സമരമാണ് ജീവിതം സമത്വമാണ് ലക്ഷ്യവും
വരൂ പടുത്തുയര്‍ത്തിടാം നമുക്ക് നല്ല രാഷ്ട്രവും
മഹത്വമുണ്ട് ജീവിതത്തിനെന്ന മന്ത്രമറിയണം
പടര്‍ത്തിടേണം നന്മയും പഠിച്ച നല്ല പാഠവും
വിടര്‍ത്തിടേണം ഉള്ളില്‍ നമ്മള്‍ വാനമൊത്ത ചിന്തകള്‍
വളര്‍ത്തിടേണം ഉള്ളിലായ് സമത്വമെന്ന ഭാവവും
ഒഴുക്കിടേണ്ട ചോരയെ ഒഴുക്കണം ഞരമ്പിലായ്
വിയര്‍പ്പു കൊണ്ട് കാട്ടണം പ്രയത്നമെന്ന തന്ത്രവും
പതര്‍ച്ച വേണ്ട നമ്മളില്‍ ഉറച്ച നീതി കാട്ടുവാന്‍
തപിച്ചിടെണ്ട തിന്മയെ തുടച്ചു നീക്കി നീങ്ങുവാന്‍
തകര്‍ക്കണം അനീതിയെ ഉടച്ചു വാര്‍ത്തെടുക്കണം
പുഴക്കണം പടുക്കളെ തരുക്കളെ വളര്‍ത്തണം
ഉണര്‍ന്നിടേണം ഉള്ളില്‍ നാം ഒന്ന് ചേര്‍ന്ന് നില്‍ക്കണം
ഉറച്ചു പാറപോലെ ലക്ഷ്യമുള്ളില്‍ നാം കുറിക്കണം

തടുത്തിടാന്‍ മടിച്ചിടും പടക്കിറങ്ങുമാളുകള്‍
ചുവപ്പ് വേണമുള്ളിലെ ഞരമ്പുകള്‍ തുടിക്കണം
ചുവപ്പ് പാറിടേണം നാടിന്‍ വീഥികളില്‍ നിശ്ചയം
ചുവന്ന സൂര്യനെ നമിച്ചുണര്‍ന്നിടേണമാളുകള്‍
ചുവപ്പുരാശി വീണ മാനമോതണം ദിനാന്ത്യവും
ചുവന്ന മണ്ണില്‍ തീര്‍ക്കണം നമുക്ക് സ്വപ്നതുല്യമായ്
വിതക്കുമോരോ വിത്തിലും നിറഞ്ഞു നില്‍ക്കും സൌഭഗം
നമുക്കുവാര്‍ത്തെടുത്തിടേണമൊത്തു ചേര്‍ന്ന നാടിനെ
സഖാക്കളേ ഉണര്ന്നിടൂ നയിച്ചിടൂ മനസ്സിനെ
ലാല്‍ സലാം...ലാല്‍ സലാം....ലാല്‍ സലാം..............