Sunday, 29 May 2016

മദ്യശാല


(കടപ്പാട് : ഗൂഗിള്‍)
ഒരു ഐസ് കട്ടയിലും വേഗത്തിലാണ്
നീയും ഞാനും തമ്മിലുള്ള ദൂരം
അപ്രത്യക്ഷ്മാകുന്നത്
പറയാവുന്നതില്‍ അപ്പുറവും പറഞ്ഞു തീര്‍ക്കുമ്പോള്‍
നിന്നെക്കാള്‍ അപരിചിതനാകുന്നു
എന്‍റെ അപരിചിതത്വം
നിറക്കുകയും, ഒഴിക്കുകയും
ഒരു വെറും ചര്യയാകുമ്പോള്‍
ഞാനും നീയും നമ്മുടെ മാത്രം
ലോകത്തിലേക്ക് ചുരുങ്ങുന്നു
ഇഴയകലങ്ങള്‍ തുന്നിച്ചേര്‍ക്കുന്ന
വാക്കുകളുടെ സൂചിമുനകള്‍
അഭിപ്രായ സ്വാതന്ത്രത്തിന്റെ
അഭിനവ ശരങ്ങളെ ചെറുക്കുമ്പോള്‍
വീണ്ടും നീയെന്‍റെ ചഷകങ്ങള്‍ നിറക്കുന്നു
ലോകത്തിന്‍റെ മുന്നില്‍ ചെവിയടച്ച്
ഞാന്‍ നിന്നിലേക്ക്‌ മാത്രം ശ്രദ്ധിക്കുന്നു
നീയെനിക്ക് വെറും ചുണ്ടുകളും
ഞാന്‍ ഒരൊറ്റ ചെവിയുമായി പരിണമിക്കുന്നു
പേരും, ജാതിയും, സ്ഥാനങ്ങളും
വഴിയില്‍ കളഞ്ഞു പോകുന്നു
അവസാന തുള്ളി വരെ
ഊറ്റിയെടുത്ത കുപ്പിയില്‍
ഒരു ബലിക്കാക്ക അടയാളം വെക്കുന്നു
അവസാനമെപ്പൊഴോ നമ്മള്‍
നന്ദി പോലും പറയാതെ
സ്വന്തം സ്വപ്നലോകത്തേക്ക്
മടക്കം തുടരുന്നു
മദ്യശാല വീണ്ടും
ചഷകങ്ങളുടെ കിലുക്കങ്ങള്‍

ശബ്ദമുഖരിതമാക്കുന്നു