Sunday, 29 September 2013

പതനം

കടപ്പാട് : ഗൂഗിള്‍
ഒരു പതനത്തിന്റെ ഒടുക്കം
അനുഭവിച്ചറിയുന്നവര്‍ നിര്‍ഭാഗ്യവാന്‍മാര്‍
പതനത്തോടെയോ അതോ  അതിന് മുന്‍പോ
ദേഹം വിടുന്നവരുണ്ട്
പക്ഷെ അവര്‍ക്കാര്‍ക്കും
അവകാശപ്പെടാന്‍ സാധിക്കാത്ത
ഒന്നുണ്ട്, ഒരു അനുഭവമുണ്ട്
കാരണം
ഒരു പതനം പൂര്‍ണമാകുന്നത്
ആ അവസാന നിമിഷത്തിലാണ്
അതിന്‍റെ അനുഭവം
ജീവിതം മുഴുവനും!
എത്രയധികം കാലം ജീവിക്കുന്നുവോ
അത്രയും...

Saturday, 28 September 2013

മഴയും തണുപ്പും

വെള്ളക്കരങ്ങള്‍ കൊണ്ട് 
തണുപ്പെന്നെ തഴുകവേ
ആ ഇഷ്ടത്തിന് പിന്നിലെ ചതി
ഞാന്‍ തിരിച്ചറിഞ്ഞില്ല
മഴയെ ഇഷ്ടപ്പെട്ടിരുന്ന എന്നെ
എന്തിനാണ് നീ തണുപ്പിക്കുന്നത്?
ഞങ്ങളുടെ സംഗമത്തിലെ നിമിഷങ്ങള്‍
എന്തു ഭയമാണ് നിന്നില്‍ ഉണര്‍ത്തിയത് ?

Sunday, 22 September 2013

പറയാനുള്ളത്....

വര്‍ണ്ണ ദീപ പ്രകാശമായ് നീ എന്‍റെ
കണ്ണില്‍ ദിവ്യാനുരാഗം പടര്‍ത്തവേ
മെല്ലെ ഓര്‍ത്തുപോയ് ഞാനുമെന്‍ ജീവിത-
മെത്രധന്യമെന്നുള്ളില്‍ ചിരിയോടെ

 എത്ര നാളുകള്‍ പോയ്മറഞ്ഞീടിലും
ഇത്രതന്നെയെന്‍ ഉള്ളിലുണ്ടായിടും
ഇഷ്ടമെന്നുള്ള രാഗത്തിന്‍ മര്‍മരം
നിന്നെയോര്‍ക്കുന്ന ഓരോ ദിനത്തിലും

ഒറ്റ നൂലില്‍ കൊരുത്തിട്ട താലിയില്‍
എന്‍റെ കയ്യില്‍ കരം തന്ന നിന്നെയെന്‍
ശിഷ്ടകാലം മുഴുക്കെയെന്‍ പ്രാണനായ്
നോക്കുമെന്നുമുറപ്പിച്ചു നാളതില്‍

ജന്മമേകിയ നാടിനെ വിട്ടുനീ
എന്‍റെ കൂടെ ഇറങ്ങിത്തിരിക്കവേ
കണ്‍കള്‍ രണ്ടും നിറഞ്ഞതില്‍ ഞാന്‍ കണ്ടു
എണ്ണമില്ലാത്ത ചോദ്യചിഹ്നങ്ങളും

അന്നു നിന്‍ കാതില്‍ ചൊല്ലിയതൊക്കെയും
ഇന്നുമോര്‍ക്കുന്നു ഇന്നുപോല്‍ ഞാന്‍ സഖീ
കാത്തിടും നിന്നെ ജീവനിന്‍ ജീവനായ്
പ്രാണനെന്നെ പിരിഞ്ഞുപോകും വരെ.Tuesday, 17 September 2013

വളര്‍ച്ച

വളര്‍ച്ച ഒരു അടുക്കലാണ്
തന്നിലും മൂത്തവരോട്
തന്നെ താലോലിച്ചിരുന്നവരോട്
തന്നെ ചെറുതെന്ന് ചൊല്ലി
പുറം തള്ളിവരോട്
എല്ലാത്തിനുമുപരി ആകാശത്തോട്.
ആ ഉയരത്തില്‍ എത്തിക്കഴിഞ്ഞ്
തിരിഞ്ഞു നോക്കരുത്
കാരണം നഷ്ടങ്ങളുടെ ഇടയില്‍
അമ്മയുടെ സ്നേഹവും
അച്ഛന്റെ വാത്സല്യവും
കൂടപ്പിറപ്പുകളുടെ കരുതലും
ഉള്ളിലെ നിഷ്കളങ്കതയും കാണും
നഷ്ടബോധങ്ങളില്‍ ഉരുകിത്തീരുമ്പോള്‍
ബാക്കിയാവുന്നത് നിസ്സഹായതയുടെ
തളര്‍ന്ന തലോടലുകള്‍ മാത്രം

കന്യക

നിര്‍വീര്യമായ ഒരു ബോംബിനെപ്പോലെ
എന്റെ പെണ്മയോതിയ  ദുഷിച്ചരക്തത്തെ 
കാലം പിന്നെയും പുറംതള്ളി 
എന്റെ  ഭയങ്ങളും ആശങ്കകളും അതോടൊപ്പം 
ഒലിച്ചുപോയപ്പോള്‍ ഞാന്‍ നെടുവീര്‍പ്പിട്ടു 

പിന്നെയും നഷ്ടപ്പെട്ട അവസരം 
എന്നെ അലോസരപ്പെടുത്തിയില്ല 
മറിച്ച് ദൈവത്തോട് നന്ദി പറഞ്ഞു ചിരിച്ചു 
എന്നെ വീ ണ്ടും കന്യകയായിതന്നെ നിലനിര്‍ത്തി 
എന്റെ ജീവിതം ആനന്ദപൂര്‍ണ്ണമാക്കിയതിന് ! 


Wednesday, 11 September 2013

ഓര്‍മയിലെ മെഴുകുതിരിനാളങ്ങള്‍

കനലും കരിയും ഒരു പിടിച്ചാരവും
പിടയും ശരീരങ്ങളതിനുള്ളിലും
കരളും കരഞ്ഞു പോം ഹൃദയമുള്ളോരുടെ
കണ്ണുകളറിയാതെ സജലമാകും
നാലുപാടും കേട്ടയാ വിലാപങ്ങള്‍
ഒക്കെയും നഷ്ടങ്ങളോതിടുന്നു
കേള്‍ക്കുവോരൊക്കെയും ഞെട്ടലിന്നുള്ളിലും
പൊട്ടിക്കരഞ്ഞാര്‍ത്തു വിലപിക്കുന്നു

അന്നും പ്രഭാതത്തിന്‍ പൊന്കിരണങ്ങളില്‍
മുങ്ങിക്കുളിച്ചു പ്രസന്നരായി
പ്രൌഡിയോടിത്തിരി ഗര്‍വ്വോടെയും തല
പൊന്തിച്ചു നിന്നു മഹാമേരുകള്‍
നഗരത്തിന്‍ മധ്യത്തില്‍ നഗരത്തിന്നടയാള-
സ്തംഭങ്ങള്‍ രണ്ടുമുയര്‍ന്നുന്നിന്നു
ലോകത്തെയാകെ നിയന്ത്രിക്കുമക്കൈകള്‍
ലോകത്തിന്‍ കേന്ദ്രമെന്നോതി നിന്നു

നഗരത്തിന്‍ പലകോണില്‍ നിന്നുമാള്‍ക്കാര്‍പല
പണികള്‍ തുടങ്ങാനായ് ഒത്തുചേര്‍ന്നു
മരണമിന്നാണെന്നറിയുകില്ലാര്‍ക്കുമേ
മടിയില്ലാതിവിടെക്ക് വന്നുചേര്‍ന്നു
പരിതാപമെന്നേ ഞാന്‍ പറയുന്നുള്ളൂ സ്വന്തം
പതിനാറടുക്കുന്നതാര്‍ക്കറിയും !
പറവകള്‍ പോലെ പ്രദക്ഷിണം വക്കുന്നു
പവനന്റെ ചിറകിലായ് പതിനായിരം
കടപ്പാട് : ഗൂഗിള്‍

രണ്ടു വിമാനങ്ങള്‍ വന്നടുത്തൂ തെല്ലും
സംശയമില്ലാതെ ഇരു വശത്തും
അവയുടെ ചിറകുതന്‍ പിന്നില്‍ തിളങ്ങിയ
പകയിരമ്പും മനമാര്‍ നിനച്ചു
ഞെട്ടിക്കുമാറൊരു ശബ്ദമാദിക്കിനെ
പെട്ടെന്ന് കെട്ടിപ്പുണര്‍ന്നു വീഴ്ത്തി
കേട്ടവര്‍ കാഴ്ചയത് കണ്ട ക്ഷണത്തിലേ
സ്തബ്ദരായ് നിന്നുപോയ് സ്തംഭിച്ചുപോയ്

വല്ലഭന്‍മാരുടെ നെഞ്ചിനു നേര്‍
തൊടുത്തസ്ത്രങ്ങള്‍ക്കുന്നം പിഴച്ചതില്ല
ഒറ്റയിടിക്ക് തകര്‍ത്തു നീങ്ങി വെറും
കെട്ടിടമല്ലേറെ സ്വപ്നങ്ങളെ
മുട്ടിയിടിച്ചു തുടച്ച് നീക്കി ലോക-
മുറ്റു നോക്കും മഹാ സംഭവത്തെ
തെല്ലു നേരം കൊണ്ടമര്‍ന്നടിഞ്ഞു
അഹംഭാവവും തലപോലുരുണ്ടു മണ്ണില്‍

ചിതറിയോടും ജനങ്ങളുടെയുള്ളില്‍
ചകിതമാം ഭാവങ്ങള്‍ പ്രതിഫലിച്ചു
നിലവിളിയാകെ പ്രതിധ്വനിച്ചു
നഗര വീഥികള്‍ രണഭൂമി പോലെയായി
കല്‍കൂമ്പാരമുള്ളില്‍ പിടഞ്ഞുതീര്‍ന്നു
വിധിയുടെ ബലിയാടുകള്‍ പലരും
വികൃതിയുടെ ബാക്കി അനുഭവിക്കാന്‍
വിധിയുള്ളവര്‍ മാത്രം മുന്നില്‍ നിന്നു

തലകള്‍ തിരഞ്ഞു നടന്നിടുന്നു ചിലര്‍
തലയില്‍ കൈവച്ചു കരഞ്ഞിടുന്നു
പ്രാര്‍ത്ഥിച്ചു നെഞ്ചില്‍ കൈ വയ്ക്കുന്നവര്‍
പ്രാര്‍ത്ഥിച്ചതുള്ളിലായ് ആര്‍ക്കുവേണ്ടി?
ആര്‍ത്തു  കരയുന്നു ഒരുപെണ്‍കിടാവു തന്‍ 
പ്രിയനുടെ മൃതശരീരം പുണര്‍ന്നും
ആശകൈവെടിയാതെ മറ്റൊരാള്‍ പിന്നെയും
നോക്കി നടക്കുന്നു തന്‍ പ്രാണനെ!

നോക്കിയാല്‍ കാണുന്ന ദിക്കുകളിലൊക്കെയും
നാശങ്ങള്‍ മാത്രമേ കാണ്മതുള്ളൂ
ആശയങ്ങള്‍ തീരെച്ചേരാതെയായിടില്‍
ദേഷ്യക്കളങ്ങള്‍ വരക്കണമോ?
വേട്ടയാടുന്നവന്‍ വേട്ടയാടപ്പെട്ട
കാഴ്ചകള്‍ എങ്ങും വരച്ചു കാട്ടേ
കാലദോഷത്തിനാല്‍ ക്ഷീണിച്ച നാമാട്ടെ
ഭാഗ്യദോഷത്തിന്നടിമകളോ!

ഇന്നുമെന്‍ ഓര്‍മ്മയില്‍ തങ്ങിടുന്നു
വിധി ചൊന്നരാ ദിവസത്തിലെ കാഴ്ചകള്‍
കത്തിച്ചു പ്രാര്‍ത്ഥിച്ച തിരികളെന്തേ മെല്ലെ
കത്തിയെരിയുന്നു ശാന്തിയോടെ
തിരികള്‍ ചൊല്ലുന്നതും കേള്‍ക്കുന്നു ഞാന്‍
കത്തിത്തീരട്ടെ വാശിവിദ്വേഷങ്ങളും
കത്തിയൊടുങ്ങവേ കാണിച്ച വെട്ടത്തില്‍
കണ്ടുഞാന്‍ വെണ്പ്രാക്കള്‍ തന്‍ പറക്കല്‍.....(സെപ്തംബര്‍ 11വേള്‍ഡ്  ട്രേഡ് സെന്റര്‍ അനുസ്മരണം )


രാഷ്ട്രീയം (ഒരു TP അനുസ്മരണം)

ചുടുചോര നുരയുന്ന തെരുവുകളിലാകെയും
പടനിലത്തിന്റെ വിഭ്രാന്തിയില്ല
ഉള്ളതാനെങ്കിലോ നീന്തിത്തുടിക്കാ-
നൊരുങ്ങുന്ന കുഞ്ഞിനൊക്കും കൌതുകം
നാളെ ഈ ഞാനും ഒടുങ്ങും സഖേ
ബലിക്കല്ലിലെന്‍ തല നീ ചവിട്ടിപ്പിടിക്കും
മഴുവിന്‍ തണുപ്പെന്റെ കണ്ഠം മുറിക്കുമ്പോള്‍
ചിരി നിന്റെയാണെന്നും ഞാനറിയും

അറിയാത്തവര്‍ക്കാത്മഹത്യയാണെങ്കിലും
 ഹൂതിയാണറിവേറി വന്നവര്‍ക്ക്
പിന്നില്‍ വിലപിച്ചു നിലവിളിക്കുന്നോര്‍ക്ക്
വിലപിക്കാനുതകുന്നോരോര്‍മ്മ മാത്രം
നിലനില്‍ക്കും ഞാനെന്നു മനസ്സ് ചൊല്ലുമ്പോഴും
മറകൂട്ടി എന്തേ മറച്ചു വെപ്പൂ
മറവിയില്‍ മായാതെ മരണത്തിന്‍ ശേഷവും
മധുരമാമോര്‍മ്മകള്‍ മിഴിയിതളില്‍

വരുമെന്റെ കാലമെന്നുയരെ വിളിക്കുമ്പോള്‍
വരവേല്പൂ അന്ത്യത്തെ ഞാനീ വഴി
വരവാട്ടെ എന്നെ പിരിയാതിരിക്കാനായ്
വഴികേള്‍പ്പൂ എന്‍റെ സതീര്‍ത്ഥരോടായ്
വഴികള്‍ പിരിഞ്ഞാലും പ്രിയസുഹൃത്തെ നീയെന്‍
പ്രിയനായിതന്നെ നിലകൊള്ളണം
ചിന്തയും തത്വവും ഭിന്നമാണെങ്കിലും
നാവിലെല്ലാം നാടിന്‍ നന്മ മാത്രം

നാളെയും നേരം പുലരുമെന്നും നാട്
നമ്മുടെതാണെന്നുമോര്‍ക്കണം നാം
പണിയുന്നു നാം നമുക്കായ് തന്നെ നരകവും
സ്വര്‍ഗമെന്തേ പണിയാനമാന്തം
ചോരചിന്തേണ്ടനാള്‍ ചോരയില്ലെങ്കിലോ
സിരകളില്‍ ആവേശമില്ലെങ്കിലോ
ചുടുവിയര്‍പ്പോഴുകേണ്ട കാലത്തോഴുക്കിയ
ചോരച്ചാല്‍ വിലയും അറിഞ്ഞിടേണം !