Tuesday, 5 February 2013

തിരിച്ചു വരവ് !

കൊല്ലമാഞ്ചായീ ഞാനീ
മരുഭൂമിയില്‍ തന്നെ
നാട്ടിലേക്കോടാനായി
ആശയില്ലാഞ്ഞിട്ടല്ല

ഇന്ന് ഞാനാശ്വാസത്തിന്‍
വക്കിലാണെന്നുള്ളതും
മേല്ലെയായ് പറഞ്ഞോട്ടെ
കണ്ണ് തട്ടിയെന്നാലോ

ആറ്റുനോറ്റുണ്ടാക്കിയ
വിസയെന്‍ കയ്യില്‍ ഭദ്രം
ടിക്കെറ്റു വന്നു ചേര്‍ന്നാല്‍
യാത്രയും തുടങ്ങീടാം

വീട്ടിലെ ആഹ്ലാദത്തിന്‍
അലകള്‍ കേട്ടു ഞാനും
ഫോണില്‍ ഞാനവളോട്
കാര്യങ്ങള്‍ പറഞ്ഞപ്പോള്‍

ഫോണിനായ് മക്കള്‍ രണ്ടും
തല്ലു കൂടുന്നു പക്ഷേ
അച്ഛനെ കണ്ടയോര്‍മ്മ
രണ്ടാള്‍ക്കുമുണ്ടോ ആവോ!

മൂത്തവന്‍ രണ്ടാം ക്ലാസില്‍
ചേര്‍ന്നതേയുള്ളൂ ഇപ്പോള്‍
മറ്റവന്‍  മുഖം നേരില്‍
കണ്ടിട്ടേയില്ല ഞാനും

സ്കൂളില്‍ ചേരാന്‍ നേരം
ഗള്‍ഫിലെ ബാഗും വേണം
അച്ഛന്‍ വന്നില്ലെങ്കിലും
അയച്ചു തന്നേ തീരൂ

വീഡിയോ ഗൈമും വേണം
കുപ്പായം വേറേ വേണം
ക്ലാസ്സിലേ ബഷീറിന്റെ
പോലത്തെ പേന വേണം

അച്ഛനായ് കുപ്പീ മതി
അമ്മക്കായ്‌ കമ്പിളിയും
നാട്ടുകാര്‍ക്കെല്ലാര്‍ക്കുമായ്
മിട്ടായി വേറെ വേണം

ചേട്ടനായ് സിഗരറ്റും
ചേച്ചിക്കായ്‌ ക്രീമും സോപ്പും
താഴെയുല്ലവള്‍ക്കാട്ടെ
ഒരുങ്ങാന്‍ മേക്കപ്പ് സെറ്റും

വാര്‍ത്തകള്‍ കേട്ട പാടെ
എത്തിയമ്മായി മാരും
തഞ്ചത്തില്‍ നാത്തൂനോടായ്‌
സോപ്പിട്ടു വിലപിച്ചു

രാത്രിയില്‍ കള്ളന്മാരെ
ഓടിക്കാനായെങ്കിലും
നല്ലൊരു ടോര്ച്ചു വേണം
ചൊല്ലിയാള്‍ മൂത്തമ്മായി

പെണ്ണിനായ് കല്യാണങ്ങള്‍
വന്നുകൊണ്ടിരിക്കുന്നു
സ്വര്‍ണമായ് എന്തെങ്കിലും
വേണ്ടയാള്‍ കുഞ്ഞമ്മായി

അവിടെ ഈന്തപ്പഴം
നിറയെ ഉണ്ടാവില്ലേ
പോരുമ്പോള്‍ കൊണ്ടു പോരൂ
എന്നോതി അമ്മാവനും

കോഴിക്കൊട്ടുള്ളമ്മായി
വേണമെന്നിലെങ്കിലും
കിട്ടിയാലെമെര്‍ജേന്സി
പോരട്ടെയെന്നുമോതി

 പിന്നെയും വന്നൂ പല-
യാളുകള്‍ ആവശ്യക്കാര്‍
ഇവിടെയെനിക്കെന്താ
കടയോ മറ്റോ ഉണ്ടോ?

ലിസ്റ്റുകള്‍ വായിച്ചിട്ട്
തീരുന്നതില്ല പക്ഷെ
ഫോണിലെ കാശാകട്ടെ
തീര്‍ന്നത് തന്നെ മിച്ചം

എന്നുടെ സന്തോഷങ്ങള്‍
നീണ്ടുനിന്നില്ലയെന്നാല്‍
പിറ്റെനാള്‍ അറിവായി
അറബി തീപ്പെട്ടെന്നും

നോക്കുവാനിനിയാരും
ഇല്ലയെന്‍ അറബിക്ക്
ശമ്പളം പോലും ബാക്കി
കിട്ടുമോന്നറിയില്ല

ടിക്കറ്റ്‌ പോട്ടെ പക്ഷെ
പോകാനും വരുവാനും
ഒപ്പിടാന്‍ ആരും ഇല്ല
പോക്കാകെ വഷളായി

ഇനിയഞ്ചാറു മാസം
കഴിഞ്ഞിടെണമെന്നും
അല്ലാതെ മറ്റുവേറെ
വഴികള്‍ കാണുന്നില്ല

വാര്‍ത്തകള്‍ പരന്നപ്പോള്‍
വീട്ടുകാരറിഞ്ഞപ്പോള്‍
വീട്ടിലായ് ജനക്കൂട്ടം
നാട്ടുകാര്‍ ചുറ്റും കൂടി

അമ്മയോ കരച്ചിലായ്
അച്ഛനോ മിണ്ടാതെയായ്
ഭാര്യയാകട്ടെ തേങ്ങി
തളര്‍ന്നു കിടക്കുന്നു

മക്കളാകട്ടെ രണ്ടും
പുരക്കു ചുറ്റും പാഞ്ഞു
നടക്കുന്നതില്‍ രസം
കാണുന്നു കളിക്കുന്നു

കാര്യങ്ങളറിഞ്ഞിട്ടു
വന്നൊരു മൂത്തമ്മായി
അമ്മക്കു കൂട്ടായ് നില്പൂ
കൂടെയായ് കുഞ്ഞമ്മായി

കോഴിക്കൊട്ടാകെ മൊത്തം
കള്ളന്മാരുടെ ശല്യം
എന്നൊരു കാര്യത്താലെ
വന്നതില്ലവിടുന്ന്‍

മാമന്മാര്‍ കൂടി നിന്ന്
ഏറെനേരത്തിന്‍ ശേഷം
ചര്‍ച്ചകള്‍ നടത്തീട്ടു
ചൊല്ലിയമ്മയോടായി

കറക്കൂ വേഗം ഫോണില്‍
അവനെ വിളിച്ചീടൂ
കാര്യങ്ങളെല്ലാം മൊത്തം
ചോദിച്ചറിഞ്ഞീടണം

സാരമില്ലെടാ മോനേ
ഞങ്ങളോക്കെയില്ലേടാ
വീട്ടിലെ കാര്യങ്ങളെ
നോക്കിടാം പിഴക്കാതെ

പിന്നെ നീ മറക്കേണ്ട
ചൊല്ലിയ സാധനങ്ങള്‍
പാര്‍സലായയച്ചാലും
കുഴപ്പമില്ല കേട്ടോ

കേട്ടതും കണ്ണില്‍ നിന്നും
കൊഴിഞ്ഞു കണ്ണീര്‍ പൂക്കള്‍
വാടിയ വദനത്തില്‍
ദുഖത്തില്‍ ഭാവം വന്നു

ഗള്‍ഫിലായതിന്‍ കഷ്ടം
തനിക്കും വീട്ടുകാര്‍ക്കും
മറ്റുള്ളോര്‍ക്കെല്ലാവര്‍ക്കും
വരവിന്‍ ആഘോഷങ്ങള്‍

പിഞ്ചു പൈതങ്ങള്‍ തന്‍റെ
മുഖങ്ങള്‍ നെഞ്ചിന്നുള്ളില്‍
കണ്ടതും കരഞ്ഞു ഞാന്‍
ഉച്ചത്തില്‍ വിലപിച്ചു

ഇനി ഞാനില്ല തിരി-
ച്ചിവിടെക്കൊരു വട്ടം
പോകട്ടെ ഞാനെന്‍ നാട്ടില്‍
വീടതാ വിളിക്കുന്നു

ബാങ്ക് ലോണ്‍ അടയ്ക്കാനും
അമ്മയെ നോക്കീടാനും
വേണ്ടതും പണം തന്നെ
നാട്ടില്‍ ഞാന്‍ എന്തു ചെയ്യും

പിന്നെയും ചിന്തിച്ചപ്പോള്‍
വേണ്ടെന്നു മനസ്സോതി
ഇഷ്ടങ്ങള്‍ക്കൊത്തുള്ളോരു
ജീവിതം സ്വപ്നം തന്നെ.

ഇവിടെ കുറേക്കാലം
നരകിച്ചാണെങ്കിലും
ഇത്തിരി കാശുണ്ടെങ്കില്‍
നാട്ടിലും കുശാലാകും

അങ്ങനെ പലവിധ
ചിന്തകള്‍ വന്നപ്പോള്‍ ഞാന്‍
സങ്കടമില്ലാതെയെന്‍
ജോലികളില്‍ മുഴുകി.


( ശ്രീ ചെമ്മനം ചാക്കോയുടെ ശൈലി ഉള്‍ക്കൊണ്ട് എഴുതിയ ഒരു ആക്ഷേപ ഹാസ്യം)
15 comments:

 1. This comment has been removed by the author.

  ReplyDelete
 2. കവിത ഉഗ്രനായി

  ആക്ഷേപഹാസ്യത്തില്‍ ആക്ഷേപമല്ല
  സത്യം മാത്രം

  ReplyDelete
  Replies
  1. നന്ദി അജിത്തെട്ടാ, ഈ വരവിനും വായനക്കും!

   Delete
 3. എല്ലാര്‍ക്കും എല്ലാം വേണം...
  കണക്കു കൂട്ടി നോക്കുമ്പോള്‍ ശിഷ്ട്ടം നമ്മള്‍ മാത്രം :)
  കൊള്ളാം മാഷേ ....

  ReplyDelete
  Replies
  1. നന്ദി ശലീര്‍, ഈ വരവിനും, വായനക്കും, ആസ്വാദനത്തിനും, അഭിപ്രായത്തിനും!

   Delete
 4. കൊള്ളാം കുറഞ്ഞ മാറ്റം വരുത്തിയാല്‍ നല്ലൊരു മാപ്പിള പാരഡി ആക്കാം

  ReplyDelete
  Replies
  1. ഹഹ, പാരടി തന്നെയാണല്ലോ ഒരു തരത്തില്‍ പറഞ്ഞാല്‍ ആക്ഷേപ ഹാസ്യം! മാറ്റി ഉപയോഗിച്ചോളൂ, കുഴപ്പമൊന്നുമില്ല!

   Delete
 5. Replies
  1. നന്ദി ഷാജു, ഈ പ്രോത്സാഹനത്തിന്!

   Delete
 6. വരികള്‍ വായിച്ചപ്പോള്‍ കണ്മുന്നില്‍ അവയിലെ കാഴ്ചകളും കണ്ടു; ലളിതമായി എഴുതിയിരിക്കുന്നു. അക്ഷരത്തെറ്റുകള്‍ ചിലയിടത്തെല്ലാം തലപൊക്കി നില്‍ക്കുന്നുണ്ട്; ഒന്ന്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും...

  ആശംസകള്‍!!!

  ReplyDelete
 7. തലകള്‍ വെട്ടി മാറ്റിയിട്ടുണ്ട് , വായനക്കും അഭിപ്രായത്തിനും നന്ദി , വീണ്ടും വരിക!

  ReplyDelete
 8. പ്രവീണ്‍ വരികളില്‍ കൂടി പറയാന്‍ ശ്രമിച്ചതെല്ലാം നേരുള്ള സത്യങ്ങള്‍ മാത്രം ,നന്നായിരിക്കുന്നു .

  ReplyDelete
  Replies
  1. നന്ദി ഫൈസല്‍, ഈ വരവിനും, വായനക്കും, അഭിപ്രായത്തിനും!

   Delete
 9. മുന്നിൽ വന്നുനിന്ന് ബോധിപ്പിക്കും പോലെ ഹൃദ്യം..ആശംസകൾ ട്ടൊ..നന്ദി
  സ്നേഹപുലരി..സുപ്രഭാതം..!

  ReplyDelete
  Replies
  1. നന്ദി, ഈ വരവിനും, വായനക്കും, അഭിപ്രായത്തിനും.വീണ്ടും വരിക.

   Delete