Wednesday 12 June 2013

ചിന്താ ബന്ധനം !

പ്രണയമാദ്യം കൊതിപ്പിച്ച നാളില്‍ ഞാന്‍
പൊഴികള്‍ ചൊല്ലി പഠിപ്പിച്ചു ചിന്തയെ
മനസ്സിനിരുളറക്കുള്ളില്‍  തഴുതിട്ട്
പെരിയ താഴാല്‍ ഉറപ്പിച്ചു താക്കോലില്‍
വലിയ നുണയുടെ കല്ലൊന്നു ബന്ധിച്ച്
മനസ്സിനാഴത്തില്‍ മെല്ലെ അടക്കവേ
തെല്ലു വിറയാര്‍ന്ന കൈകളാലൊരുപിടി
മണ്ണ് വിതറി ഞാന്‍ മെല്ലെ നടന്നുപോയ്‌

കാലമേറെ കഴിഞ്ഞുപോയ്‌ നാളുകള്‍
എണ്ണിയെണ്ണിക്കടന്നു വഴികളും
മെല്ലെ ഞാന്‍ വന്നു വഴിപിഴച്ചാവഴി
കണ്ടു പഴയയാ കാരാഗൃഹത്തെയും
എന്‍റെ കൈകളാല്‍ പൂട്ടിയ താഴിനെ
എന്‍റെ കൈകളാല്‍ തന്നെ ഞാന്‍ ഭേദിച്ചു
ഉള്ളില്‍ മേല്ലെയുറങ്ങിക്കിടോന്നോരെന്‍
ചിന്തയെ മെല്ലെ വാരിപ്പുണര്‍ന്നു ഞാന്‍

മെല്ലെ മെല്ലെത്തഴുകിത്തലോടവേ
പിന്‍കഴുത്തിലായ് കേട്ടു നിശ്വാസങ്ങള്‍
പിന്നെയാകെ നനപ്പിച്ചു മേനിയെ
മെല്ലെ മെല്ലെ തുളുമ്പുന്ന കണ്ണുകള്‍
പിന്നില്‍ വന്നൊരു ചോദ്യശരത്തില്‍ ഞാന്‍
മെല്ലെ വീണു പരിക്കേറ്റു ഭൂമിയില്‍
എന്നെ എന്തിനായിങ്ങനെ വഞ്ചിച്ചു
നല്ലനാളുകള്‍ കാണ്മാനയക്കാതെ

ഒന്നുമൊന്നുമേ ചൊല്ലുവാനില്ലാതെ
വിങ്ങിഞാനും വിതുംബുവാന്‍ വയ്യാതെ
കണ്ണില്‍ മിന്നി വിഷാദത്തിന്‍ ഭാവങ്ങള്‍
പിന്നെയോതി വിറയ്ക്കുന്ന ചുണ്ടാലെ
നിന്നെയല്ലാതെയാരെയും ഈ വിധം
കണ്ടുപ്രേമിച്ചതില്ലെന്നറിയുക
വേണ്ടെനിക്കെന്റെ ഹൃത്തിലായ് വേറൊരാള്‍
നിന്നെ മാത്രം പ്രതിഷ്ഠിച്ചോരീയിടം

നിന്നെ മറ്റൊരാള്‍ കൊണ്ടുപോയീടുകില്‍
പിന്നെ ഞാനില്ല എന്റെയസ്ഥിത്വവും
വീണ്ടുമെന്റേത് മാത്രമായ് തീരുക
നീ പിഴക്കാതെ നോക്കുക നീ തന്നെ
നല്ലനാളുകള്‍ വാഴുവാന്‍ നിന്നെ ഞാന്‍
വീണ്ടുമീ മുറിക്കുള്ളില്‍ അടക്കട്ടെ
സ്വര്‍ണവാതിലും താഴും ഘടിപ്പിച്ച്
പഞ്ഞി മേഘക്കിടക്കയുമേകിടാം

എന്‍റെ ഉള്ളിലായെരിയുന്ന നോവിനെ
മേല്ലെയുള്ളില്‍ അടക്കിപ്പിടിച്ചു ഞാന്‍
പിന്നെയും പാവമാമൊരു ചിന്തയെ
മേല്ലെയുന്തിയകത്താക്കി പയ്യെഞാന്‍
പൊട്ടുവീഴാത്ത പൊന്നിന്റെ താഴിനാല്‍
കെട്ടുറപ്പോടെ ബന്ധിച്ചു താക്കോലില്‍
കല്ലുകെട്ടി ചുഴറ്റി യെറിഞ്ഞപ്പോള്‍
കണ്ണുരണ്ടും നിറഞ്ഞതും കണ്ടു ഞാന്‍














14 comments:

  1. ചിന്താബന്ധനം മനോഹരമായി

    ReplyDelete
  2. പ്രണയമേ നീ...............

    ReplyDelete
  3. വളരെ നല്ല കവിത ആശയവും അവതരണവും കവിത്വവും വളരെ വളരെ നന്നായി

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ, ഈ വരവിനും, വായനക്കും, അഭിപ്രായത്തിനും.

      Delete
  4. ഇനി ആ താഴു തുറക്കാതെ നോക്കുക. നല്ല ആശയം..

    http://aswanyachu.blogspot.in/

    ReplyDelete
  5. നന്ദി അച്ചു. ഈ വരവിനും വായനക്കും

    ReplyDelete
  6. കല്ലുകെട്ടി ചുഴറ്റി യെറിഞ്ഞപ്പോള്‍
    കണ്ണുരണ്ടും നിറഞ്ഞതും കണ്ടു ഞാന്‍.....grt thought

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും നന്ദി ചേച്ചി, ഇനിയും വരണം, വായിക്കണം.

      Delete
  7. ചിന്തയ്ക്ക് മേലെയുള്ള സഞ്ചാരം....നല്ലൊരു അവതരണം . ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും, അഭിപ്രായത്തിനും, നന്ദി അനീഷ്‌.

      Delete