ആരും
കേള്‍ക്കാത്ത നിലവിളിക്കപ്പുറം
ഒരു
പെണ്ണിന്റെ തകര്‍ന്ന ഹൃദയവും
മുറിഞ്ഞ
ദേഹവും
നിലച്ച
ശ്വാസവും
വാവിട്ടലക്കുന്ന
അമ്മയുടെ കണ്ണീരുമുണ്ട്
![]() |
കടപ്പാട് : ഗൂഗിള്‍ |
ഭയത്തിന്റെ
സൂചിയാല്‍
മുറുക്കിത്തുന്നിയ
ചുണ്ടുകള്‍
മുകളിലേക്ക്
കൂപ്പിയ കൈകള്‍
അന്നത്തെ അന്നത്തിനുള്ള പാച്ചിലില്‍
കുതിരയെപ്പോലെ
മുന്നിലേക്ക് മാത്രം
ഓടുന്ന
പട്ടിണിപ്പാവങ്ങള്‍
അവരുടെ
ഭീതിയാര്‍ന്ന കണ്ണുകള്‍
കൂത്തുപാവകള്‍, ഭരണത്തിന്റെ
വേട്ടപ്പട്ടികള്‍, ഒരൊറ്റ നോട്ടത്തിന്റെ
തീഷ്ണതയില്‍
ആലസ്യത്തിലേക്ക്
മടങ്ങുന്നവര്‍
വീര്യം
നശിച്ചവര്‍
തലമൂടിക്കെട്ടി
കയ്യാമത്തില്‍ കുടുങ്ങി
ഊരുചുറ്റുന്നവന്
ദേശമോ, ജാതിയോ മുഖമോ ഇല്ല
നാളെ
അവന്റെ കണ്ണുകള്‍ പതിയുന്നത്
എവിടെ
എന്നും അറിയില്ല
ഞാനും
എന്റെ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്നു
നിശബ്ദത
ചിലപ്പോഴെങ്കിലും
ഒരു
അദൃശ്യ കവചമാകുന്നു
കര്‍മ്മങ്ങള്‍
മാത്രം വാചാലമാകുന്നു
കാരണം
എനിക്കറിയാം
ഒന്നും
തീരുന്നില്ല