Tuesday 29 January 2013

പ്രണയം

എന്‍ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ തുറക്കുന്ന
കടപ്പാട്: ഗൂഗിള്‍
പരിഭവം ചേര്‍ത്ത മിഴിത്തുമ്പുകള്‍
പറയുന്ന കഥകളില്‍ പ്രണയം തുളുംബുമ്പോള്‍
പരിഭവമലിയുന്നു എന്നുള്ളിലും
വിടരാത്ത മലരിനോടരികെ യടുക്കുമ്പോള്‍
പുലരിപോല്‍ മെല്ലെ തഴുകിടുമ്പോള്‍
മതിമറന്നുണരുന്ന പനിനീരിന്‍ പുഷ്പങ്ങള്‍
പതിയെ പരസ്പരം പുഞ്ചിരിപ്പൂ
പ്രിയതെ നീ എന്നുമെന്‍ പ്രിയതന്നെ എന്ന് ഞാന്‍
മൃദുവായ് നിന്‍ ചെവിയിലോതിടുമ്പോള്‍
പ്രണയത്താല്‍ പിന്നെയും കൂമ്പും  മിഴിക്കോണില്‍
നനവാര്‍ന്ന സ്വപ്‌നങ്ങള്‍ കണ്ടു നില്‍ക്കെ
വീണ്ടും  ഞാന്‍ മുഴുകിയെന്‍ മനതാരിനുള്ളിലെ
നിറമാര്‍ന്ന സ്വപ്നക്കിനാവിനുള്ളില്‍
ഒരുവേള നീയെന്‍റെ മുറിയുടെ വാതിലിന്‍
പുറകിലുണ്ടല്ലോ യെന്നോര്‍ത്തുപോയി




Saturday 26 January 2013

ഭാരത ഭൂമി




ഒരു പുതു പുലരിയെ വരവേല്‍ക്കാനായ്‌
പുളകമണിഞ്ഞീ നവ ഭൂമി
പുഴയും പറവയുമാറരുവികളും
പിറന്നു വീണൊരു പുണ്യഭൂമി

ഇതെന്‍റെ പ്രിയ ഭൂമി,
ഇതെന്‍റെ ഭാരത ഭൂമി,

സഹ്യ കിരീടം മുടിയില്‍ ചൂടി
മടിയില്‍ നദികളെ യാലോലം
തഴുകി ഉണര്‍ ത്തീവനമാലികളെ
കലകളമെന്നൊരു സംഗീതം

വേദപുരാണവു മിതിഹാസങ്ങളും
വാല്മീകത്തിലെ  മുനികഥയും
നന്മകളെറ്റി വരുന്നൊരു കാറ്റില്‍
എന്നുടെ  ഉള്ളില്‍ നിറക്കുന്നു

ഖുറാനും ബൈബിളും ഭഗവദ്ഗീതയും
സിരകളിലോടുന്നെന്നാലും നാം
സാഹോദര്യ തുടികളില്‍ തീര്‍ക്കും
താളത്തില്‍ മുഴുകീടുന്നു

നാനാത്വത്തില്‍ ഏകത്വം താന്‍
എന്നുടെ നാടിന്‍ പ്രിയ തത്വം
സത്യമഹിംസയും സന്മാര്‍ഗങ്ങളും
എന്‍റെയുമുള്ളില്‍ പടര്‍ത്തുന്നു

പിടിച്ചു വച്ചൊരു നാടിന്‍ മാനം
തിരിച്ചു വാങ്ങിയ വീരന്മാര്‍
ഗാന്ധിഭഗത്തും ബോസാസാദും
എന്നുടെ നാടിന്‍ പ്രിയ പുത്രര്‍

ഭാഷകളെറെ നാവുകളില്‍ പല
വേഷംദേശം സംസ്കാരം
മാനുഷരെല്ലാം ഒന്നാണെന്നതു
വരച്ചിരിപ്പൂ ഇടനെഞ്ചില്‍

ഒത്തോരുമിക്കുക സാഹോദര്യം
ചെര്‍ക്കുന്നൊരു വന്‍ ചങ്ങലയായ്
വരുവിന്‍ പ്രിയരേ വരവേല്‍ക്കാം ഈ
തേജസ്സര്‍ന്നൊരു പൊന്‍ പുലരി

ഇതെന്‍റെ പ്രിയ ഭൂമി,
ഇതെന്‍റെ ഭാരത ഭൂമി,


(ദേശ ഭക്തി ഗാനം, സബ് ജില്ല കലോത്സവത്തിന് വേണ്ടി എഴുതി ചിട്ടപ്പെടുത്തിയത്!)





ഭാരതത്തിന്‍ മക്കള്‍

ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക   (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക

ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌,( x2)

സത്യവും സമത്വവും പുലര്‍ത്തിടേണമുള്ളില്‍ നാം
ഹിംസയെ എതിര്‍ക്കണം , തകര്‍ക്കണം  ജയിക്കണം
നല്ല നാടിനായി നന്‍ മനുഷ്യനായി മാറണം
നന്മയും വിശുദ്ദിയും മനസ്സിനുള്ളിലേറണം

പാരിലെങ്ങു പോയിയാലും പാതകളോര്ത്തീടണം
പേരിനോട് കൂടി തന്നെ നാടിന്‍ മഹിമ കാക്കണം
ബുദ്ധ ഗാന്ധി തത്വ മൊക്കെയും മനസ്സിലോര്‍ക്കണം
സ്വാമി വിവേകാനന്ദ സൂക്തവും പഠിക്കണം

ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക   (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക

ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌,( x2)

സിരകളിലായോടണം സുഭാഷിന്‍ വീരഗാഥകള്‍
ഹിംസഏറി യാല്‍  ഭഗത്തിനെ മനസ്സിലേറ്റണം
ന്യായമായതെന്തിനും മനസ്സ് കൂടെ നില്‍ക്കണം
അന്യായമൊക്കെയും എതിര്‍ക്കുവാനായ് ഒത്തു നീങ്ങണം

ഭാരതീയര്‍ നമ്മളെന്നു ചൊല്ലുവാനായ്‌ വാനിലെ
താരകങ്ങളൊക്കെയും തുണച്ചിടും ശ്രമിച്ചിടില്‍
മാനവും മര്യാദയും നടപ്പിലും മനസ്സിലും
പ്രവര്‍ത്തിയാല്‍ പകര്‍ത്തിയാല്‍  നമുക്ക് നന്മയേ വരൂ

ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക   (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക


(ദേശ ഭക്തി ഗാനം, സബ് ജില്ല കലോത്സവത്തിന് വേണ്ടി എഴുതി ചിട്ടപ്പെടുത്തിയത്!)

ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌,( x2)

Wednesday 23 January 2013

കരിനാക്ക്..

വീണ്ടുമൊരിക്കലാ വിരലെന്നെ ചൂണ്ടുമ്പോള്‍
ചൂളിഞാന്‍ മേല്ലെയുരുകി നിന്നു
നരനെന്നു ചൊന്നൊരു നാളില്‍ തുടങ്ങിയ
പരിഹാസ ബാണങ്ങളേറ്റു നിന്നു

വെറുതേയപഹാസ്യനാകുവാനായെന്നെ
ഇവിടെ പ്രതിഷ്ഠിച്ചതെന്തിനാവോ
കരിപുരട്ടാനായും കറപുരളാനായും
ഇനിയും ഉറങ്ങാതിരുന്നിടണോ

പറയുന്നതൊക്കെയും ശരിയാകുമെങ്കിലും
ശരിയല്ലാ ഞാനീ പറഞ്ഞതെന്ന്
പറയുന്നു പലരുമെന്‍ മുന്നില്‍ വന്നീടുമ്പോള്‍
കരിനാക്കനെന്നു വിളിച്ചിടുന്നു

വിധിയെന്റെ കയ്യിലല്ലെന്നറിഞ്ഞീടുക
മനിതരെ നിങ്ങള്‍ ഒന്നോര്ത്തീടുക
വിധികാണാന്‍ ചെറിയൊരു കഴിവുള്ളതല്ലാതെ
വെറുമൊരു പാവമാണെന്നറിക

സകലതും കണ്ടിട്ടും മിണ്ടാതിരുന്നെന്നാല്‍
മനതാരില്‍ വേദനയെന്നറിക
മനമുള്ളിലോന്നും മറച്ചുവെക്കാത്തതും
മനശുദ്ധി കാരണമെന്നറിക

ഇനിയുമീ മണ്ണിന്‍ മേല്‍  ഒരു ഭാരമായി ഞാന്‍
തുടരുന്ന തെന്തിനെന്നോര്ത്തു ഞാനും
മതിയായി ഈ ജോലി ഇനി വേറെ യായിടാം
ഭഗവാനെ നീ കനിഞ്ഞീടുമെങ്കില്‍ !

Tuesday 22 January 2013

വിധവ


നിറമില്ല കണ്ണിലും
നിറമാര്‍ന്ന ചുണ്ടിലും
പതിവുള്ളുടുപ്പിലും

പകുത്താ വഴവിലും


നനവാര്‍ന്ന കണ്ണുകള്‍
കാണാത്ത നിശ്വാസം
കാണാത്തതെന്തേ ഈ
കാണുന്നവര്‍ പോലും

മകളായും മനസ്സായും
മായാത്ത കനവായും
മാരന്‍റെ മനമായും
മാറി മറിഞ്ഞിവള്‍

മരണത്തെ വേള്‍ക്കുവാന്‍
മാരന്‍ പിരിഞ്ഞിട്ടും
മനമുള്ളില്‍ തേങ്ങലായ്
നീറി ജീവിക്കുന്നവള്‍


മൌനമായ് മാറിലെ
നൊമ്പര തീയില്‍
നീ നീറ്റിയീ ജീവിതം
ഹോമിച്ചു തീര്‍ക്കുന്നു

സ്വപ്നങ്ങളില്ലാതെ
നഷ്ടങ്ങളറിയാതെ
നോവായി നേരായി
നാളെയെ നോക്കുന്നു

നിറമുള്ള ജീവിതം
നമ്മളാടീടുമ്പോള്‍
നിറമില്ലാ ചേലയില്‍
കണ്ടു നില്‍ക്കുന്നിവള്‍

വീടിന്‍റെ നഷ്ടവും
നാടിന്‍റെ ദുഖവും
ഒപ്പം വിധിച്ചതും
നേരിടാനായോര്‍ത്ത്


കടപ്പാട് : ഗൂഗിള്‍

കരയുവാനായ് തുള്ളി
കണ്ണുനീര്‍ പോലുമേ
ഇനിയില്ല നെഞ്ചിന്‍
നെരിപ്പോടിനുള്ളില്‍

കരയാതെ നെഞ്ചില്‍
കനംവച്ചു പോയി
കനവുകള്‍ പോലും
കലങ്ങിയ നാളില്‍

വേദനയില്ലിപ്പോള്‍
വാക്കുകളില്പോലും
വേഗതയില്ലിപ്പോള്‍
വാസനയിലൊന്നും

എന്നീശനെ കാണുവാന്‍

വേഗമീ ഭൂമിയില്‍
കാലമൊടുങ്ങാനായ്
പ്രാര്‍ത്ഥന മാത്രം!


Thursday 10 January 2013

നൊമ്പരം

ഇന്നെന്‍റെ രാപ്പാടി പറന്നകന്നു
ഒന്നുമൊന്നും പറയാതെ
ഒരുവാക്കും മിണ്ടാതെ
വിടപോലും വാങ്ങാതെ
പറന്നകന്നു

ഒരു തേങ്ങലില്‍ പൊതിഞ്ഞ
കണ്ണുനീരും
ഒരുപാടു നൊമ്പരങ്ങളും
മുറിവുണങ്ങാതെന്‍ മനസ്സും
ബാക്കിയായി!


( ഇത് എന്റെ മനസ്സിന്‍റെ വേദനയാണ്, ആ ദില്ലി പെണ്‍കുട്ടിയോട് നാം കാണിച്ച ക്രൂരതയില്‍ തകര്‍ന്ന എന്‍റെ മനസ്സിന്‍റെ തേങ്ങല്‍ )


Tuesday 1 January 2013

നിനക്കായ് ....

സന്ധ്യകളില്‍ ഞാന്‍ മിഴികളുറപ്പിച്ചു
കടപ്പാട് : ഗൂഗിള്‍
നില്‍ക്കുന്നു നിന്‍ വഴിയിലൂടെ
എന്‍ ജാലകങ്ങള്‍ അടക്കാറില്ലിപ്പോള്‍ ഞാന്‍
നിന്നുടെ വരവിന്‍ പ്രതീക്ഷയാലെ
എന്നു നീ വരുമെന്ന ചോദ്യത്തിനെങ്കിലും
മേല്ലെയോരുത്തരം തന്നു കൂടെ
എന്‍റെ ഏകാന്തത ഒരുവാക്കിന്‍ തഴുകലില്‍
കാത്തിരിപ്പായി ഭവിക്കയില്ലേ!

(അകലെയെങ്ങോ ഉള്ള പ്രിയതമനെ ഓര്‍ക്കുമ്പോള്‍ പ്രണയിനിയുടെ മനസ്സിലെ ചില ചിന്തകള്‍ ചിത്രീകരിച്ചിരിക്കുന്നു)