Wednesday 9 September 2015

ആണിന്‍റെ പെണ്ണുങ്ങള്‍

(കടപ്പാട് : ഗൂഗിള്‍)
ഒരു ചെറു മഴയില്‍ മുളക്കാന്‍ കൊതിക്കുന്ന
പുല്‍നാമ്പുകള്‍ പോലെയാണ്
ചില പെണ്ണുങ്ങള്‍
കാറ്റില്‍ ഉലയാന്‍ കാത്ത്
ചെറു മരങ്ങളെപ്പോലെ മറ്റു ചിലര്‍
ചിലര്‍ ദേശാടനക്കിളികളെപ്പോലെയാണ്
താവളം മാറ്റാന്‍ കാലം കാത്തിരിക്കുന്നവര്‍
മറ്റുചിലര്‍ ചിലന്തികളെപ്പോലെ
വലയില്‍ കുരുങ്ങുന്ന എന്തിനെയും ഇരയാക്കും
മീനുകളെപ്പോലെയുമുണ്ട് ചിലര്‍
വഴുതിമാറുന്ന മിടുക്കികള്‍
പക്ഷെ പിടിച്ചു കരയിലിട്ടാല്‍ തീര്‍ന്നു!
മഞ്ഞുപോലെയുണ്ട് ചിലര്‍
വരുന്നപോലെ തന്നെ പോകുന്നതും
അറിയിക്കാത്തവര്‍
തീ പോലെ പൊള്ളിക്കുന്നതും
ക്ഷൌരക്കത്തി പോലെ  കീറുന്നതും
മലവെള്ളം പോലെ കൂടെ ഒഴുക്കുന്നവരും
ഉണ്ട് കൂട്ടത്തില്‍
ചിലര്‍ ഇരുട്ടുപോലെയാണ്
ഒരു വിളക്കിന്‍ തിരിയില്‍ നശിക്കുന്നവര്‍
മറ്റുചിലര്‍ വെളിച്ചം പോലെയാണ്
ചുറ്റും ഉണര്‍വ്വും പ്രസരിപ്പും
വിടര്‍ത്തുന്നവര്‍
സൂര്യനെപ്പോലെയും കണ്ടിരിക്കുന്നു ചിലരെ
ഉഷ്ണം പരത്തിയാലും, ഇല്ലാതെ പറ്റാത്തവര്‍
ചന്ദ്രികയെപ്പോലെ സൌമ്യരും ഉണ്ട്
പൌര്‍ണമി മുതല്‍ അമാവാസി വരെ 
നിരന്തരംഭാവപ്പകര്‍ച്ചയുള്ളവര്‍
കടല്‍ പോലെ ശാന്തരുമുണ്ട്
ഈ കൂട്ടത്തില്‍
കടല്‍ പോലെ രൌദ്രതയും വശമുള്ളവര്‍
പക്ഷെ എനിക്കിഷ്ടമെന്തെന്നോ ഇവളില്‍ ?
ഇവള്‍ പെണ്ണാണ് എന്നതുതന്നെ
ആണിനെ ആണാക്കിയതും ഇവള്‍ തന്നെ


Monday 7 September 2015

സിഗരട്ടിന് പറയാനുള്ളത്..

(കടപ്പാട് : ഗൂഗിള്‍)
മരിക്കും മുന്‍പ് നിന്നോടൊരു വാക്ക്
ഞാന്‍ ഇനിയും ജനിക്കും
ഓരോ മരണത്തിലും നിന്നില്‍
ചെറു മുറിപ്പാടുകള്‍ വീഴ്ത്തി ഞാന്‍ പൊരുതും
ഒരുനാള്‍ ഞാന്‍ തന്ന മുറിവുകളില്‍ നിന്നും
രക്തം കിനിഞ്ഞും, പുഴുക്കള്‍ നുരച്ചും
പഴുത്തും, പുഴുത്തും നീ അവസാനിക്കും
വീണ്ടും പുനര്‍ജനിക്കാന്‍
നിന്നെയും നിന്റെ കൂട്ടരെയും
വേരോടെ മുടിക്കാന്‍
എന്‍റെ ആയുസ്സിന്നു പകരം ചോദിക്കാന്‍ !