട്ടുന്നു.മലയാളം  ബ്ലോഗ്ഗര്‍ കവിത രചന മത്സരത്തില്‍ സമ്മാനാര്‍ഹമായ കവിത)Monday, 24 December 2012

സര്‍വസ്വംവിശുദ്ധിയുടെ താഴ്വരകളില്‍
ഒറ്റക്കലയുമ്പോള്‍എന്‍റെ മനസ്സില്‍ 
നിന്‍റെ മുഖം മാത്രമായിരുന്നു
ചെന്നായകള്‍ ആക്രമിച്ചപ്പോഴും
എന്നെ കടിച്ചു കീറിയപ്പോഴും
ഞാന്‍ നിലവിളിച്ചത് നിന്‍റെ പേരായിരുന്നു
പിന്നീടെപ്പോഴോ ഒരു നേരത്ത്
ബോധം തെളിഞ്ഞപ്പോള്‍
ആദ്യം ചോദിച്ചതും നിന്നെയായിരുന്നു
ഇന്നീ കിടക്കയില്‍ മരണവും പിന്നെ
ജീവന്‍റെ മാലാഖമാരും 
എനിക്കായി പോരാടുമ്പോള്‍
ഞാന്‍ തിരയുന്ന മുഖവും 
നിന്റെതാണെന്ന് നീ അറിയുന്നോ!


(ഈ കവിത എഴുതുമ്പോള്‍ മനസ്സില്‍ നിറയെ ഡല്‍ഹിയിലെ പെണ്‍കുട്ടി ആയിരുന്നു. അവളുടെ സുഹൃത്തിനെ ആയിരിക്കുമോ അവള്‍ ആ കണ്ണുകള്‍ കൊണ്ട് തേടിയിരിക്കുക? (അതോ ദൈവത്തിനെയോ?))

അവസാന ഇലയും കൊഴിയുമ്പോള്‍ ...

ഞാന്‍ നട്ടു വളര്‍ത്തിയ ചെടിയുടെ
ഒരേ ഒരില മാത്രം ബാക്കി
തോല്‍വിക്കും വിജയത്തിനുമിടയില്‍
ബാക്കിയുള്ളത് ജീവന്‍റെ ഒരേ ഒരില!

ആ ഇലകള്‍ തല്ലിക്കൊഴിച്ചതാണ്
ആദ്യം  കുസൃതിക്കായി
പിന്നെ  കൌതുകത്തിനായി
പിന്നെ വികൃതികള്‍ക്കിടയില്‍
പിന്നെ പകയോടെ
പിന്നെ ക്രൂരതയോടെ
പിന്നെ പരീക്ഷണങ്ങള്‍ക്കായി
പിന്നെയും പല കാരണങ്ങള്‍ക്ക് വേണ്ടി
പക്ഷെ കൊഴിഞ്ഞത് എന്‍റെ ഇലകള്‍ !

കണ്ടിട്ടും പറയാനോ എതിര്‍ത്ത് നില്‍ക്കാനോ
ചോദ്യം ചെയ്യാനോ ശക്തിയില്ലിന്നെനിക്ക്
കാരണം, ആകെ ഒരേ ഒരില മാത്രം ബാക്കി
എന്റെ മരണത്തിനും ജീവിതത്തിനുമിടയില്‍ !

( സാമൂഹ്യ ജീവികളായി പലരുടെയും ആശക്കും ഇഷ്ടത്തിനും അനുസരിച്ച് ജീവിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് തന്നെയാണ് ഈ ഇലകളുടെ നഷ്ടം. പക്ഷെ എന്നെങ്കിലും ഒരു നാള്‍ ആ ദിവസം വരും ആ അവസാന ദിവസം , അന്ന് നാം തലകുനിക്കുന്നത് നമ്മുടെ സ്വന്തം ജീവിതത്തിനു മുന്‍പിലായിരിക്കും,  പൊഴിക്കുന്നത്  സ്വന്തം അസ്ഥിത്വമായിരിക്കും)


Saturday, 22 December 2012

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....


ഇന്നും ഞാനെന്‍ കണ്ണിതളില്‍ നിന്നെ മാത്രം കണ്ടു നില്‍ക്കെ
കണ്ടതില്ല നിന്‍റെ കണ്ണില്‍ നൊമ്പരത്തിന്‍ കിന്നരങ്ങള്‍
ഇന്നുംഞാനെന്‍ തംബുരുവില്‍ മീട്ടിടുന്ന പാട്ടുകളില്‍
ഉണ്ടെന്‍ സ്നേഹത്തിന്റെ ശീലും പിന്നെയല്പം കണ്ണുനീരും

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

കണ്ടു ഞാനീ വെണ്ണിലാവില്‍ നിന്‍റെ മുഖത്തിന്‍ പ്രകാശം
എന്നുമെന്നുമോമനിക്കാനായി മാത്രം എന്‍റെയുള്ളില്‍
വിണ്ണിലേതു കോണിലായിരുന്ന്ന്നാലും എന്റെ സഖീ
രമ്യമായ ജീവിതത്തിന്‍ തേന്‍ മധുരം നീ നുകരൂ

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

എന്‍റെ ഓര്‍മ്മചെപ്പിലിന്നും കണ്‍കുളിരായ് നിന്‍റെ സ്നേഹം
കാതില്‍ കേള്‍പ്പൂ ഒന്നുചേര്‍ന്ന് പാടിയോരാ പാട്ടുകളും
എത്രകാലം മൂടിവച്ചാലും പടര്‍ത്തും വശ്യഗന്ധം
നിന്‍റെ ഓര്‍മ്മകള്‍ വിടര്‍ത്തും പൂവിതളില്‍ നിന്നുമല്ലോ

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

എന്നുമെന്നും നിന്നെയോര്‍ത്തു പാടുന്നു ഞാനെന്‍റെ ഗാനം
എന്നു നീ മടങ്ങി വന്നാലും തുടരാന്‍ എന്‍റെ വീഥി
കണ്ണുകളിലായിരം ചിരാതുകളിന്‍ പൊന്‍വെളിച്ചം
കണ്ടുവെന്നാല്‍ ഓര്‍ക്കുക നീ എന്റെ മാത്രമാണതെന്നും

ഇന്നും ഞാനെന്‍ കണ്ണിതളില്‍ നിന്നെ മാത്രം കണ്ടു നില്‍ക്കെ
കണ്ടതില്ല നിന്‍റെ കണ്ണില്‍ നൊമ്പരത്തിന്‍ കിന്നരങ്ങള്‍
ഇന്നുംഞാനെന്‍ തംബുരുവില്‍ മീട്ടുടുന്ന പാട്ടുകളില്‍
ഉണ്ടെന്‍ സ്നേഹത്തിന്റെ ശീലും പിന്നെയല്പം കണ്ണുനീരും

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

( ഒരു ഗസല്‍ എഴുതാന്‍ നടത്തിയ ഒരു ശ്രമം, ഈണം കൊടുത്തപ്പോള്‍ ഒരു വല്ലാത്ത സന്തോഷം തോന്നി!)Friday, 21 December 2012

നദി

സൂര്യന്‍റെ സ്നേഹവും, കാറ്റിന്‍ തലോടലും
മണ്ണിന്‍ തണുപ്പും വാനത്തിന്‍ കണ്ണീരും
ചേര്‍ന്നോഴുകുന്നു ഞാന്‍ ചേരാനായ് പ്രിയനോട്
ചേര്‍ന്ന് നിന്നിട്ടെന്നും മതിവരാറില്ലല്ലോ!

നിറഞ്ഞും കവിഞ്ഞും വഴികള്‍ പിരിഞ്ഞും
തെളിഞ്ഞും കലങ്ങിയും കുത്തൊലിച്ചാര്‍ത്തും
ഒരു ഭ്രാന്തിയെപ്പോല്‍ കല്ലുകളുരുട്ടിയും
ഒരുപാടു ജീവനെ ഉള്ളില്‍ വളര്‍ത്തിയും

ഉന്മാദിനിയെപ്പോല്‍ തട്ടിത്തെറിച്ചും
ക്ഷീണിച്ചവശയായ് ശാന്തയായോഴുകിയും
കാതങ്ങള്‍ താണ്ടുവാനേറെയുണ്ടിനിയും
ഒഴുകാനുണ്ടോരുപാടു കാലങ്ങളിനിയും

ഭയമുണ്ടെനിക്കിന്നു വഴികള്‍ കാണുമ്പോള്‍
നരനിവന്‍ നെയ്യുന്ന വലകള്‍ കാണുമ്പോള്‍
എന്നെ ഹനിക്കാനായ് കെട്ടുന്നു തടകള്‍
എന്നെ നിലംപതിപ്പിക്കാനായ് കുഴികള്‍

എന്‍ മാറ് മാന്തുന്നു കീറിപ്പറിക്കുന്നു
എന്‍റെ കണ്ഠത്തില്‍ വിഷമൊഴിച്ചീടുന്നു
പണയമായ്‌ വെച്ചെന്നെ ചൂതാടിടുന്നു
വിജയത്തിലും വലിയ തോല്‍വിയേല്‍ക്കുന്നു

പോയകാലത്തിന്‍ നന്നോര്‍മകളുമായി
വേദനയോടെയിന്നോഴുകുന്നു ഞാനും
ഒരുനാളെന്‍ പ്രിയനോട് ചേരാന്‍ കഴിയുമെ-

ന്നൊരു കൊച്ചു മോഹത്തോടോഴുകിടട്ടെ ഞാന്‍

(പ്രകൃതിയുടെ സന്തുലനത്തിലുള്ള മനുഷ്യന്‍റെ കൈകടത്തല്‍, ഒരു നദിയുടെ വ്യാകുലതകലായി ചിത്രീകരിച്ചിരിക്കുന്നു)
Wednesday, 19 December 2012

വിഷ വിത്ത്...!

എന്‍റെ വിത്തുകള്‍ മുളച്ചു
നട്ട ഞാന്‍തന്നെ നനച്ചു
വളമിട്ടു പോഷിപ്പിച്ചു
തഴച്ചു വളര്‍ന്നവ വലുതായി
എന്നോളവും, എന്നിലേറെയും
പൂവിട്ടപോഴും, കായ്ച്ചപ്പോഴും
എന്‍റെ കണ്ണ് നിറഞ്ഞു
ആനന്ദക്കണ്ണീര്‍ !
പിറ്റെന്നൊരു വാര്‍ത്ത കേട്ടു
എന്റെ ചെടിയുടെ കായ വിഷക്കായ
ഒരിളം പെണ്‍കുട്ടിയെ വിഷം തീണ്ടി
നെഞ്ചു തകര്‍ത്ത വിഷം
ചാരിത്രം കവര്‍ന്ന വിഷം
പിന്നെ നാണം കെടുത്തിയ വിഷം
പിന്നെയും പടരുന്ന വിഷം
കരിനീല വിഷം , കാളകൂടം!
ഒരു നിമിഷം പോലുമോര്‍ത്തില്ല ഞാന്‍
വെട്ടി മാറ്റി, ഒറ്റ മുറിക്ക് തന്നെ
പിന്നെ പിഴുതു വേര്
കത്തിച്ചു ചാരം പുഴയിലൊഴുക്കി
പിന്നെ അതിനെ മറന്നു
പിറ്റേന്ന്  അവിടെ ഒരു മുള പൊട്ടി
വിഷക്കായയുടെ മുള!

(നാം വളര്‍ത്തി വലുതാക്കുന്ന പുതിയ തലമുറയുടെ നേര്‍ വഴിക്കുള്ള വളര്‍ച്ച നമ്മുടെ കര്‍ത്തവ്യവും, സമൂഹത്തിനോടുള്ള കടമയുമാണ്. പൊന്നു കായ്ക്കുന്ന മരമായാലും പുരക്കു ചായ്ഞ്ഞാല്‍ മുറിക്കണം എന്നല്ലേ!)കടലിനോടു പറയാനുള്ളത്...!

നിന്‍റെ പാട്ടും താരാട്ടും എന്നെ ഉണര്‍ത്തിയിട്ടെ ഉള്ളൂ

നിന്‍റെ ചിരിയും കളിയും ഞാന്‍ വെറുത്തിട്ടേ ഉള്ളൂ

നിന്‍റെ ക്രോധം ഇന്നുമൊരു ഭീതിയാണ്

മനസ്സില്‍ നിന്‍റെ മടിത്തട്ടൊരു യുദ്ധക്കളവും

തന്നു നീ നല്ല ചില കൂട്ടുകാരെ പിന്നെ

തന്നു നീ ഒരുപാട് ലോക ജ്ഞാനം

തന്ന് നീ കാണിച്ചു ജീവിതത്തില്‍ വില

തന്നതില്‍ ഞാന്‍ നന്‍കൃതാര്‍ത്ഥനല്ലോ

രാവേറെ വൈകീട്ടും നേരം പുലര്‍ന്നിട്ടും

മാറാത്ത ,മായാത്തോരോര്‍മയായ് നീ

ഇന്നു ഞാന്‍ എന്നിട്ടുമിവിടെ ഇരിക്കുന്നു

നിന്‍ മടിത്തട്ടിലെ ഓര്‍മകളുമായി

( കടലിനോട് വിട പറഞ്ഞ ഒരു നാവികന്‍ !)

Monday, 17 December 2012

വഞ്ചന

നിന്‍റെ വിരല്‍ തുമ്പുകള്‍
ആദ്യമായ് എന്നെ  തൊട്ടപ്പോള്‍
ഞാന്‍ ഭയന്ന് പോയി
നീ ഇനി എന്റെതല്ലാതായാല്‍
എന്‍റെ അടുത്ത കാമുകിയോടുള്ള
വഞ്ചനയാകില്ലേ ഇത്?
( ഒരു ഭ്രാന്തന്‍ കുഞ്ഞിക്കവിത)

യുദ്ധം

ഈ മണ്ണിന്റെ ചുവപ്പില്‍ നിന്‍ ചുടുചോര
തുപ്പുന്ന മുഖമോര്‍ത്തു തേങ്ങിക്കരഞ്ഞു ഞാന്‍
എന്തായി വളരണം മകനെ 
നിനക്കെന്തായി തീരണം മകനെ
കൊഞ്ചുന്ന പ്രായതിലെന്നും ഞാന്‍
കൊഞ്ചിച്ചു ചോദിച്ച ചോദ്യം
പുഞ്ചിരിതൂകി കളിച്ചു നടന്നോരെന്‍
കുഞ്ഞിന്നെനിക്കുത്തരം തന്നു
എനിക്ക് സ്വതന്ത്രനാകണം അച്ഛാ
ഈ ഭ്രാന്തമായ ലോകത്തു നിന്നും
എന്നെന്നേക്കുമായി സ്വതന്ത്രനാകണം!

(വിജയത്തിന്‍റെ മറുപുറം തുറന്നു കാണിക്കുന്ന ഈ കവിത പാലസ്തീന്‍ യുദ്ധത്തില്‍ നിന്നും കടമെടുത്തൊരു ആശയമാണ്)

സ്വാതന്ത്ര്യം

ചോര വീണുനനഞ്ഞ മണ്ണില്‍
ഒരു ചെടി മുളച്ചു വളര്‍ന്നു പൂവിട്ടു
ആ പൂവിന്‍റെ ഗന്ധവും പുതിയതായിരുന്നു
സ്വാതന്ത്ര്യത്തിന്റെ ഗന്ധം !

(ഭ്രാന്തന്‍ ചിന്തകളിലെ കുഞ്ഞു കവിത)

Saturday, 15 December 2012

ശാപമോക്ഷേം ..!

ഒരു പുഞ്ചിരിയോടെയൂട്ടി വളര്‍ത്തിയ
സഖിതന്‍ മനസ്സിന്‍റെ നന്മകളില്‍
കനിവിന്റെ വറ്റാത്ത മിഴിയിണക്കുള്ളിലായ്
കണ്ടു ഞാന്‍ ദുഖത്തിന്‍ കടലലകള്‍
കാലമേറെ കടന്നുപോയിട്ടും ഞാന്‍
തീരെ മറക്കാഞ്ഞതെന്തേ സഖീ
ലോകത്തിലാദ്യമായ് ഞാന്‍ കണ്ട കാഴ്ചയില്‍
നിന്മുഖം ഏറ്റവും പ്രിയമാര്‍ന്നതാം

പുലരിതന്‍ മൃദുലമാം കൈതഴുകലുകളില്‍
ചെറുതായി മെല്ലെ വിടര്‍ന്നു ഞാനും
ചെറുചൂടിനാലെന്റെ കുളിരുമാറ്റി
ഉണര്‍ത്തിയോരര്‍ക്കനെ കണ്ടു നില്‍ക്കെ
നിറമേഴുംകുപ്പായവും ധരിച്ചെന്നുടെ
അരികിലണഞ്ഞു നീ കൌതുകത്താല്‍
ഒരു തവണ മെല്ലെ ചിരിച്ചു കാട്ടി
പിന്നെയമ്മയെ കൂട്ടി അടുത്തുവന്നു

കാലങ്ങള്‍ ഏറെ കടന്നുപോയപ്പോളെന്‍
കൂടെയായ് നീയും വളര്‍ന്നു വന്നു
ബാല്യ കൌമാരങ്ങള്‍ വഴിമാറിയപ്പോഴും
തോഴിയാം എന്നെ മറന്നില്ല നീ
മൃദുലമാം എന്മേനി പൂവിട്ടനേരത്ത്
നാണത്താല്‍ ഞാനും തലകുനിച്ചു
ഋതുമതി എന്നോട് ചേര്‍ന്നു നീ നിന്നപ്പോള്‍
വെറുതെ ഞാന്‍ പലതും കിനാവുകണ്ടു

ഉണ്ണിക്കിടാങ്ങളെന്‍ പൈതങ്ങളായ്
മെല്ലെ മെല്ലെ കിളിര്‍ത്തു മുളച്ച നേരം
അമ്മയാകുന്നതിന്‍ രോമാഞ്ചമുള്ളില്‍ ഞാന്‍
മെല്ലെ അടക്കി ഉലഞ്ഞു നില്‍ക്കെ
അരികില്‍ വന്നെന്‍ ചോട്ടില്‍ സ്നേഹത്തിന്‍
മുത്തുകള്‍ ജലധാരയായ് നീ പകര്‍ന്നു തന്നു
തഴുകീ കിടാങ്ങളെ ഒരു പാട് വാത്സല്യം
തന്നു നീ ഞാന്‍ കണ്ടു ധന്യയായീ

പൂത്തും കായിട്ടും കുറെ നാളുകള്‍ ഞാന്‍
സന്തോഷത്തോടെ വളര്‍ന്നു നിന്നു
വീടിന്‍ സ്നേഹത്തില്‍ വളര്‍ന്നോരെന്‍റെ
ലോകത്തിന്നതിരുകള്‍  വിസ്തരിച്ചു
മതിലുന്നുമപ്പുറം കാഴ്ചയെത്തീ എന്‍റെ
മനമാകെ ആകാംഷാഭാരിതമായി
പുതിയ ലോകങ്ങളെ കാണ്മതിന്നായ്‌
തുടികൊട്ടി നിന്നെന്‍ മനസ്സ് പിന്നെ

അച്ഛനും അമ്മയും ജേഷ്ഠനോരുത്തനും
നീയും നിറഞ്ഞ കുടുംബമോന്നില്‍
വന്ന  ദിനത്തിനെ ഓര്‍ത്തിടുമ്പോള്‍
സ്തുടിപാടിനില്‍ക്കൂ ഞാന്‍ ഈശ്വരനെ
പതിവായ സ്നേഹത്തിന്‍ പ്രതിഫലമായ്
പതിയെ ചെരിഞ്ഞു മറച്ചു മെല്ലെ
സഖിതന്‍ ഗൃഹതിന്ടെ രക്ഷകനായ്
പുര മേലെ മെല്ലെ ചെരിഞ്ഞു നിന്നു

വിധി വിളയാട്ടം വിരിച്ച നേരം
വഴിയിലായ് വന്നതോ നിന്റെയച്ചന്‍
ദേഹം തളര്‍ന്നവര്‍ വീണു പോയി
കൂടെ തകര്‍ന്നുപോയെന്‍ ഹൃദയം
തിരികെ വരില്ലെന്ന് ചൊല്ലി മെല്ലെ
തോറ്റു തലതാഴ്ത്തി വൈദ്യശാസ്ത്രം
തോറ്റു കൊടുത്തിടാന്‍ ആയിടാതെ
ഏറ്റു പിടിച്ചു വഴികളൊക്കെ

പൂജാ മന്ത്രാദികള്‍ ഏറ്റു നോക്കി
അമ്പലത്തിണ്ണ നിരങ്ങി നോക്കി
എണ്ണ കുഴമ്പുകള്‍ മാറി മാറി
ലാട വൈദ്യങ്ങള്‍ പോലും ശ്രമിച്ചു നോക്കി
പ്രശ്നങ്ങള്‍ ഏറെ വളര്‍ന്നു പോകെ
പ്രശ്നം വെച്ചുനോക്കാനായ് ശ്രമിച്ചു നോക്കി
വെക്കാനായ് വന്നവരോ പ്രശസ്തന്‍
ചൊന്നാല്‍ അച്ചട്ടെന്നാണ് നടപ്പ് വാര്‍ത്ത

വെറ്റിലയൊന്നു മുറുക്കിക്കൊണ്ടും തന്‍റെ
കൈകള്‍ രണ്ടും പിന്നില്‍ ചേര്‍ത്ത് കൊണ്ടും
വീട് ചുറ്റിക്കണ്ടു ചതുരനവന്‍
എന്മുന്പില്‍ നിന്നൊന്നു പുഞ്ചിരിച്ചു!
വെറ്റില പാക്ക് ചവച്ചു തുപ്പി എന്‍റെ
വേരിന്‍ കടക്കലായ് പിന്നെ ചൊല്ലി
കണ്ടില്ലേ ചാഞ്ഞു പുരക്കു മീതെ
കടച്ചക്ക, ദോഷങ്ങള്‍ പിന്നേറെ വേണോ?

വെട്ടണമിതിനെ ഉടന്‍ തന്നെയായ് നിങ്ങള്‍
കേട്ടില്ലേ നാട്ടിലെ പഴയ ചൊല്ല്
കടച്ചക്ക പുരക്കുമേല്‍ ചാഞ്ഞുപോയാല്‍
നിശ്ചയം നാഥന്നു ഹീന ഫലം
കേട്ടതും പല്ല് കടിച്ചു കൊണ്ട്
കത്തിയും കയ്യിലായ് ഓടി വന്നു
ചേട്ടനെന്തെന്തൊക്കെ ചെയ്തെങ്കിലും
ദോഷം പറയില്ല നാട്ടുകാരും

വെട്ടുകള്‍ നാലഞ്ചു വെട്ടി പക്ഷെ
ദേഷ്യമതു തീര്‍ന്നു പോയി കൂടെ
കണ്ണില്‍ നിന്നും വീണ കണ്ണുനീരോ
ഉണ്ട ചോറിന്നു നന്ദിയായ് കരുതിടട്ടെ
ദക്ഷിണ വാങ്ങി പിരിഞ്ഞു വിദ്വാന്‍
കൂട്ടം കൂടിയോരോക്കെയും നീങ്ങി മെല്ലെ
ആയുധങ്ങള്‍ കൊണ്ട് വന്നീടുവാനായ്
ചിലര്‍ പോയീ തിരിച്ചു വന്നീടുമിപ്പോള്‍

അച്ഛന്‍ തന്‍ നിശ്ചലമായ കയ്യില്‍
മെല്ലെ പിടിച്ചു ചൊല്ലീയെന്‍ സഖീ
എന്‍റെ മരത്തിന്‍റെ ദോഷമത്രേ
അച്ഛനെന്നോട് കൂടി ക്ഷമിച്ചിടേണം
മെല്ലെ മുറുക്കിപ്പിടിച്ചു അച്ഛന്‍
ആ മകളുടെ കൈകളില്‍ വിറയലോടെ
പതറിയ ശബ്ദത്തില്‍ മെല്ലെയോതി
വെട്ടേണ്ടതൊന്നുമില്ലാ മരത്തെ!

അശ്രുക്കള്‍ ഓടി നടന്നു വീട്ടില്‍, കൂടെ
മിത്രങ്ങള്‍ ബന്ധുക്കള്‍ നാട്ടുകാരും
മെല്ലെയാ കട്ടിലിലിരുന്നു കൊണ്ട്
താതന്‍ മൊഴിഞ്ഞു കൂട്ടത്തിനോടായ്
വെട്ടരുത് നാം ഈ മരങ്ങള്‍ ഏതും
വെക്കാനായ് വ്യഗ്രത കാട്ടിടേണം
മാനവര്‍ മേലെ ഈ കാലത്തില്‍ നാം
കാണണം വൃക്ഷങ്ങള്‍ തന്‍ മേന്മയും


ഇനി ഞാനൊരിക്കലും വേദനിപ്പിക്കില്ലെന്ന
ശപഥം ഞാന്‍ ചേട്ടന്‍റെ കണ്ണില്‍ കണ്ടു
വെറുതെയാ പാവത്തെ വേദനിപ്പിചെന്ന
വ്യഥ കണ്ടു അമ്മതന്‍ കണ്ണുകളില്‍
വിധി മാറിപ്പോയോരാ വഴിയോര്‍ത്ത് ഞാനും
വെറുതെയെന്‍ വേദനയെ മറന്നു

ഇനിയും അടങ്ങാത്ത ദുരിതത്തിന്‍ ഓര്‍മ്മതന്‍
വിറയലില്‍ മെല്ലെ പകച്ചു നിന്നു


ഞെട്ടിത്തരിച്ചു നില്‍ക്കുന്നോരെന്‍ മുന്നിലായ്
പെട്ടന്ന് വന്നു നീ ഇഷ്ടത്തോടെ
അച്ഛന്റെ സ്നേഹം പകുത്തുപോയെങ്കിലും
കഷ്ടങ്ങള്‍ മാറ്റിയ തോഴിയല്ലേ!
വെട്ടേറ്റു വീണയെന്‍ കുഞ്ഞു കായ്കനികളും
ഞെട്ടട്ട ഇലകളും നോക്കി നില്‍ക്കെ
തഴുകിയെന്‍ മുറിവുകള്‍ ഇരു കൈകളാലും
മരമെന്നും വരമാണെന്നോര്‍ത്തിരിക്കാം!

(അന്ധവിശ്വാസങ്ങള്‍ ഒരു കടച്ചക്ക മരത്തിന്‍റെ കണ്ണിലൂടെ!)

Wednesday, 12 December 2012

മരണം

നിശബ്ദതയുടെ താഴ് തകര്‍ത്ത്
എന്റെ ജീവിതത്തില്‍ നീ വന്നു
താണ്ടിയ ദൂരമിതത്രയും മുന്നില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു
കനവിലും നിനവിലും കണ്‍മിഴിക്കൂട്ടിലും
ഈ നിലാമഴയിലും കുളിരിലും
മിഴിയടച്ചാ ലും തുറന്നാലും
നിന്‍ മുഖചിത്രംകണ്‍ മുന്‍പില്‍!
കാണുന്നതെല്ലാം സത്യമെങ്കില്‍
സ്വപ്‌നങ്ങളെന്നോന്നുമില്ലേ?
എങ്കിലും അങ്ങനെ വിശ്വസിക്കുമ്പോള്‍
മനസ്സിന്ടെ നനുത്ത കോണുകളില്‍
ആദ്യം വരുന്നത് നീ തന്നെ
കണ്ണടച്ചാല്‍ കേള്‍ക്കുന്നത്
നിന്ടെ പതുപതുത്ത കാലൊച്ച
കാറ്റില്‍ പടര്ന്നു വരുന്ന നിന്ടെ ഗന്ധം
മെല്ലെ മെല്ലെ ഞാന്‍ നിന്നെ
ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു
ഈ ലോകം വിട്ട് നിന്കൂടെ വരാന്‍
ഒരു നീണ്ട യാത്ര പോകാന്‍
മനം തുടിക്കുന്നു, വെമ്പുന്നു
തിരിച്ചു വരവില്ലാത്ത യാത്ര
അനന്തമജ്ഞ്യാതമായ യാത്ര!

( മരണം എന്ന അജ്ഞത ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ അനുഗ്രഹമാണ്, പക്ഷെ മരണം സന്നിഹിതവും, ആസന്നവുമാവുമ്പോള്‍ മനസ്സ് അതിലേക്കു ഓടിയടുക്കാന്‍ വെമ്പുന്നു, ജീവിതത്തില്‍ നിന്നും ഉള്ള ഒളിച്ചോട്ടം മനുഷ്യനെ ഈയാം പാറ്റകള്‍ ആക്കി മാറ്റുന്നു)


Wednesday, 5 December 2012

ഭൂമി വിധിക്കുന്ന നേരം...

മാപ്പില്ല നിനക്കെന്‍ മകനെ
എന്റെ നീതിപീoത്തില്‍ ഇനി മേല്‍ !
ഞാന്‍ എഴുതിയ നിയമകുരുക്കുകളില്‍
പിടഞ്ഞു തീരാനാണ് നിന്ടെ വിധി
 ഇന്ന് ഞാന്‍ വായിക്കുന്നു വിധി
നിന്റെയും നിന്റെ കൂട്ടുപ്രതികളെയും
മറ്റനേകം കുറ്റവാളികളെയും
അറിഞ്ഞും അറിയാതെയും
നിന്ടെ പാപത്തിന്റെകനി
ഭക്ഷിച്ചവരെയും കൂട്ടില്‍ നിര്‍ത്തി
നിന്ടെ മേല്‍ ഞാന്‍ ചുമത്തുന്നു
മോഷണം എന്ന കുറ്റം,
ഒന്നല്ല, ഒട്ടനേകം മോഷണങ്ങള്‍ !

കള്ളത്തരവും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും
കൊള്ളവിലയും മായവും മറിച്ചു വില്‍പ്പനയുമായി
പട്ടിണി പാവങ്ങളുടെ ഒരു നേരത്തെ
ഭക്ഷണത്തിനുള്ള അവകാശം നീ മോഷ്ടിച്ചു

നിന്റെ, പണം കായ്ക്കും മരങ്ങളുടെ ഉദ്യാനത്തിലെ
അകത്തള ചിമ്മിനികളില്‍ നിന്നുയര്‍ന്ന പുക
കാറ്റിനെപ്പോലുംവിഷമയമാക്കിയപ്പോള്‍
ശുദ്ധവായു ശ്വസിക്കാനുള്ള
അവകാശം കൂടി നീ തട്ടിപ്പറിച്ചു

കത്തിയും തോക്കും നരഹത്യയും പിന്നെ
രാഷ്ട്രീയ മെന്നുള്ള നാടകവും,
ചേരിപ്പോരുകളും കൊല്ലും കൊലവിളിയും
നാട്ടിലെങ്ങും നീ നടത്തുമ്പോള്‍
ഒരു സാധാരനക്കാരന്റെ സ്വസ്ഥമായി
ജീവിക്കാനുള്ള അവകാശം നീ മോഷ്ടിച്ചു

സൃഷ്ടിയുടെ പരമ സത്ത മനസ്സിലാക്കാതെ
ഇണചേര്‍ന്ന് ആനന്ദിച്ചതിന്‍  ശേഷം
ഗര്ഭച്ഹിദ്രങ്ങള്‍ കച്ചവടമാക്കി, ഒരു കുഞ്ഞിന്റെ
പിറക്കാനുള്ള അവകാശം നീ  കവര്‍ന്നെടുത്തു

അവിഹിതവും വ്യഭിചാരവും നടത്തി
സദാചാര ബോധങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍
നിന്ടെ വീര്യം തുപ്പിക്കളഞ്ഞതില്‍ കുരുത്ത
ജന്മത്തെ തള്ളിപ്പറഞ്ഞപ്പോള്‍
അച്ഛാ എന്നുവിളിക്കാനുള്ള അവകാശം മോഷ്ടിച്ചു

ചൂഷണം ചെയ്തും നുണ പറഞ്ഞും പിന്നെ
താളത്തിനോത്ത് തുള്ളിയും, ഒരുപാട്
സൂത്രങ്ങള്‍ കാണിച്ചും കണ്കെട്ടിയും
സത്യമറിയാനുള്ള അവകാശവും നീ കവര്‍ന്നു

അവകാശങ്ങളുടെ മോഷണം
നിനക്കൊരു ഹരമായിരുന്നോ?

ഇന്ന് നീ ഈ നില്‍ക്കുന്ന കോടതി
സത്യത്തിന്റെ സ്വന്തമാണ്
ഇതില്‍ വിധിക്കുന്ന വിധി
നിന്ടെ അവകാശങ്ങളോ ജീവനോ,
മറ്റൊന്നുമോ കവര്‍ന്നെടുക്കില്ല
മറിച്ച്, നിന്നെ ഞാന്‍ തുറന്നുവിടും
നിന്ടെ, നീ തന്നെ നിശ്ചയിച്ച വിധിയിലേക്ക്

ദുഷിച്ചവായു ശ്വസിച്ചു ചുമച്ചും
മാരക മായങ്ങള്‍ ഭക്ഷിച്ചും
അനീതി സഹിച്ചും, ഭയന്നും
ആട്ടും തുപ്പും സഹിച്ചും , കരഞ്ഞും
ജന്മമൊരു ബാധ്യതയെന്നരിഞ്ഞും
തന്റെ മാതാപിതാക്കളെ തള്ളിപ്പരഞ്ഞും
സ്വന്തം മക്കളുടെ അവജ്ഞ ഏറ്റുവാങ്ങിയും
രാഷ്ട്രീയ പേക്കൊലങ്ങളെ സഹിച്ചും
അവസാനം പണം തിന്നാനാകില്ല എന്നും
കൊണ്ടുപോകാനാവില്ല എന്നും  ഉള്ള
അറിവില്‍ ചുട്ടു നീറിയും
മെല്ലെ മെല്ലെ നീ മരിക്കും!

 അന്ന് നീ ഓര്‍ക്കും
എന്റെ നീതിയെ , എന്റെ ധര്‍മത്തെ
എന്നെ നിനക്കായി ഹോമിച്ച
എന്‍റെ സ്വന്തം ധര്‍മത്തെ !

( മനുഷ്യന്‍റെ കൈകടത്തല്‍ കൊണ്ട് ദുഷിച്ച ഭൂമിയില്‍ ജീവിക്കുക എന്നത് തന്നെയാണ് നാം നമ്മുടെ പാപങ്ങള്‍ക്ക്‌ എട്ടു വാങ്ങുന്ന ശിക്ഷ എന്നത് ഒരു സത്യമാണ്. കവിതയില്‍ ഭൂമി മനുഷ്യരുടെ ശിക്ഷ വിധിക്കുന്നു ( ഇ മഷിയില്‍ പ്രസിദ്ധീകരിച്ച കവിത))

Wednesday, 21 November 2012

സമയം

എന്താണ് സമയം?
പോകാത്ത സമയത്തെയൊരു നേരമ്പോക്കിനായ്‌
ഞാന്‍ തന്നെ ചോദിച്ച ചോദ്യം
വാച്ചുകള്‍ കാട്ടുന്നതാണോ സമയം
വാചില്ലേല്‍ സമയമില്ലെന്നോ?
വാച്ചുകള്‍ സമയമളക്കാന്‍ വേണ്ടി
നാം തന്നെ നിര്‍മ്മിച്ച സൂത്രം
ദിവസക്കണക്കുകള്‍ ആണോ
അതോ മാസത്തിന്‍ നാളുകളാണോ
ഇനി കൊല്ലത്തിലാകെയായാണോ
ഈ സമയമെന്നാരിന്നു കണ്ടു!
ഒരുവട്ടമീഭൂമി തലചുറ്റി തിരിയുമ്പോള്‍
ഒരു ദിനമെന്നു നാം കൊണ്ടാടുന്നു
ഒരു ദിനത്തില്‍ ചുറ്റല്‍ മേല്ലെയായെങ്കില്‍
സമയത്തിന്‍ നീളമതെന്തായിടും?

Sunday, 11 November 2012

സൂര്യപ്രഭാവലയത്തില്‍ ...

നിന്റെ തീഷ്ണ കിരണങ്ങള്‍ എന്നെ നോവിച്ചിരുന്നു
ഇളം മേനിയെ ഒരായിരം സൂചികള്‍ പോലെ
വര്‍ഷങ്ങള്‍ ഞാനാ ചൂടേറ്റു വാടിക്കരിഞ്ഞു
തളര്‍ന്നു ക്ഷീണിച്ചു വീണുറങ്ങി അമ്മയുടെ മടിയില്‍
സ്നേഹത്തിന്റെ തീജ്വാല കഠിനം തന്നെ!
എനിക്ക് കരുത്തേകിയതും തീയില്‍ കുരുപ്പിച്ചതും
ശക്തനാക്കി വളര്‍ത്തിയതും നീ തന്നെ
അമ്മയുടെ സ്നേഹലാലനങ്ങല്‍ക്കിടയിലും
കരുതലില്ലാത്ത അവസരങ്ങല്‍ക്കിടയിലും
തെറ്റിപ്പോകാനിടയുള്ള വഴിയനേകങ്ങളിലും
നീ പതിപ്പിച്ച എന്റെ തന്നെ  നിഴലിന്റെ ദിശ
എനിക്ക് എപ്പോഴും വഴികാട്ടിയായി കൂടെ നിന്നൂ
നിന്ടെ ചൂട് ഉള്ക്കരുത്തായി എന്റെ കൂടെ ഇന്നും ഉണ്ട്
നിന്ടെ സ്നേഹമന്നെനിക്കസഹ്യമായിരുന്നെങ്കിലും
ഇന്ന് ഞാനതൊരുപാട് ആസ്വദിക്കുന്നു
ആ സാന്നിധ്യത്തിന്റെ ആവശ്യം ഇന്ന് മനസ്സിലാകുന്നു
ഈര്‍പ്പമില്ലാത്ത മനസ്സിലും
പൂപ്പല്‍ പിടിക്കാത്ത ചിന്തകള്‍ക്കും
നന്ദി എന്നും നിന്റെ സാമീപ്യത്തിനോട് തന്നെ
നീയോരുക്കിയ മണ്ണില്‍ നട്ടുനനച്ച പച്ചപ്പിന്നെനിക്ക്
തണലും തളിരും ഫലങ്ങളും പൂക്കളും നല്‍കുന്നു
എന്റെ ഉദ്യാനത്തില്‍ നിന്നും ഉയരുന്ന
കാഴ്ചയും സുഗന്ധവും നിറവും മണവുമെല്ലാം
നീ ഒരുക്കിത്തന്ന സൌഭാഗ്യങ്ങളെന്നറിയുന്നു ഞാന്‍
ഇനിയുമൊരു വസന്തം വിടര്ന്നുലഞ്ഞാലും
ശിശിരത്തിന്റെ കുളിര്‍ക്കൈകള്‍ തഴുകിയാലും
മാരിവില്‍ക്കാഴ്ചകള്‍ കണ്കുളിര്‍പ്പിചാലും
എനിക്കിഷ്ടം നിന്റെ കൈവലയങ്ങള്‍ തന്നെ
ആ സൂര്യപ്രഭാ വലയങ്ങള്‍ !


(എന്റെ സ്നേഹമയനായ അച്ഛന് സമര്‍പ്പിക്കുന്നു ഈ കവിത!)

Friday, 2 November 2012

കാര്‍മേഘങ്ങള്‍ അകലുമ്പോള്‍

ഇന്ന് ഞാന്‍ ആസ്വദിക്കുന്ന ഒരു കാഴ്ചയുണ്ട്
പെയ്യാതെ അകന്നു പോകുന്ന നിറമേഘങ്ങള്‍ , പക്ഷെ
ഒരിക്കല്‍ അവന്‍ എനിക്കും പ്രിയമുള്ളവനായിരുന്നു
ജീവനോപ്പം ഞാന്‍  സ്നേഹിച്ച മഴയുടെ കാമുകന്‍

ചിരിച്ചല്ലസിച്ചും കളിച്ചുട്ടഹസിച്ചും ആര്‍ത്തുവിളിച്ചും
പിന്നെ ഒരു തേങ്ങലായും എന്‍റെ കൂടെ വന്ന മഴ!
അമ്മയുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി കിടക്കുമ്പോള്‍
അതിന്‍റെ തണുപ്പ് എന്നെ താലോലോച്ചു
അച്ഛന്റെ തലോടലുകള്‍ ഏറ്റുവാങ്ങുമ്പോള്‍
കളിയായെന്നെ ഭയപ്പെടുത്താന്‍ മുരണ്ടു
ഒരു കുടക്കീഴില്‍ അവനോടൊപ്പം നടക്കുമ്പോള്‍
ഒരു തോഴിയെ പോലെന്നെ അവനോടു ചേര്‍ത്തു

നഷ്ട ബോധത്തില്‍  ഞാന്‍ കരയുമ്പോള്‍
കണ്ണീല്‍ ചാലുകള്‍ തണ്ണീര്‍ കരങ്ങളാല്‍ തുടച്ചും
പിന്നെ എന്‍റെ വിഷാദത്തിന്റെ അടഞ്ഞ മുറിയില്‍
ഇരുട്ടില്‍ കൂടെ പല  നാളുകള്‍ കൂട്ടിരുന്നും
മനസ്സിന്‍ മുറിവുകള്‍ കഴുകി തുടച്ച്
ഉണങ്ങും വരെ എന്നെ സുശ്രൂഷിച്ചും
എന്‍റെ വിവാഹ നാളില്‍ തിമിര്‍ത്തു പെയ്തും
അവള്‍  എനിക്ക് പ്രിയപ്പെട്ടവളായി

ഇന്നെനിക്കവളെ വെറുപ്പാണ്
ഉണക്കാനിട്ട ഈറന്‍ തുണികള്‍ നന്ക്കുംപോഴും,
മുറ്റത്തെ പുല്ലുകളെ തഴുകി വളര്‍ത്തുമ്പോഴും
എന്‍റെ ഉറക്കം കേടുത്തുമ്പോഴുമൊക്കെ
എന്‍റെ കുഞ്ഞുങ്ങളെ ഭയപ്പെടുത്തുമ്പോഴും
ഗര്ജനങ്ങളോടെ താണ്ടവം നടത്തുമ്പോഴും
മിന്നല്പ്പിണരുകലാല്‍ സംഹാരം നടത്തുമ്പോഴും
എനിക്ക് അവളെ ഭയമാണ്

എങ്കിലും ഞാന്‍ ഓര്‍ക്കാറുണ്ട് ചില നല്ല നാളുകള്‍
എനിക്കവള്‍ സമ്മാനിച്ച നല്ല ദിനങ്ങള്‍
അവളുടെ നനുത്ത കയ്യിന്‍ കുളിര്‍ സ്പര്‍ശം
ശരീരത്തില്‍ തീര്‍ക്കുന്ന മാസ്മര വികാരങ്ങള്‍
പെയ്യാതെ പോകുമ്പോള്‍ ഞാനറിയാതെ
എന്‍റെ കണ്‍കൊണിലൊരു മുത്തുതിര്‍ന്നു
നിന്‍റെ ഗന്ധം അറിയാത്ത, ശബ്ദം കേള്‍ക്കാത്ത
നാളുകളില്‍ വല്ലാത്ത ഏകാന്തത തോന്നി

അറിയുന്നു ഞാന്‍ നിന്‍റെ അകല്‍ച്ചയുടെ കാരണം
അവളെഎനിക്കിന്നു  പ്രിയമല്ലെന്നു നീ അറിഞ്ഞിരിക്കും

ദൂരേക്ക്‌ മറയുമ്പോള്‍ നീ കാണിക്കുന്ന സ്നേഹം
എന്നോടോ  അതോ അവളോടോ എന്നു മാത്രമറിയാന്‍ ബാക്കി!(മഴയെ ക്കുറിച്ച് എഴുതിയ കവിത, പക്ഷെ മഴയുടെ കാമുകനായി കാര്‍മേഘങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നു )

Monday, 29 October 2012

ഗ്രഹങ്ങളില്‍ നിന്നും പഠിക്കേണ്ടത്

ദൈവത്തിന്‍റെ ഏറ്റവും മികച്ച സൃഷ്ടി എന്താണ്?
ഈ ലോകവും നക്ഷത്രങ്ങളും ഗ്രഹങ്ങളും
അറ്റമില്ലാത്ത , നാം അറിയാത്ത ദൂരങ്ങളും!
നമ്മുടെ ഭൂതം ഭാവി വര്‍ത്തമാനങ്ങളും
തീരുമാനിക്കുന്നതെന്താണ്, ഗ്രഹങ്ങളോ അതോ
നക്ഷത്രക്കൂട്ടങ്ങളോ?
ഇത് രണ്ടുമല്ലെന്നെന്റെ പക്ഷം, പക്ഷെ
വരാന്‍ പോകുന്നതിനെ വരച്ചുകാണിക്കുന്ന
ദൈവഹിതം എന്ന് വിശ്വസിക്കാതെ വയ്യ
ഗ്രഹങ്ങളില്‍ നിന്നും ഞാന്‍ പഠിച്ചത്
ഇതൊന്നുമല്ല,
ഭൂതത്തിന്റെ വേദനകളോ
വര്‍ത്തമാനത്തിന്റെ യാദനകളോ
ഭാവിയുടെ ഉല്‍ക്കണ്ഠയോ എനിക്കില്ല
അതുകൊണ്ട് തന്നെ ഞാന്‍ പഠിച്ചത്
അവരെപ്പോലാകാനാണ്
ഒരു നക്ഷത്രമാകാനും, വെളിച്ചം പരത്താനും
കഴിയില്ല എന്നല്ല, പക്ഷെ
എന്‍റെ ചുറ്റും അത്ര വലിയൊരു ലോകം
 എന്നെ മാത്രം ആശ്രയിച്ച് , അത് വേണ്ട
അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഗ്രഹമായ്ക്കോട്ടേ!
എന്റെ ചെറിയ ലോകം, എന്ന്നെ ചുറ്റട്ടെ
സൂര്യനും ചന്ദ്രനും, താരങ്ങളും പോലെ
എന്‍റെ പ്രിയപ്പെട്ടവര്‍
പക്ഷെ ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്തെന്നോ
എല്ലാ ഗ്രഹങ്ങളുടെയും തോന്നല്‍ ഇത് തന്നെ
ലോകം എന്‍റെ ചുറ്റും എന്ന് തന്നെ!

( എല്ലാമനുഷ്യരും കാണുന്നത് തന്‍റെ ചുറ്റുമുള്ള ലോകമാണ്, ലോകത്തിലെ എല്ലാ വസ്തുക്കളും ചുറ്റുപാടാണ് അനുഭവിക്കുന്നത്, ഒരു തരത്തില്‍ എല്ലാവരുടെയും ജീവിതം ഗ്രഹങ്ങലെപ്പോലെയാണ്, ലോകം ചുറ്റുമ്പോഴും നാം കാണുന്നത് നമ്മളെ ലോകം ചുറ്റുന്നതായിട്ടാണ് )

Thursday, 25 October 2012

പുനര്‍ജനി തേടി...


സ്വപ്‌നങ്ങള്‍ മുറുക്കിപ്പിടിച്ചുള്ള വീഴ്ച്ചയിൽ
തകര്‍ന്നത് ജീവിതമായിരുന്നു
ജീവിക്കാന്‍ സ്വപ്‌നങ്ങള്‍ പോരല്ലോ!
മനസ്സിന്‍റെ പല അറകളും തുറക്കാന്‍ പോന്ന
താക്കോല്‍ കൂട്ടം നഷ്ടമായതും
അതേ വീഴ്ചയില്‍ തന്നെ

നെഞ്ചിന്‍റെ ചൂടില്‍ പതിഞ്ഞു കിടന്ന
സ്വപ്നങ്ങളാകട്ടെ ഒരു നുള്ള് വേദനയില്‍
പിടഞ്ഞെണീറ്റപ്പോൾ പറന്നകന്നു
ബാക്കി വന്നത് നഷ്ടബോധങ്ങളും ദിശകളും

അനുഭവ ഭിഷഗ്വരന്മാരുടെ കൈപ്പുണ്യമോ
അതോ അമ്മയുടെ പ്രാര്‍ഥനയോ
മുജ്ജന്മ സുകൃതമോ അതോ യാദനകള്‍
തീര്‍ന്നില്ലെന്ന ദൈവ കല്പ്പനയോ
ജീവന്‍റെ തുടിപ്പുകള്‍ നിലനിര്‍ത്തിയെന്നെ
ഇപ്പോഴും പരീക്ഷിക്കുന്നതെന്തിന്
എന്ന് ഞാന്‍ ആരോടാണ് ചോദിക്കുക

താക്കോൽ നഷ്ടപ്പെട്ട പൂട്ടിയ മുറികളുടെ പൂട്ട്
പലതും ഞാന്‍ തല്ലിപ്പൊളിച്ചു,
മറ്റുപല വാതിലുകള്‍ ചവിട്ടിപ്പൊളിച്ചു
എന്‍റെ കാലുകള്‍ തകര്‍ന്നപ്പോള്‍ പിന്നെ
പലതും തീയിട്ടു കത്തിച്ചൊടുക്കി
ചാരം കലര്‍ത്തിയ മിഴികളില്‍ ഞാന്‍കണ്ട
സ്നേഹത്തിന്‍ നിറം മാത്രം ബാക്കിയായി
എന്നെ നോക്കിച്ചിരുന്നതും പിന്നെ
വെണ്ണിലാവായ്‌ വെളിച്ചം നിറച്ചതും
എന്‍റെ മനസ്സിന്‍ കയത്തില്‍  പെടുന്നതും
നീര്‍ ചുഴികളില്‍ പിന്നെ വലിച്ചെടുക്കുന്നതും
എന്‍റെ കല്പ്പനകളെന്നുമറിഞ്ഞു ഞാന്‍
നഷ്ടമെന്നതില്‍ അര്‍ത്ഥമില്ലെന്നും!

പോയതൊന്നുമെന്റെതല്ലെന്നുള്ള അറിവ്
സത്യമെന്ന് മനസ്സിലാക്കും വിധം
മേനി ഊട്ടി ഉണക്കി മനസ്സിനെ
മരുന്നായ് അരച്ചതോ ദുഃഖ സ്വപ്നങ്ങളെ!
 ഇന്നുഞാന്‍ ചിരിക്കുന്ന ചിരികളില്‍
പരിഹാസത്തിന്റെ ഒലികള്‍ നിങ്ങള്‍ കേട്ടാല്‍
എന്നെ തെറ്റിദ്ധരിക്കരുത് കാരണം
ഇതെന്‍റെ മനസ്സിനോടുള്ള എന്‍റെ പകയാണ്
യുദ്ധം ഒടുങ്ങിയെന്നു തോന്നുമ്പോഴും
ഇനിയൊന്നുമില്ല എന്ന് വിജയി അട്ടഹസിക്കുംപോഴുംതോല്‍വിയുടെ കബന്ധങ്ങള്‍ നിറഞ്ഞ കളത്തില്‍
ചത്ത്‌ ചീഞ്ഞ് കഴുകര്‍ക്കു പോലും അറക്കുന്ന
വികാരങ്ങളുടെ ജഡങ്ങള്‍ പേറി
ഞാന്‍ നടക്കുമ്പോള്‍ മനസ്സില്‍ പ്രതികാരമില്ല
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത
പ്രതാപത്തിനായി ശ്രമിച്ചുതോല്‍ക്കാന്‍ ഞാനില്ല
ഈ രാവും ഒടുങ്ങും, പുതിയ പുലരി വരും
വ്യത്യാസങ്ങളൊന്നുമില്ലാത്ത പുലരി
എങ്കിലുമതിനെ കാത്തു നില്‍ക്കുമ്പോള്‍ ഞാനാശിക്കും
വീണ്ടുമൊന്നു പിറന്നിരുന്നെങ്കില്‍
നിദ്രയുടെതാഴ്വരകളും താണ്ടി ഞാന്‍ തിരയുന്നത്
സ്വപ്‌നങ്ങള്‍ നൂഴുന്ന പുനര്‍ജനി തന്നെ....

(ഒരു മുഴു ഭ്രാന്തന്‍ കവിത)

Tuesday, 23 October 2012

സ്വപ്നാടനം


വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

അകക്കോണില്‍ പുഞ്ചിരിയും ചുണ്ടുകളില്‍ മൂളും
പാട്ടിന്‍റെ മര്‍മരങ്ങളും
പ്രിയ തോഴിതന്‍ മാസ്മര സ്പര്‍ശനം തന്ന ചില
തേനൂറും ഓര്‍മകളും
സ്വപ്നങ്ങളില്‍ വന്നു നിറം പടര്‍ത്തി മറയവേ
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

വരുവാനാകാത്തൊരു ദൂരമിതെങ്കിലും ഞാന്‍
വെറുതെ മൂളുന്നു പ്രതീക്ഷയുടെ പാട്ടുകള്‍!
നിലാവിലും നീ തന്നെ കനവിലും നീ തന്നെ
ഓര്‍മ്മകളിലെ നൊമ്പരമെല്ലാം നീ തന്നെ
എന്നിട്ടുമീ രാവില്‍ എല്ലാമറിഞ്ഞിട്ടും
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

മടങ്ങട്ടെ ഞാന്‍ പ്രിയെ വീണ്ടുമീ രാത്രിയില്‍
പതിവായ സ്വപ്നസഞ്ചാരത്തിനായ്
രാക്കുയില്‍ പാട്ടും നിലാനിന്റെ കുളിരും
ഒരുപോലെ ദുഖം പടര്‍ത്തി നില്‍ക്കേ
എന്‍ പ്രണയ ചിന്തകള്‍ വീണ്ടുമുണരുമ്പോള്‍
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

എന്‍റെ സന്തോഷങ്ങള്‍ ഇന്നൊന്നു കാണാന്‍
നീയിന്നെന്‍ അരികില്‍ ഇല്ലല്ലോ
ഏകാന്തതയില്‍ എന്‍ മനസ്സിന്ടെ നിലവിള-
ക്കാളുമ്പോള്‍ നീ സുഖനിദ്രയിലോ?
നിന്‍ഓര്‍മചില്ലയില്‍ എന്‍വിഷാദത്തോടെ
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

പകരുവാന്‍ കഴിയാതെ സ്നേഹം എന്നുള്ളില്‍
തിങ്ങി നിറഞ്ഞു കവിയും നേരം
തിരമാല പോല്‍ വീണ്ടും ഒഴുകിയെത്തും നീയെന്‍
ഹൃദയത്തിന്‍ ചേര്‍ത്ത കവാടങ്ങളില്‍
നിയെന്‍ വികാരത്തില്‍ തിരയടിച്ചീടുമ്പോള്‍
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

(മനുഷ്യന്‍ പലപ്പോഴും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത് സ്വപ്നങ്ങളിലാണ്‌, ദൈവം മനുഷ്യന് കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ് സ്വപ്നം, അതിന് അതിരുകളില്ല, അതു കൊണ്ടുതന്നെ നാം പലപ്പോഴും അറിഞ്ഞു കൊണ്ടും, സന്തോഷത്തോടെയും സ്വപ്നങ്ങളിലേക്ക് വഴുതി വീഴുന്നു.)


ഗള്‍ഫ്‌


പുതുമഴതന്‍ മണവും പിറന്നോരാ മണ്ണും
പകലിന്‍ വെളിച്ചവും പിന്നെ നിലാവും
പുലരിയുടെ പാട്ടും, പകലോന്റെ ചൂടും
പതിവായ കാറ്റും, പുകപോലെ മഞ്ഞും

പറയുന്നു പലരും അതു തന്നെ സ്വര്‍ഗം
പിറകിലായ്‌ ഞാനും പതറാതെ നില്‍പ്പൂ

പുകയുന്നു ഞാനീ പതിവായ ചൂടില്‍
പുകയുന്ന മണ്ണില്‍ പഴികളില്ലാതെ
മഴയില്ലാതെങ്ങിനെ പുതുമണ്ണിന്‍  ഗന്ധം
മണമാര്‍ന്ന ജീവിതം പോലുമില്ലല്ലോ

പുലരുന്നതിന്‍  മുന്‍പേ പണികള്‍ തുടങ്ങുമ്പോള്‍
പിറകിലെ കാറ്റുനീ തഴുകുന്നതു പോലെ
പല നാള്‍ കഴിഞ്ഞിട്ടും പോകാതത്തുകൊണ്ട്
പരിതാപം കാറ്റിനും തോന്നി തുടങ്ങി

പുലരിയും പാട്ടും, പുകമഞ്ഞിന്‍ കൂട്ടും
നിലാവും നിറങ്ങളും കിളിതന്റെ പാട്ടും
കേള്‍ക്കുന്നു ഞാനെന്‍റെ നെഞ്ചിന്‍റെ ഉള്ളില്‍
കേള്‍ക്കുന്നില്ലാരുമെന്‍ രോദനമോന്നും

വരുമെപ്പോഴെന്നുള്ള ചോദ്യത്തിനും ഞാന്‍
പലയുര് ചൊല്ലിപ്പടിച്ച മറുചോദ്യം
ഇവിടെയല്ലെങ്കില്‍ നാം ഉരുകിത്തീരില്ലേ
അവിടെയെങ്കില്‍ ഞാന്‍ പകച്ചുനില്‍ക്കില്ലേ

ഒരുനാള്‍ ഞാനെത്തും ഈ മരുഭൂമിയെ വിട്ട്
തിരികെവരില്ലെന്ന്‍ വാക്കും കൊടുക്കും
തിരികെ വരുമ്പോഴാ തീരത്ത് നീയും
ചിരിയോടെ വേണമെന്നൊരു മോഹം മാത്രം

സീതയുടെ ചിന്തകള്‍

ജടായു  യുദ്ധംപത്തു പേരുടെ തണ്ടും മിടുക്കും

ഒത്തദേഹത്തിനൊക്കും മനസ്സും

പത്തു പേരോടായ് ഒറ്റയ്ക്ക് വെല്ലും

പക്വബുദ്ധിയില്‍ മണ്ണിൽ അജയ്യന്‍


ശക്തനാണവന്‍ ലങ്കേശ്വരന്‍ തന്‍റെ

കോട്ട കൊട്ടത്തളങ്ങള്‍ക്കുമധിപന്‍

ശക്ത മാനസമെന്തേ വിറച്ചു

സ്നിഗ്ദ്ധയായൊരു നാരിതൻ മുന്നില്‍


ഇത്രയിഷ്ടങ്ങള്‍ വേണ്ടെന്നു വെക്കാന്‍

പത്തു ശിരസ്സിന്റെ ബുദ്ധി വേണ്ടല്ലോ

സ്വസ്സഹോദരിക്കേറ്റപമാനത്തില്‍

വിഷ്ണമാകാതിരിക്കുമോ മാനസം


സ്വന്തമാശ തീർത്തീടുവാനാകുകിൽ

നിന്ദ്യ ദേഹം പുണരാൻ പ്രയാസമോ

വന്ദ്യരായ ഗുരുക്കള്‍ ചൊന്നീടിലും

നിന്ദ കാട്ടിയിട്ടെന്നെക്കവർന്നവൻ


നിഷ്ടകള്‍ക്കൊന്നും കോട്ടം വരാതെയീ

കോട്ടയുള്ളിലായെന്നെ പ്രതിഷ്ഠിച്ചു

ശ്രേഷ്ഠയാം പത്നി മണ്ടോദരിയുടെ

ചേഷ്ടയൊന്നുമേ കണ്ടതില്ലാ വിധംരാജ്യ മോഹിയാം അനുജൻ വിഭീഷണൻ

ചതികളോതി തൻ കൂടെ ഇല്ലെങ്കിൽ

രാമരാവണപ്പോരിന്റെ അന്ത്യത്തിൽ

രാമ വിജയം സുനിശ്ചിതമാകുമോ!


ഒളിവിൽ ചതിയായ് തൊടുത്തൊരു ബാണത്തെ

നെഞ്ചിലേറ്റി പിടഞ്ഞു മരിച്ചൊരു

വീര ബാലിതൻ അനുജനാം സുഗ്രീവൻ

കൂടെ ഇല്ലാതെ യുദ്ധം ജയിക്കുമോ


ദൂതനായ് വന്ന വായു പുത്രൻ തന്റെ

 കുസൃതിയാൽ ലങ്ക ചാമ്പലാക്കീടിലും

മരണ ദണ്ഡന യേകാതെ ദൂതനെ

തിരികെ വിട്ടതും ലങ്കേശ നീതികൾ


ഇത്ര നീതിമാനിത്ര സുലക്ഷണൻ

രാവണൻ തന്റെ റാണിയായീടുവാൻ

ഒന്നു മൂളിക്കൊടുത്തെങ്കിലെന്നു ഞാന്‍

മെല്ലെയാശിച്ചതൊട്ടൊരു പാപമോ?


ഇപ്പോഴീ ഉലകത്തിനുന്മാദ ചേഷ്ടയിൽ

വിട്ട ദേഹവിശുദ്ധിതന്‍ വിശ്വാസം

പത്തുജന്മത്തിനപ്പുറം തീരുമോ

എത്ര ജന്മമെരിഞ്ഞു ഞാന്‍ തീര്‍ക്കണം


ഒറ്റവാശിയിലൊപ്പമിറങ്ങിയോ-

രെന്മനസ്സു നീ കണ്ടിരുന്നൂവെങ്കില്‍

കാട്ടില്‍ ഞാനേറ്റ ദുരിതങ്ങളൊക്കെയും

നാട്ടിലാളോട് ചോല്ലാത്തതെന്തു നീ


ചേര്‍ത്തുവച്ച ഈ പത്തുപൊരുത്തങ്ങള്‍

ഓര്‍ത്തുകാണുമോ എന്നീ അവസ്ഥയെ

എത്രയോര്‍ത്താലുമ്മിവ്വിധമാകുമെ-

ന്നോര്‍ത്തു കാണില്ലയെന്‍ പ്രിയ താതനും


നിര്‍ത്തി വെക്കേണ്ടതില്ലീ പരീക്ഷയെ

അഗ്നിയെന്നെ ദഹിപ്പിച്ചുകൊള്ളട്ടെ

നീറിനീറി ജീവിക്കിന്നതില്‍ പരം

ദീനമായൊരു മൃത്യുവുണ്ടാകുമോ


മറ്റൊരു ജന്മമുണ്ടായിരുന്നെങ്കിൽ

മുന്നിലെന്റെ സ്വയം വരപ്പന്തലില്‍

രാമനും പിന്നെ ലങ്കേശനുമെങ്കില്‍

ആരെ വേള്‍ക്കുമെന്നോര്‍ത്തു പോകുന്നു ഞാന്‍!


Monday, 22 October 2012

തടവില്‍


 
ഇനിയുമുറങ്ങട്ടെ ഞാന്‍ എന്നെ
ഇനിയാരുമുണര്‍ത്തരുതെ
കണ്ണുകള്‍ ഭാരിക്കുമ്പോള്‍
പിന്നെയും ഉറക്കത്തിലേക്കു വീഴുപോള്‍
ചിരിച്ചു ചൊല്ലുന്നു ഞാന്‍
എന്നെയുണര്തരുതെ
ഞാന്‍ എന്‍റെ കണ്ണുകള്‍ക്ക്‌ പിറകെ
ഒളിക്കുന്നില്ല കാരണം പുറത്തല്ലേ
കൂറ്റാകൂരിരുട്ട്
കണ്ണടച്ചാല്‍ നിറയുന്ന വെളിച്ചവും
വര്‍ണക്കാഴ്ച്ചകളും,
എനിക്കിഷ്ടമീയിടമാണ്
ഞാന്‍ ഞാനായി ജീവിക്കുന്നിവിടെ
അവിടെ വെറും കാപട്യങ്ങള്‍
അന്ധത അഭിനയിക്കുന്നവര്‍
അനുഭവിക്കുന്നവരെ ചൂഷണം ചെയ്യുന്നു
കേള്‍ക്കുന്നവര്‍ കേള്‍ക്കാത്തവരായി
ഇടകലരുന്നു
അന്നത്തിനു മാത്രം തുറക്കുന്ന വായ
മൂകനെന്നു സ്വയം വിളിക്കുന്നു
ഇത് ഹിംസയല്ലേ
മിണ്ടാതെ, കേള്‍ക്കാതെ, കാണാതെ
സൌകര്യങ്ങള്‍ക്കൊപ്പം
കൂടപ്പിറപ്പുകളെ കൊക്കയില്‍ തള്ളുന്ന
സംസ്കാരവിക്രിയകള്‍?
എനിക്കുത്തരം കിട്ടിയില്ല
അതുകൊണ്ട് തന്നെ എനിക്കിഷ്ടം
ഉറങ്ങാനാണ്

കണ്ണടച്ച് കിടന്നപ്പോള്‍, മറ്റെല്ലാം മറന്നപോള്‍
സ്വപ്നത്തിന്‍റെ തടവറയില്‍ സ്വയം
കയറി വാതില്‍ അടച്ചപ്പോള്‍
ഞാനും അവരിലൊരാളായി
അറിയാതെ ഞാനും കാണാതെ, കേള്‍ക്കാതെ
മിണ്ടാതെ എന്റെ ലോകത്തേക്ക് പതുങ്ങി
സ്വപ്നലോകത്തേക്ക്!