![]() |
കടപ്പാട് : ഗൂഗിള്‍ |
മനോഹരമായ സ്വപ്‌നങ്ങള്‍
പണിയുന്നതാണ് എന്‍റെ കല
പിടിപ്പതു ജോലിയുണ്ടെനിക്ക്
കൂലി എന്‍റെ സംതൃപ്തി തന്നെ
പലരും വന്നിട്ടുണ്ട്
എന്‍റെ പാര്‍പ്പിടത്തില്‍
എന്‍റെ കളത്തില്‍
എന്‍റെ ആലയില്‍
ഞാനുള്ളിടത്തൊക്കെ
എന്‍റെ പിന്നാലെ
എന്നെ അവര്‍ ഇഷ്ടപ്പെട്ടു
പ്രണയിച്ചു
എനിക്ക് വേണ്ടിയല്ല
അവര്‍ക്ക് വേണ്ടി
അവര്‍ക്ക് വേണ്ടുവോളം
എന്‍റെ സ്വപ്‌നങ്ങളവര്‍
പ്രൌഡിയോടെ ഏറ്റി നടന്നു
പക്ഷെ ഒടുവില്‍ ...
എല്ലാവരും പറഞ്ഞത് ഒരേ വാക്ക്
നിന്‍റെ ഹൃദയം കല്ലാണ് എന്ന്
ശരിയായിരുന്നു
എന്‍റെ ഹൃദയം കല്ലുതന്നെ
കോറിയിട്ട പ്രണയങ്ങള്‍
മായാതെ നിറഞ്ഞു
ഇടം ശേഷിക്കാത്ത വിധം!
പിന്നെയും തേച്ചുരച്ചു മിനുക്കി
പ്രണയം കൊത്തുമ്പോള്‍
ദുര്‍ബലമാകുന്നു എന്‍റെ ഹൃദയം
ഇനിയൊരു വട്ടം കൂടി
ചെത്തിമിനുക്കാനില്ലാത്ത വിധം
ശരിയാണ് അവര്‍ പറഞ്ഞത്
![]() |
കടപ്പാട് : ഗൂഗിള്‍ |
ഒരു കുഞ്ഞു വീഴ്ചയില്‍ പോലും
ഉടഞ്ഞു പോകാവുന്ന കല്ല്!
ഒന്ന് മാത്രം പറയും ഞാന്‍
ഇനിയെന്നെ വിളിക്കരുത്
നിങ്ങളുടെ സ്വപ്‌നങ്ങള്‍ കൊത്തി
തഴംബിച്ചത് എന്‍റെ കയ്യല്ല
മനസ്സാണ്
സ്വന്തമായി ഒരു സ്വപ്നം പോലുമില്ലാത്ത
ഒരു പാവം മനസ്സ്.