Wednesday, 31 December 2014

അനാഥന്‍

(കടപ്പാട് : ഗൂഗിള്‍)
എന്‍റെ നിഴലുകള്‍ ഇനിയുമോടി എത്താത്ത
ചില പകലുകളില്‍,
ഏകാന്തതയും, അനാഥത്വവും തമ്മില്‍
ഇഴ തിരിച്ചളക്കുന്ന വേളയില്‍,
ഞാന്‍ പോലുമറിയാതെ,
സത്യമാകണേ എന്ന് ഉരുകി പ്രാര്‍ഥിക്കുന്ന
ഒരു സ്വപ്നം പോലെ,
നീ കടന്നു വന്നിരുന്നെങ്കില്‍...

വെളിച്ചത്തിന്‍റെ നേര്‍ത്ത സൂചിക്കുഴലുകളില്‍
നിന്‍റെ സഞ്ജീവനിയുടെ അമൃത് നിറച്ച്,
ഭൂതകാലത്തിന്റെ ഇരുട്ടാഴങ്ങളില്‍ നിന്ന്,
ചിന്തയുടെ കൊടും കാരാഗൃഹത്തില്‍ നിന്ന്,
വീണ്ടുമൊരു ഉയിര്ത്തെഴുന്നേല്‍പ്പിനായ്‌
പ്രാര്‍ഥിക്കാന്‍ പോലും മറന്നു നില്‍ക്കുന്ന,
മനസ്സിനെ വീണ്ടുമുണര്‍ത്താന്‍
നീ കടന്നു വന്നിരുന്നെങ്കില്‍.....

മഞ്ഞിനും മഴക്കും വേനലിനും പൊഴിയാത്ത
ചുവന്ന പൂക്കള്‍ കാലം നോക്കാതെ പൂക്കുന്ന,
കാറ്റിനും, കോളിനും, കടലിനും ഇളകാത്ത,
മുന്‍വിധികളില്ലാത്ത,
ഇനിയൊരു ബന്ധനത്തിന്റെയും വിലാപം
ബാക്കി നില്‍ക്കാത്ത,
എന്‍റെ ഹൃദയം, നിനക്ക് മാത്രം എന്നറിഞ്ഞ്
നീ കടന്നു വന്നിരുന്നെങ്കില്‍.....

Tuesday, 11 November 2014

അര്‍ത്ഥാന്തരങ്ങള്‍

നീ എന്നെ കാണാത്തതും ഞാന്‍ ഇല്ലാത്തതും തമ്മില്‍
വലിയ അര്‍ത്ഥാന്തരങ്ങള്‍ ഉണ്ട്
പ്രത്യേകിച്ചും എന്‍റെ നില്‍പ്പിന്‍റെ അര്‍ത്ഥം
നിന്‍റെ കൂടി നിലനില്പ്പാവുമ്പോള്‍
(കടപ്പാട് : ഗൂഗിള്‍)
എന്നറിയും നീ എന്നതിനും എനിക്ക് മറുപടിയില്ല
പക്ഷെ എനിക്കൊരു പ്രാര്‍ത്ഥനയുണ്ട്
നീ അറിയുമ്പോള്‍ ഞാന്‍ വെറുമൊരു
അറിവ് മാത്രമായി ലോപിച്ചിരിക്കരുതേ എന്ന്
അതുകൊണ്ട് തന്നെയാകണം എന്‍റെ വേരുകള്‍
നിന്നെ തിരഞ്ഞ് അതിദ്രുത യാത്രയില്‍ മുഴുകുന്നത്
എന്‍റെ ശാഖകള്‍ നിന്‍റെ മേലുള്ള
തണലുകള്‍ പിന്‍ വലിക്കുന്നത്!
പുറമേ തളര്‍ന്നുറങ്ങുമ്പോഴും
അടിയൊഴുക്കുകള്‍ തേടി സഞ്ചരിക്കുന്നത്!
നിന്‍റെ ശീതള കുടീരങ്ങളില്‍
നിന്നില്‍ ചേര്‍ന്ന്‍ ഉറങ്ങാതെ
എന്നെ മാത്രം സന്തോഷിപ്പിച്ച്
എത്ര നാള്‍ ഞാന്‍ ഇങ്ങനെ?
നീ ഉണ്ടായിട്ടും നീയില്ല എന്ന്‍
മനസ്സിനെ തെറ്റിദ്ധരിപ്പിക്കാന്‍
പാഴ്ശ്രമങ്ങള്‍ നടത്തി
എത്രനാള്‍ ഞാന്‍ ഇങ്ങനെ?
നീ ഞാനും ഞാന്‍ നീയും ആവാന്‍
മനസ്സുപോലും ഒന്നിച്ചലിയാന്‍
ക്ഷമയുടെ പുതിയ ആഴങ്ങള്‍ തേടി
എത്രനാള്‍ ഞാന്‍ ഇങ്ങനെ?
ചെറിയ ലോകമാണ് എന്റേത്
വിരഹ വേണു എന്‍റെ ശ്വാസം
കുടിച്ചു തീര്‍ക്കും മുന്പ് ഒരു വട്ടം
നിന്‍റെ കണ്ണുകള്‍ എനിക്കായി തുറക്കാന്‍
ഞാന്‍ ഏതറ്റം വരെയും പോകും
ഞാന്‍ ഉണ്ട് എന്ന് നിന്‍റെ അധരങ്ങള്‍
അറിയും വരെയും ഞാന്‍ പൊരുതി നില്‍ക്കും
പിന്നെ അലിഞ്ഞലിഞ്ഞില്ലാതാകും
നിന്നിലേക്ക്‌,  ഞാനോ നീയോ എന്ന് തിരിച്ചറിയാത്ത വിധം.

Thursday, 30 October 2014

ഞാന്‍ രയ്ഹാന ജബ്ബാരി

(കടപ്പാട് : ഗൂഗിള്‍)

 ഇന്ന് ഞാന്‍ തല കുനിക്കുന്നു
ദൈവത്തിന്‍റെ കോടതിയില്‍
കണ്ണുനീര്‍ ഒഴുകുന്നില്ല
ഹൃദയം തുടിക്കുന്നില്ല
ഞാന്‍ തെറ്റ് ചെയ്തില്ലല്ലോ !
എന്‍റെ ചോദ്യം അറിഞ്ഞ പോലെ
ദൈവം ചിരിച്ചു
കണ്ണുകളില്‍ സ്നേഹം നിറഞ്ഞു
അവ പറഞ്ഞു
ഇവിടെ വരാന്‍ നിനക്കല്ലാതെ
അവര്‍ക്കെന്തര്‍ഹത !
മകളേ രേയ്ഹാന
നീ എനിക്ക് എന്നും പ്രിയപ്പെട്ടവള്‍
അതുകൊണ്ട് തന്നെ
നീ ജീവിക്കും
ഇവിടെയും അവിടെയും
എന്നും അമരയായി...


Tuesday, 12 August 2014

പ്രണയാത്മം

നിന്‍റെ തിരകള്‍
എന്‍റെ തീരങ്ങളെ തഴുകുമ്പോഴും
(കടപ്പാട് - ഗൂഗിള്‍)
നിന്‍റെ തളിര്‍കാറ്റ്
എന്‍റെ മേനിയെ പുല്‍കുമ്പോഴും
നിന്‍റെ ചൂട്
എന്‍റെ  ഉള്ളിലെ കുളിരിനെ മാറ്റുമ്പോഴും
നിന്‍റെ ചിറകുകള്‍
എന്‍റെ ആകാശത്തില്‍ വിഹരിക്കുമ്പോഴും
നിന്‍റെ വേരുകള്‍
എന്‍റെ മണ്ണിനെ ചേര്‍ത്തു പിടിക്കുമ്പോഴും
പ്രിയേ ഞാന്‍ അറിയുന്നു
നിന്‍റെ പ്രണയമൊന്നില്ലായിരുന്നെങ്കില്‍
ഞാന്‍ അറിയില്ലായിരുന്നു
എന്നിലുള്ള ഈ ജീവന്‍റെ സ്പന്ദനം

Tuesday, 15 July 2014

ബലി

ഇന്നുപോകണം നിസ്കാരപ്പള്ളിയില്‍
ചൊല്ലണം എന്‍റെ സല്‍ക്കര്‍മ്മമൊക്കെയും
നൂറു തലകളും കാണിക്കയായ് വച്ച്
പുണ്യ ഹത്യകള്‍ ധീരനായ്‌ ചൊല്ലണം

എന്‍റെ തോക്കിന്‍ തലപ്പത്ത് നിന്നും
തിരകള്‍ തീതുപ്പിയലറുന്നതിന്‍ മുന്‍പ്
തലകള്‍ താഴ്ത്തിക്കുനിഞ്ഞു ദൈവത്തിനെ
ഒടുവിലോര്‍ത്തു കരഞ്ഞതും ചൊല്ലണം

വിജനമായ നിരത്തിലങ്ങിങ്ങോളം
പടഹധ്വനികള്‍ ഉയര്‍ത്തി മുന്നേറുമ്പോള്‍
തടസമാണെന്ന് തോന്നിച്ചിടുന്നവ
ഞൊടിയില്‍ തട്ടിത്തകര്‍ത്തതും ചൊല്ലണം

മറുപുറം നിന്ന് പോരാടിടുന്നവര്‍
തെരുതെരെ എന്‍റെ മരണം രസിക്കുവാന്‍
നിറയുതിര്‍ത്തതും പിന്നെയെന്‍ തോക്കിനാല്‍
മരണയാത്ര ഗ്രഹിച്ചതും ചൊല്ലണം

കളകള്‍ പോലെ മുളച്ചു പൊന്തീടുന്ന
ഇളയ ബാല്യങ്ങള്‍ ഒട്ടനേകങ്ങളെ
പിഴുതെറിഞ്ഞതിന്‍ വേരുമുറിച്ചതും
വലിയപുണ്യമായവനോട് ചൊല്ലണം

നിറവും നോക്കും നടപ്പും സമൂഹവും
മതവുമോരോ കണത്തിലും ദൈവവും
സമരവര്‍ എന്ന് തോന്നുന്നുവെങ്കിലും
കടപുഴക്കി ഞാന്‍ എന്നതും ചൊല്ലണം

മരണമെന്നുടെ കൂടെ നടക്കുമ്പോള്‍
മതിമതി എന്ന് മനസ്സ് ചൊല്ലീടുമ്പോള്‍
മനസടക്കുവാന്‍ ഒരു വിനോദത്തിനായ്
തലകള്‍ തട്ടിക്കളിച്ചതും ചൊല്ലണം

നരകയാതനക്കിടയില്‍ മനസ്സിന്‍റെ
വ്യഥകള്‍ മാറ്റിടാന്‍ ഉല്ലാസമേകിടാന്‍
അബലനവനുടെ കൊച്ചു പെണ്മക്കളെ
പരിണയിച്ചു രസിച്ചതും ചൊല്ലണം


ഇനിയുമെന്തു ചെയ്യേണമീ ഭൂമിയില്‍
മരണശേഷം സുബര്‍ക്കത്തിലെത്തുവാന്‍
കൊടുമയെത്രയായീടിലും ചെയ്തിടാം
മനസുറപ്പായി നില്‍പ്പതും ചൊല്ലണം

മരണമെന്നെ ഗ്രഹിക്കുന്ന നേരത്ത്
തുണയായ് കൂടെ നീ ഉണ്ടാവുമെങ്കില്‍ ഞാന്‍
പ്രിയസഹോദരര്‍ തന്നുടെ തലകളും
ബലിയായ് അര്‍പ്പിക്കുമെന്നതും ചൊല്ലണം

Friday, 30 May 2014

നിരക്ഷരന്റെ അഞ്ചു കവിതകള്‍

സ്കൂള്‍
പോകാന്‍ കൊതിച്ചിട്ടും
പോകാന്‍ വിടാതെയെന്‍
അച്ഛന്‍ പഠിപ്പിച്ചു പാഠമൊക്കെ
പാടത്തിറങ്ങി നിരങ്ങേണ്ടവര്‍ നാം
പാഠം പഠിച്ചിട്ടിതെന്തു ചെയ് വാന്‍

രാഷ്ട്രീയം
തമ്പ്രാന്‍ ചൊല്ലണ ചിത്രത്തില്‍ കുത്ത്യാല്‍
കുത്ത് നിറക്കാന്‍ നാണ്യം തരും
അന്തിക്ക് മോന്താന്‍ കള്ളും തരും
പിന്നെ കൂലിയില്‍ കൂടുതല്‍ നെല്ല് തരും

ഗാന്ധിജി
എണ്ണം പഠിപ്പിച്ച മാഷാണിത്
കാശിന്‍റെ രാജാവാം മാഷാണിത്
മൂവന്തി നേരത്ത് മോന്തുവാന്‍ നേരത്ത്
കീശയില്‍ വേണ്ടൊരു മാഷാണത്

ജോലി
മോന്തിക്ക്‌  വീട്ടില്‍
കയറുമ്പോള്‍ എന്‍റെ കാല്‍
മെല്ലെ വിറച്ചാലും സാരമില്ല
കയ്യിലായിത്തിരി
നോട്ടുകള്‍ കണ്ടെന്നാല്‍
കള്ള് മണത്താലും സാരമില്ല

പത്രം
ചായകുടിക്കുന്ന നേരത്ത് പീട്യെന്റെ
മുന്നിലെ ബെഞ്ചില്‍ നിരന്നിരുന്നാല്‍
കാണണം ആളുകള്‍ പൌറു കാണിക്കുവാന്‍
വായ്ക്കണ കടലാസ് താളുകളില്‍
എങ്ങും നടക്കാത്ത എങ്ങുമേ കേള്‍ക്കാത്ത
പൊള്ള് നിറച്ച കഥകള്‍ മാത്രം

Friday, 9 May 2014

ആമ്പല്‍പ്പൂ മരണങ്ങള്‍

മരണങ്ങളില്‍ ചിലത് ഇങ്ങനെയും ഉണ്ട്
ചെളിപിടിച്ചു പാഴായ ജീവിതങ്ങളില്‍
പലപ്പോഴും നമ്മള്‍
കടപ്പാട് : ഗൂഗിള്‍
ആകാംഷയോടെ ഉറ്റു നോക്കുന്നവ
ഇന്നോ നാളെയോ
ഒരത്ഭുതം പോലെ
ഒരാശ്വാസം പോലെ
ഒരു ശാപമോക്ഷം പോലെ
ചെളിയില്‍ മാത്രം വിരിയുന്ന
വെളുത്ത ആമ്പല്‍പ്പൂ പോലെ..
മൊട്ടിടുമ്പോഴും, വിരിയുമ്പോഴും
ഊര്‍ധന്‍റെ പരിഭ്രമത്തിനപ്പുറം
ചുറ്റും അവ ആഹ്ളാദം വിതറുന്നു
ചുറ്റുമുള്ളവര്‍ അതിന്‍റെ ഭംഗിയില്‍
മതി മറക്കും
വേഗം പറിച്ചെടുക്കാന്‍ ആഗ്രഹിക്കും
കൊഴിയാന്‍ പ്രാര്‍ഥിക്കും
അപ്പോഴും മനസ്സില്‍, ഒരു കോണില്‍
ഒരു മൃദു മന്ത്രണം പോലെ
കേള്‍ക്കും
വേണം ഇനിയുമൊരു നേരം കൂടി...
ജീവിച്ചു കൊതി തീരാന്‍ ഒരു മാത്ര കൂടി...

Monday, 24 February 2014

വ്യഥ

(കടപ്പാട് : ഗൂഗിള്‍)
വീണ്ടും മനസ്സിലുണരുന്നു
അറിവിന്‍റെ സ്വപ്നങ്ങളെ ഭേദിച്ച്
യാഥാര്‍ത്ഥ്യത്തിന്‍റെ പകലുകള്‍..
ചോദ്യങ്ങളുടെ വിത്തുകള്‍
മുളക്കുന്നതും കണ്ണ് തുറക്കുന്നതും
അനിശ്ചിതത്വത്തിന്‍റെ
അന്ധകാര കാരാഗൃഹങ്ങളിലെക്കല്ല
ശാന്തമായ പ്രഭാതം പോലെ
സ്വച്ഛമായ ഭാവിയിലേക്ക്,
സുനിശ്ചിതമായ സ്വസ്ഥതയിലേക്ക്
എങ്കിലും കലുഷമാണെന്റെ മനസ്സ്, നിന്‍റെയും
ഇല്ലാത്ത സൌഭാഗ്യങ്ങളും
കനിഞ്ഞു കിട്ടാത്ത വരദാനങ്ങളും
മനസ്സിനെ മദിക്കുന്നു
ഉള്ളിലേക്ക് തിരിഞ്ഞെത്തി നോക്കാന്‍
കണ്ണുകളും മടിക്കുന്നു

Monday, 3 February 2014

ലിംഗഭേദത്തിന്റെ തത്വം

(കടപ്പാട് : ഗൂഗിള്‍ )
എന്‍റെ ചില്ലകള്‍
നിന്‍റെ വാനിലേക്ക് ഏന്തി വളരുന്നത്‌
കാലഭേദമില്ലാതെ പിന്തുടരുന്ന,
ജരാനരകളുടെ വേരുപിടിച്ച,
പ്രത്യയ ശാസ്ത്രങ്ങളുടെ
അന്ധമായ ബഹിസ്ഫുരണം മാത്രം
തമസ്സളക്കുന്ന വേരുകള്‍ ഊറ്റിക്കുടിക്കുന്ന
പൂര്‍വിക ജന്മങ്ങളുടെ തീരാ കടങ്ങള്‍ ,
മരണത്തിനപ്പുറം മാത്രം,
നീ പോലുമറിയാതെ തീര്‍ന്നേക്കാവുന്ന
ചില നന്ദി പ്രകാശനങ്ങള്‍ ,
ജാതി മത ലിംഗ ഭേദമില്ലാതെ
പിണഞ്ഞ വേരുകള്‍
പുറമേ തൊട്ടുകൂടായ്മ ചൊല്ലുന്നു
മണ്ണിനടിയില്‍ വ്യഭിച്ചരിചാലും
പുറമേ ആഭിജാത്യത്തിന്‍റെ
അടയാളങ്ങള്‍ .....
ഇന്നും നിവര്‍ന്നു നില്‍ക്കുമ്പോള്‍
അടഞ്ഞ കണ്ണുകളിലെ ഇരുട്ടില്‍
നീ ഒളിപ്പിക്കുന്ന  ഒന്നുണ്ട്
നീ പൂട്ടിയിട്ട ഒരു സത്യം !
നീയില്ലെങ്കില്‍ ഞാനില്ല എന്നപോലെ തന്നെ
ഞാനില്ലെങ്കില്‍ നീയില്ല എന്ന സത്യം

Monday, 20 January 2014

വിഷകന്യക ജനിക്കുന്നു

ഇന്നും ഞാന്‍ പ്രാര്‍ഥിച്ചു
ഒരു വിഷപ്പല്ല് വരാന്‍
വെറുതെയെങ്കിലും
കൊടും വിഷം നിറഞ്ഞ
ഒരു വിഷ സഞ്ചി വളരാന്‍
കുറെ നാളത്തെ ആഗ്രഹമാണ്
മുന്‍പൊക്കെ എന്നെങ്കിലുമായിരുന്നു
ആരെയെങ്കിലും കൊല്ലണം
എന്ന് തോന്നിയിരുന്നത്
പക്ഷെ ഇന്ന് കഥ മാറിയിരിക്കുന്നു
കൊല്ലാനൊരുമ്പെട്ടാല്‍
പരശുരാമന്‍ തോറ്റുപോകും
അത്രക്കുണ്ട്
ഇന്നല്ലെങ്കില്‍ നാളെ എതിരിടേണ്ടവര്‍
പുതിയ വേഷത്തിലും ഭാവത്തിലും
ചിരിച്ചും, പുഞ്ചിരിച്ചും
കൊതിപ്പിച്ചും, പ്രശംസിച്ചും, ഭീഷണിപ്പെടുത്തിയും
മറ്റനേകം കുറുക്കു വഴികളാല്‍
കാമക്കണ്ണുകള്‍ മറച്ചു പിടിച്ചും
കൊത്തിവലിക്കാന്‍ തക്കം പാര്‍ത്ത്
കഴുകന്മാര്‍
കൊല്ലാനല്ല, ചാകാതിരിക്കാന്‍
ഇവിടെ ഈ ഭൂമിയില്‍
ഭയക്കാതെ ജീവിക്കാന്‍
എനിക്കുമാവശ്യം ഒരു വിഷപ്പല്ല്
അതുകൊണ്ടുതന്നെ
ഇന്നും ഞാന്‍ പ്രാര്‍ഥിച്ചു
ഒരു വിഷപ്പല്ല് വരാന്‍
വെറുതെയെങ്കിലും
കൊടും വിഷം നിറഞ്ഞ
ഒരു വിഷ സഞ്ചി വളരാന്‍

Thursday, 16 January 2014

രാഗബന്ധനം

ഇനിയുമുണ്ടീ മനസ്സില്‍ ഇണങ്ങാത്ത
പ്രണയമല്‍പ്പം ഉറങ്ങിക്കിടക്കുന്നു
ഇനിയുമുണ്ടെന്‍ ഹൃദന്തത്തിനുള്ളില്ലായ്
നിണമുണങ്ങാത്ത മുറിവുകളായിരം
പ്രണയമെന്റെ മനസ്സിന്‍ കയങ്ങളെ
ചുഴികളാക്കി ഇളക്കി മറിച്ചിട്ടും
മനസ്സ് തെല്ലും മയങ്ങാത്തതെന്തെന്ന്
അനുനയിപ്പിച്ചു ചോദ്യമുതിര്‍ത്തു ഞാന്‍

പ്രണയ പീഡിതരാകുവാന്‍ മനിതരില്‍
നിയമമേറെ അറിയേണ്ടതുണ്ടഹോ
ജാതി വര്‍ഗ്ഗപ്പൊരുത്തങ്ങള്‍ പോരാതെ
ജാതകങ്ങള്‍ കൂടി നോക്കിടുന്നു ചിലര്‍
ചേര്‍ച്ചയൊക്കുകില്‍ പിന്നേയൊരുകൂട്ടര്‍
ചീര്‍ത്ത കീശകള്‍ തൂക്കി നോക്കീടുന്നു
പെണ്ണ് തൂക്കത്തില്‍ പൊന്നും പണങ്ങളും
പിന്നെ വേറെ പല കൌതുകങ്ങളും

നിയമമെല്ലാം പഠിച്ചതിന്‍ ശേഷമീ
പ്രണയകാലം വരികില്ലോരിക്കലും
മനസ്സിലാകും നിനക്കെന്‍റെ വാക്കുകള്‍
തിരികെ നോക്കുകില്‍ പോയ കാലത്തിനെ
പ്രണയമുണരുകില്‍ നിന്നുടെ ജീവിതം
തകരുമോ എന്ന് ഞാന്‍ ഭയന്നീടുന്നു
മനസിനിരുളില്‍ മയക്കിക്കിടത്തി ഞാന്‍
പ്രണയകാലം തടഞ്ഞു വെച്ചീടുന്നുWednesday, 8 January 2014

ഭ്രാന്തം

എന്‍റെ ഭ്രാന്തിന് തണ്ണീര്‍ തടങ്ങള്‍ തുറക്കുന്നു
നിങ്ങളുടെ ഓരോ വാക്കുകളും
ഭ്രാന്തനെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കുന്നു
നിങ്ങളുടെ പ്രവര്‍ത്തികള്‍
എന്നില്‍ ആദ്യം വിത്ത് വിതച്ചതും നിങ്ങള്‍ തന്നെ
അതിനെ നിസ്വാര്‍ത്ഥതയോടെ പരിചരിച്ചതും നിങ്ങള്‍ തന്നെ
വളം ചെയ്തതും, ബോധത്തിന്റെ കളകള്‍
ഓരോന്നും വേരോടെ പിഴുതു മാറ്റിയതും നിങ്ങള്‍ തന്നെ
ഇന്നും എനിക്ക് ഞാന്‍ , ഞാന്‍ തന്നെ
കാലഭേദത്തിന്‍റെ രൂപമാറ്റം വകവെക്കാതെ
ആരെയും, എന്നെ തന്നെയും വഞ്ചിക്കാതെ
ഞാന്‍ ഞാനായി ജീവിക്കുന്നു
ഇന്ന് ഞാന്‍ ആരെയും കല്ലെറിയാറില്ല
അവരുടെ ഭ്രാന്തില്ലായ്മ അവര്‍ അറിയുന്നില്ല
ഈ ലോകത്ത് ജീവിക്കാന്‍ വേണ്ട
തിരിച്ചറിവില്‍ നിന്ന്
നന്മയുടെയും, കാപട്യമില്ലായ്മയുടെയും
ഭ്രാന്തിലേക്ക് തിരിച്ചെത്താന്‍
അവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു