Tuesday, 12 August 2014

പ്രണയാത്മം

നിന്‍റെ തിരകള്‍
എന്‍റെ തീരങ്ങളെ തഴുകുമ്പോഴും
(കടപ്പാട് - ഗൂഗിള്‍)
നിന്‍റെ തളിര്‍കാറ്റ്
എന്‍റെ മേനിയെ പുല്‍കുമ്പോഴും
നിന്‍റെ ചൂട്
എന്‍റെ  ഉള്ളിലെ കുളിരിനെ മാറ്റുമ്പോഴും
നിന്‍റെ ചിറകുകള്‍
എന്‍റെ ആകാശത്തില്‍ വിഹരിക്കുമ്പോഴും
നിന്‍റെ വേരുകള്‍
എന്‍റെ മണ്ണിനെ ചേര്‍ത്തു പിടിക്കുമ്പോഴും
പ്രിയേ ഞാന്‍ അറിയുന്നു
നിന്‍റെ പ്രണയമൊന്നില്ലായിരുന്നെങ്കില്‍
ഞാന്‍ അറിയില്ലായിരുന്നു
എന്നിലുള്ള ഈ ജീവന്‍റെ സ്പന്ദനം

Tuesday, 15 July 2014

ബലി

ഇന്നുപോകണം നിസ്കാരപ്പള്ളിയില്‍
ചൊല്ലണം എന്‍റെ സല്‍ക്കര്‍മ്മമൊക്കെയും
നൂറു തലകളും കാണിക്കയായ് വച്ച്
പുണ്യ ഹത്യകള്‍ ധീരനായ്‌ ചൊല്ലണം

എന്‍റെ തോക്കിന്‍ തലപ്പത്ത് നിന്നും
തിരകള്‍ തീതുപ്പിയലറുന്നതിന്‍ മുന്‍പ്
തലകള്‍ താഴ്ത്തിക്കുനിഞ്ഞു ദൈവത്തിനെ
ഒടുവിലോര്‍ത്തു കരഞ്ഞതും ചൊല്ലണം

വിജനമായ നിരത്തിലങ്ങിങ്ങോളം
പടഹധ്വനികള്‍ ഉയര്‍ത്തി മുന്നേറുമ്പോള്‍
തടസമാണെന്ന് തോന്നിച്ചിടുന്നവ
ഞൊടിയില്‍ തട്ടിത്തകര്‍ത്തതും ചൊല്ലണം

മറുപുറം നിന്ന് പോരാടിടുന്നവര്‍
തെരുതെരെ എന്‍റെ മരണം രസിക്കുവാന്‍
നിറയുതിര്‍ത്തതും പിന്നെയെന്‍ തോക്കിനാല്‍
മരണയാത്ര ഗ്രഹിച്ചതും ചൊല്ലണം

കളകള്‍ പോലെ മുളച്ചു പൊന്തീടുന്ന
ഇളയ ബാല്യങ്ങള്‍ ഒട്ടനേകങ്ങളെ
പിഴുതെറിഞ്ഞതിന്‍ വേരുമുറിച്ചതും
വലിയപുണ്യമായവനോട് ചൊല്ലണം

നിറവും നോക്കും നടപ്പും സമൂഹവും
മതവുമോരോ കണത്തിലും ദൈവവും
സമരവര്‍ എന്ന് തോന്നുന്നുവെങ്കിലും
കടപുഴക്കി ഞാന്‍ എന്നതും ചൊല്ലണം

മരണമെന്നുടെ കൂടെ നടക്കുമ്പോള്‍
മതിമതി എന്ന് മനസ്സ് ചൊല്ലീടുമ്പോള്‍
മനസടക്കുവാന്‍ ഒരു വിനോദത്തിനായ്
തലകള്‍ തട്ടിക്കളിച്ചതും ചൊല്ലണം

നരകയാതനക്കിടയില്‍ മനസ്സിന്‍റെ
വ്യഥകള്‍ മാറ്റിടാന്‍ ഉല്ലാസമേകിടാന്‍
അബലനവനുടെ കൊച്ചു പെണ്മക്കളെ
പരിണയിച്ചു രസിച്ചതും ചൊല്ലണം


ഇനിയുമെന്തു ചെയ്യേണമീ ഭൂമിയില്‍
മരണശേഷം സുബര്‍ക്കത്തിലെത്തുവാന്‍
കൊടുമയെത്രയായീടിലും ചെയ്തിടാം
മനസുറപ്പായി നില്‍പ്പതും ചൊല്ലണം

മരണമെന്നെ ഗ്രഹിക്കുന്ന നേരത്ത്
തുണയായ് കൂടെ നീ ഉണ്ടാവുമെങ്കില്‍ ഞാന്‍
പ്രിയസഹോദരര്‍ തന്നുടെ തലകളും
ബലിയായ് അര്‍പ്പിക്കുമെന്നതും ചൊല്ലണം









Friday, 30 May 2014

നിരക്ഷരന്റെ അഞ്ചു കവിതകള്‍

സ്കൂള്‍
പോകാന്‍ കൊതിച്ചിട്ടും
പോകാന്‍ വിടാതെയെന്‍
അച്ഛന്‍ പഠിപ്പിച്ചു പാഠമൊക്കെ
പാടത്തിറങ്ങി നിരങ്ങേണ്ടവര്‍ നാം
പാഠം പഠിച്ചിട്ടിതെന്തു ചെയ് വാന്‍

രാഷ്ട്രീയം
തമ്പ്രാന്‍ ചൊല്ലണ ചിത്രത്തില്‍ കുത്ത്യാല്‍
കുത്ത് നിറക്കാന്‍ നാണ്യം തരും
അന്തിക്ക് മോന്താന്‍ കള്ളും തരും
പിന്നെ കൂലിയില്‍ കൂടുതല്‍ നെല്ല് തരും

ഗാന്ധിജി
എണ്ണം പഠിപ്പിച്ച മാഷാണിത്
കാശിന്‍റെ രാജാവാം മാഷാണിത്
മൂവന്തി നേരത്ത് മോന്തുവാന്‍ നേരത്ത്
കീശയില്‍ വേണ്ടൊരു മാഷാണത്

ജോലി
മോന്തിക്ക്‌  വീട്ടില്‍
കയറുമ്പോള്‍ എന്‍റെ കാല്‍
മെല്ലെ വിറച്ചാലും സാരമില്ല
കയ്യിലായിത്തിരി
നോട്ടുകള്‍ കണ്ടെന്നാല്‍
കള്ള് മണത്താലും സാരമില്ല

പത്രം
ചായകുടിക്കുന്ന നേരത്ത് പീട്യെന്റെ
മുന്നിലെ ബെഞ്ചില്‍ നിരന്നിരുന്നാല്‍
കാണണം ആളുകള്‍ പൌറു കാണിക്കുവാന്‍
വായ്ക്കണ കടലാസ് താളുകളില്‍
എങ്ങും നടക്കാത്ത എങ്ങുമേ കേള്‍ക്കാത്ത
പൊള്ള് നിറച്ച കഥകള്‍ മാത്രം





Friday, 9 May 2014

ആമ്പല്‍പ്പൂ മരണങ്ങള്‍

മരണങ്ങളില്‍ ചിലത് ഇങ്ങനെയും ഉണ്ട്
ചെളിപിടിച്ചു പാഴായ ജീവിതങ്ങളില്‍
പലപ്പോഴും നമ്മള്‍
കടപ്പാട് : ഗൂഗിള്‍
ആകാംഷയോടെ ഉറ്റു നോക്കുന്നവ
ഇന്നോ നാളെയോ
ഒരത്ഭുതം പോലെ
ഒരാശ്വാസം പോലെ
ഒരു ശാപമോക്ഷം പോലെ
ചെളിയില്‍ മാത്രം വിരിയുന്ന
വെളുത്ത ആമ്പല്‍പ്പൂ പോലെ..
മൊട്ടിടുമ്പോഴും, വിരിയുമ്പോഴും
ഊര്‍ധന്‍റെ പരിഭ്രമത്തിനപ്പുറം
ചുറ്റും അവ ആഹ്ളാദം വിതറുന്നു
ചുറ്റുമുള്ളവര്‍ അതിന്‍റെ ഭംഗിയില്‍
മതി മറക്കും
വേഗം പറിച്ചെടുക്കാന്‍ ആഗ്രഹിക്കും
കൊഴിയാന്‍ പ്രാര്‍ഥിക്കും
അപ്പോഴും മനസ്സില്‍, ഒരു കോണില്‍
ഒരു മൃദു മന്ത്രണം പോലെ
കേള്‍ക്കും
വേണം ഇനിയുമൊരു നേരം കൂടി...
ജീവിച്ചു കൊതി തീരാന്‍ ഒരു മാത്ര കൂടി...

Monday, 24 February 2014

വ്യഥ

(കടപ്പാട് : ഗൂഗിള്‍)
വീണ്ടും മനസ്സിലുണരുന്നു
അറിവിന്‍റെ സ്വപ്നങ്ങളെ ഭേദിച്ച്
യാഥാര്‍ത്ഥ്യത്തിന്‍റെ പകലുകള്‍..
ചോദ്യങ്ങളുടെ വിത്തുകള്‍
മുളക്കുന്നതും കണ്ണ് തുറക്കുന്നതും
അനിശ്ചിതത്വത്തിന്‍റെ
അന്ധകാര കാരാഗൃഹങ്ങളിലെക്കല്ല
ശാന്തമായ പ്രഭാതം പോലെ
സ്വച്ഛമായ ഭാവിയിലേക്ക്,
സുനിശ്ചിതമായ സ്വസ്ഥതയിലേക്ക്
എങ്കിലും കലുഷമാണെന്റെ മനസ്സ്, നിന്‍റെയും
ഇല്ലാത്ത സൌഭാഗ്യങ്ങളും
കനിഞ്ഞു കിട്ടാത്ത വരദാനങ്ങളും
മനസ്സിനെ മദിക്കുന്നു
ഉള്ളിലേക്ക് തിരിഞ്ഞെത്തി നോക്കാന്‍
കണ്ണുകളും മടിക്കുന്നു

Monday, 3 February 2014

ലിംഗഭേദത്തിന്റെ തത്വം

(കടപ്പാട് : ഗൂഗിള്‍ )
എന്‍റെ ചില്ലകള്‍
നിന്‍റെ വാനിലേക്ക് ഏന്തി വളരുന്നത്‌
കാലഭേദമില്ലാതെ പിന്തുടരുന്ന,
ജരാനരകളുടെ വേരുപിടിച്ച,
പ്രത്യയ ശാസ്ത്രങ്ങളുടെ
അന്ധമായ ബഹിസ്ഫുരണം മാത്രം
തമസ്സളക്കുന്ന വേരുകള്‍ ഊറ്റിക്കുടിക്കുന്ന
പൂര്‍വിക ജന്മങ്ങളുടെ തീരാ കടങ്ങള്‍ ,
മരണത്തിനപ്പുറം മാത്രം,
നീ പോലുമറിയാതെ തീര്‍ന്നേക്കാവുന്ന
ചില നന്ദി പ്രകാശനങ്ങള്‍ ,
ജാതി മത ലിംഗ ഭേദമില്ലാതെ
പിണഞ്ഞ വേരുകള്‍
പുറമേ തൊട്ടുകൂടായ്മ ചൊല്ലുന്നു
മണ്ണിനടിയില്‍ വ്യഭിച്ചരിചാലും
പുറമേ ആഭിജാത്യത്തിന്‍റെ
അടയാളങ്ങള്‍ .....
ഇന്നും നിവര്‍ന്നു നില്‍ക്കുമ്പോള്‍
അടഞ്ഞ കണ്ണുകളിലെ ഇരുട്ടില്‍
നീ ഒളിപ്പിക്കുന്ന  ഒന്നുണ്ട്
നീ പൂട്ടിയിട്ട ഒരു സത്യം !
നീയില്ലെങ്കില്‍ ഞാനില്ല എന്നപോലെ തന്നെ
ഞാനില്ലെങ്കില്‍ നീയില്ല എന്ന സത്യം

Monday, 20 January 2014

വിഷകന്യക ജനിക്കുന്നു

ഇന്നും ഞാന്‍ പ്രാര്‍ഥിച്ചു
ഒരു വിഷപ്പല്ല് വരാന്‍
വെറുതെയെങ്കിലും
കൊടും വിഷം നിറഞ്ഞ
ഒരു വിഷ സഞ്ചി വളരാന്‍
കുറെ നാളത്തെ ആഗ്രഹമാണ്
മുന്‍പൊക്കെ എന്നെങ്കിലുമായിരുന്നു
ആരെയെങ്കിലും കൊല്ലണം
എന്ന് തോന്നിയിരുന്നത്
പക്ഷെ ഇന്ന് കഥ മാറിയിരിക്കുന്നു
കൊല്ലാനൊരുമ്പെട്ടാല്‍
പരശുരാമന്‍ തോറ്റുപോകും
അത്രക്കുണ്ട്
ഇന്നല്ലെങ്കില്‍ നാളെ എതിരിടേണ്ടവര്‍
പുതിയ വേഷത്തിലും ഭാവത്തിലും
ചിരിച്ചും, പുഞ്ചിരിച്ചും
കൊതിപ്പിച്ചും, പ്രശംസിച്ചും, ഭീഷണിപ്പെടുത്തിയും
മറ്റനേകം കുറുക്കു വഴികളാല്‍
കാമക്കണ്ണുകള്‍ മറച്ചു പിടിച്ചും
കൊത്തിവലിക്കാന്‍ തക്കം പാര്‍ത്ത്
കഴുകന്മാര്‍
കൊല്ലാനല്ല, ചാകാതിരിക്കാന്‍
ഇവിടെ ഈ ഭൂമിയില്‍
ഭയക്കാതെ ജീവിക്കാന്‍
എനിക്കുമാവശ്യം ഒരു വിഷപ്പല്ല്
അതുകൊണ്ടുതന്നെ
ഇന്നും ഞാന്‍ പ്രാര്‍ഥിച്ചു
ഒരു വിഷപ്പല്ല് വരാന്‍
വെറുതെയെങ്കിലും
കൊടും വിഷം നിറഞ്ഞ
ഒരു വിഷ സഞ്ചി വളരാന്‍

Thursday, 16 January 2014

രാഗബന്ധനം

ഇനിയുമുണ്ടീ മനസ്സില്‍ ഇണങ്ങാത്ത
പ്രണയമല്‍പ്പം ഉറങ്ങിക്കിടക്കുന്നു
ഇനിയുമുണ്ടെന്‍ ഹൃദന്തത്തിനുള്ളില്ലായ്
നിണമുണങ്ങാത്ത മുറിവുകളായിരം
പ്രണയമെന്റെ മനസ്സിന്‍ കയങ്ങളെ
ചുഴികളാക്കി ഇളക്കി മറിച്ചിട്ടും
മനസ്സ് തെല്ലും മയങ്ങാത്തതെന്തെന്ന്
അനുനയിപ്പിച്ചു ചോദ്യമുതിര്‍ത്തു ഞാന്‍

പ്രണയ പീഡിതരാകുവാന്‍ മനിതരില്‍
നിയമമേറെ അറിയേണ്ടതുണ്ടഹോ
ജാതി വര്‍ഗ്ഗപ്പൊരുത്തങ്ങള്‍ പോരാതെ
ജാതകങ്ങള്‍ കൂടി നോക്കിടുന്നു ചിലര്‍
ചേര്‍ച്ചയൊക്കുകില്‍ പിന്നേയൊരുകൂട്ടര്‍
ചീര്‍ത്ത കീശകള്‍ തൂക്കി നോക്കീടുന്നു
പെണ്ണ് തൂക്കത്തില്‍ പൊന്നും പണങ്ങളും
പിന്നെ വേറെ പല കൌതുകങ്ങളും

നിയമമെല്ലാം പഠിച്ചതിന്‍ ശേഷമീ
പ്രണയകാലം വരികില്ലോരിക്കലും
മനസ്സിലാകും നിനക്കെന്‍റെ വാക്കുകള്‍
തിരികെ നോക്കുകില്‍ പോയ കാലത്തിനെ
പ്രണയമുണരുകില്‍ നിന്നുടെ ജീവിതം
തകരുമോ എന്ന് ഞാന്‍ ഭയന്നീടുന്നു
മനസിനിരുളില്‍ മയക്കിക്കിടത്തി ഞാന്‍
പ്രണയകാലം തടഞ്ഞു വെച്ചീടുന്നു















Wednesday, 8 January 2014

ഭ്രാന്തം

എന്‍റെ ഭ്രാന്തിന് തണ്ണീര്‍ തടങ്ങള്‍ തുറക്കുന്നു
നിങ്ങളുടെ ഓരോ വാക്കുകളും
ഭ്രാന്തനെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കുന്നു
നിങ്ങളുടെ പ്രവര്‍ത്തികള്‍
എന്നില്‍ ആദ്യം വിത്ത് വിതച്ചതും നിങ്ങള്‍ തന്നെ
അതിനെ നിസ്വാര്‍ത്ഥതയോടെ പരിചരിച്ചതും നിങ്ങള്‍ തന്നെ
വളം ചെയ്തതും, ബോധത്തിന്റെ കളകള്‍
ഓരോന്നും വേരോടെ പിഴുതു മാറ്റിയതും നിങ്ങള്‍ തന്നെ
ഇന്നും എനിക്ക് ഞാന്‍ , ഞാന്‍ തന്നെ
കാലഭേദത്തിന്‍റെ രൂപമാറ്റം വകവെക്കാതെ
ആരെയും, എന്നെ തന്നെയും വഞ്ചിക്കാതെ
ഞാന്‍ ഞാനായി ജീവിക്കുന്നു
ഇന്ന് ഞാന്‍ ആരെയും കല്ലെറിയാറില്ല
അവരുടെ ഭ്രാന്തില്ലായ്മ അവര്‍ അറിയുന്നില്ല
ഈ ലോകത്ത് ജീവിക്കാന്‍ വേണ്ട
തിരിച്ചറിവില്‍ നിന്ന്
നന്മയുടെയും, കാപട്യമില്ലായ്മയുടെയും
ഭ്രാന്തിലേക്ക് തിരിച്ചെത്താന്‍
അവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു

Friday, 27 December 2013

ജീവിതത്തിന്‍റെ മൂന്നു കവിതകള്‍


ജ്ഞാനിയുടെ കവിത:
പാരില്‍ ഞാന്‍ പിറന്നതും
പിന്നെ ഞാന്‍ വളര്‍ന്നതും
പാഴല്ല എല്ലാം ഭവാന്‍
ചിന്തിച്ചു ചെയ് വതല്ലോ
ചെയ്യുന്നതെല്ലാം കര്‍മം
ചെയ്യാത്തതും തന്‍ കര്‍മം
സല്‍ക്കര്‍മ ദുഷ്കര്‍മങ്ങള്‍
എല്ലാം തന്‍ നിയോഗങ്ങള്‍

വിഡ്ഢിയുടെ കവിത:
ജയിക്കാനായീ മണ്ണില്‍
ജനിച്ചു ഞാനീ ഭൂവില്‍
ജയിക്കാനായി ഞാനും
പടകള്‍ നയിച്ചിടും
സര്‍വതും ജയിക്കുകില്‍
മരിക്കാതീയൂഴിയില്‍
ഇരിക്കും പെരെന്‍ അന്ത്യ-
ശ്വാസത്തിന്‍ പുറകിലും

സാധാരണക്കാരന്‍റെ കവിത:
നീക്കണം കാലം നന്നായ്
അല്ലലില്ലാതെ പിന്നെ
ആര്‍ക്കുമെന്‍ വിചാരത്തില്‍
ദോഷങ്ങള്‍ വരാതെയും
ഉറ്റവര്‍ക്കായും പിന്നെ
ഉറ്റുനോക്കുന്നോര്‍ക്കായും
നന്മകള്‍ ചെയ്യും വിധം
തള്ളണം കാലത്തിനെ


Tuesday, 26 November 2013

മേഘങ്ങള്‍ പഠിപ്പിക്കുന്നത്‌..

ഓരോ മഴയിലും അലിഞ്ഞു തീരുന്ന
ഈര്‍ഷ്യകളുണ്ട്  മനസ്സില്‍
ഓരോ കാറ്റിലും പൊഴിഞ്ഞു വീഴുന്ന
മുഖംമൂടികള്‍ ഉണ്ട് മനസ്സില്‍
ഓരോ വെയിലിലും വാടുന്ന
കിനാക്കളുണ്ട് മനസ്സില്‍
(കടപ്പാട് : ഗൂഗിള്‍ )
ഓരോ പുലരിയിലും പുതുനാമ്പുകള്‍ പോലെ
പ്രതീക്ഷകളുണ്ട് മനസ്സില്‍
ഓരോ നാളിലും പ്രകാശം പരത്തി
ചിന്തകളുണ്ട് മനസ്സില്‍
ഓരോര്‍ത്തര്‍ക്കുള്ളിലും നന്മയായി
നാം എന്ന ചിന്തയുണ്ട് മനസ്സില്‍
മഴ പെയ്യാതെയും, കാറ്റു വീശാതെയും
വെയില്‍ വരാതെയും, പുലരിപിറക്കാതെയും
പ്രകൃതിയുണ്ടോ?
മാറ്റങ്ങളില്‍ മാറാത്ത മനസ്സുകളുണ്ടോ?
ഉണ്ടെങ്കില്‍ നിങ്ങളോര്‍ക്കുക
കാര്‍മേഘങ്ങള്‍ അല്പ്പായുസ്സുകള്‍ ആണ്
ഇടിച്ചും മിന്നിയും ദേഷ്യം ചൊരിയുന്ന
ചില ജന്മങ്ങള്‍
ശാപം ഏറ്റുവാങ്ങി നശിക്കും
പിന്നെയും ബാക്കിയുള്ളവര്‍
ഒരുമഴക്കപ്പുറം തന്നെത്തന്നെ
തിരഞ്ഞു വശം കെടും
അപ്പോഴും നിങ്ങള്‍ ഓര്‍ക്കാത്ത
ചിലതുണ്ടാകും
നിങ്ങളാണ് അറിഞ്ഞോ, അറിയാതെയോ
നന്മയെന്തെന്ന്  മനസ്സിനെ പഠിപ്പിക്കുന്നത്‌
എന്താകരുത് എന്നും
എങ്ങിനെ ആകരുത് എന്നും
പഠിപ്പിക്കുന്നത്‌





Saturday, 9 November 2013

ഇരക്ക് പറയാനുള്ളത്..

എന്നെയീവിധം നോക്കാതെ പെണ്ണേ
എന്നെ നോക്കിച്ചിരിക്കാതെ പെണ്ണേ
എന്നെ മാടീ വിളിക്കും വിധത്തിലായ്
നിന്‍റെ ചേലയൊരുക്കാതെ പെണ്ണേ

നിന്‍റെ വില്ലില്‍ കുലച്ചുവച്ചുള്ളോരാ
കണ്ണിന്‍ മുള്ളുകള്‍ കണ്ടു ഞാന്‍ പെണ്ണേ
നിന്‍റെ ചുണ്ടിന്‍റെ ചോപ്പില്‍ ഒളിപ്പിച്ച
നിന്‍ വിഷപ്പല്ല് കണ്ടു ഞാന്‍ പെണ്ണേ

എന്നെ നിന്‍റെ അരികത്തണച്ചിടും
പൊന്‍മൃഗം ഞാന്‍  മണക്കുന്നു പെണ്ണേ
എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുമാ
വന്‍മൃഗത്തെ ഉണര്‍ത്താതെ പെണ്ണേ

നിന്‍ചിരിയില്‍ മയക്കിയെന്‍ കണ്കെട്ടി
വിഡ്ഢിയെന്നെ നീ ഓടിച്ചീടുമ്പോള്‍
വേട്ടയാടപ്പെടുകയാണെന്ന് ഞാന്‍
ഓര്‍ക്കയില്ലെന്നുമോര്‍ക്കുക പെണ്ണേ

നിന്‍റെ വാക്കിന്‍റെ പാശങ്ങളാലെന്നെ
ബന്ധനത്തിലാക്കീടും സുനിശ്ചിതം
സ്നേഹവായ്പ്പാല്‍ മെരുക്കിയെന്‍ ചോരയെ
വാര്‍ത്തിടാതെ നീ ഊറ്റിക്കുടിച്ചിടും

ചോരവറ്റുന്ന കാലത്ത് നീ എന്നെ
തീരെ വേണ്ടെന്നുമോതിടും പെണ്ണേ
വാശി കാട്ടിയാല്‍ എന്നെ നീ എവ്വിധം
തൂക്കിലേറ്റും എന്നറിയുന്നു പെണ്ണേ

വേട്ടയാടിക്കളിക്കുവാന്‍ ഞാനിനി
തീര്‍ച്ചയായും വരില്ലെന്റെ പെണ്ണേ
വേട്ടയില്‍ എന്നും തോറ്റിടുകില്‍ പിന്നെ
വേട്ടയുല്ലാസമേകുമോ പെണ്ണേ?

എന്നെയീവിധം നോക്കാതെ പെണ്ണേ
എന്നെ നോക്കിച്ചിരിക്കാതെ പെണ്ണേ
എന്നെ മാടീ വിളിക്കും വിധത്തിലായ്
നിന്‍റെ ചേലയൊരുക്കാതെ പെണ്ണേ









Monday, 28 October 2013

സമര ഗീതം


സമരമാണ് ജീവിതം സമത്വമാണ് ലക്ഷ്യവും
വരൂ പടുത്തുയര്‍ത്തിടാം നമുക്ക് നല്ല രാഷ്ട്രവും
മഹത്വമുണ്ട് ജീവിതത്തിനെന്ന മന്ത്രമറിയണം
പടര്‍ത്തിടേണം നന്മയും പഠിച്ച നല്ല പാഠവും
വിടര്‍ത്തിടേണം ഉള്ളില്‍ നമ്മള്‍ വാനമൊത്ത ചിന്തകള്‍
വളര്‍ത്തിടേണം ഉള്ളിലായ് സമത്വമെന്ന ഭാവവും
ഒഴുക്കിടേണ്ട ചോരയെ ഒഴുക്കണം ഞരമ്പിലായ്
വിയര്‍പ്പു കൊണ്ട് കാട്ടണം പ്രയത്നമെന്ന തന്ത്രവും

പതര്‍ച്ച വേണ്ട നമ്മളില്‍ ഉറച്ച നീതി കാട്ടുവാന്‍
തപിച്ചിടെണ്ട തിന്മയെ തുടച്ചു നീക്കി നീങ്ങുവാന്‍
തകര്‍ക്കണം അനീതിയെ ഉടച്ചു വാര്‍ത്തെടുക്കണം
പുഴക്കണം പടുക്കളെ തരുക്കളെ വളര്‍ത്തണം
ഉണര്‍ന്നിടേണം ഉള്ളില്‍ നാം ഒന്ന് ചേര്‍ന്ന് നില്‍ക്കണം
ഉറച്ചു പാറപോലെ ലക്ഷ്യമുള്ളില്‍ നാം കുറിക്കണം
ജയിക്കുമെന്ന നിശ്ചയം മനസ്സിലേറ്റി നീങ്ങുകില്‍
തടുത്തിടാന്‍ മടിച്ചിടും പടക്കിറങ്ങുമാളുകള്‍

ചുവപ്പ് വേണമുള്ളിലെ ഞരമ്പുകള്‍ തുടിക്കണം
ചുവപ്പ് പാറിടേണം നാടിന്‍ വീഥികളില്‍ നിശ്ചയം
ചുവന്ന സൂര്യനെ നമിച്ചുണര്‍ന്നിടേണമാളുകള്‍
ചുവപ്പുരാശി വീണ മാനമോതണം ദിനാന്ത്യവും
ചുവന്ന മണ്ണില്‍ തീര്‍ക്കണം നമുക്ക് സ്വപ്നതുല്യമായ്
വിതക്കുമോരോ വിത്തിലും നിറഞ്ഞു നില്‍ക്കും സൌഭഗം
നമുക്കുവാര്‍ത്തെടുത്തിടേണമൊത്തു ചേര്‍ന്ന നാടിനെ
സഖാക്കളേ ഉണര്ന്നിടൂ നയിച്ചിടൂ മനസ്സിനെ

ലാല്‍ സലാം...ലാല്‍ സലാം....ലാല്‍ സലാം..............



Saturday, 19 October 2013

അഭയം തേടി...

(കടപ്പാട് : ഗൂഗിള്‍ )
മലവെള്ളപ്പാച്ചിലില്‍
ഞാന്‍ പിടിച്ച കച്ചിത്തുരുമ്പുകള്‍
എല്ലാം എന്നെ ചതിച്ചു
പെരുമഴയത്ത് നനഞ്ഞോടി
നിന്‍റെ മരത്തിന്‍ കീഴില്‍
അഭയം തേടിയപ്പോള്‍
നീയുമെന്നെ വേശ്യ എന്ന് വിളിച്ചു.
ചളി പുരണ്ട ദേഹം കഴുകാന്‍
നദിയില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ
പൂജാരികള്‍ എന്നെ ആട്ടിയോടിച്ചു
ഒരു നേരത്തെ വിശപ്പടക്കാന്‍
കൈ നീട്ടിയ എന്‍റെ നേരെ
നോട്ടുകള്‍ വീശി കൊതിപ്പിച്ച്
പലരും എന്‍റെ മുഴുപ്പളന്നു
അഭയം തന്നവര്‍ക്കെല്ലാം
പ്രതിഫലമായിരുന്നു വേണ്ടത്
എന്‍റെ ശരീരമെന്ന അപ്പക്കഷണങ്ങള്‍
വലിച്ചെറിഞ്ഞും, ചൂണ്ടയില്‍ കോര്‍ത്തും
ഇരപിടിച്ചു രസിച്ചു
എന്നിട്ടും മതിവരാതെ ബാക്കി
പച്ചക്ക് തിന്നു
ചോര കുടിച്ചു ദാഹമൊടുക്കി
ജരാനരകള്‍ ബാധിച്ച മനസ്സും
തളര്‍ന്ന മനസ്സുമായ്
ഞാനിന്നും പാതിവഴിയില്‍
അപകടങ്ങള്‍
പതിയിരിക്കുന്നതറിയുന്നുവെങ്കിലും
പോവാതെ വയ്യല്ലോ
എനിക്കായി അവിടെ കാത്തിരിപ്പുണ്ട്
ഒരു വിധി ക്ഷമയോടെ
എനിക്കായി മാത്രം
മറ്റുദ്ദേശങ്ങള്‍ ഒന്നുമില്ലാതെ
എന്നെ വരവേല്‍ക്കാന്‍
എന്നെ തഴുകാന്‍
എന്നെ തലോടാന്‍
എന്നെ താരാട്ടി ഉറക്കാന്‍
ഞാന്‍ കാക്കുന്നത് ആ നിമിഷത്തെ ആണ്
എനിക്ക് ഒന്നുറക്കെ കരയണം
മനസ്സിന്‍റെ മരവിപ്പ് മാറാന്‍
പിന്നെ ഉറങ്ങണം
സ്വസ്ഥമായി, സ്വൈരമായി
ഇനി ഉണരാതിരിക്കാന്‍


സ്ത്രീയുടെ ചാരിത്രശുദ്ധിയുടെ ഉറവിടം തേടിയുള്ള ഒരു യാത്രയാണീ കവിത. പുരുഷ മേധാവിത്വം വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും അഴിഞ്ഞാടുന്ന ഒരു സമൂഹത്തില്‍ സ്ത്രീയുടെ ചാരിത്രം പുരുഷ പ്രജകളുടെ ഒരു ചെറു കനിവ് മാത്രമായി അവശേഷിക്കുന്നു എന്നതാണ് ഇന്നത്തെ പല നിത്യപീഡന പരമ്പരകളും ചൂണ്ടിക്കാണിക്കുന്നത്. സത്യങ്ങളെ വളച്ചൊടിച്ചും, പണം ധൂര്‍ത്തടിച്ചും, ചൂഷകര്‍ ജീവിതം ആനന്ദിച്ചാസ്വദിക്കുമ്പോള്‍ ചൂഷിതര്‍ക്ക് മുന്നിലെ ഏക ആശ്വാസം മരണം എന്നതും ഒരു സത്യമായി നിലനില്‍ക്കുന്നു. ( e മഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത)


Friday, 18 October 2013

പ്രണയം കൊഴിയും നേരം..

നെഞ്ചിന്‍ നെരിപ്പോടിലല്ല
ഹൃത്തിന്‍ ഇരുളറകളിലുമല്ല
നിന്നോടുള്ള പ്രണയം ഞാന്‍ ചേര്‍ത്തുവച്ചത്
വാക്കിലും, നോക്കിലും
എന്‍റെ ഓരോ ചലനത്തിലും
ചിന്തയിലും, സ്വപ്നത്തിലും
നടന്ന വഴികളിലൊക്കെയും
പറന്നു നടന്ന ആകാശത്തും
ഒഴുകിനടന്ന സാഗരത്തിലും
കണ്ണെത്താത്ത മരുഭൂമിയിലും
കണ്ണടയാത്ത രാത്രികളിലും
കണ്ണ് ചൂഴുന്ന പകലുകളിലും
എന്‍റെ ഉള്ളില്‍ നീ മാത്രമായിരുന്നു
നിന്‍റെ കണ്ണുകളിലെ നിര്‍ജീവത്വത്തില്‍
ഇന്ന് ഞാന്‍ തിരയുന്നു
ഒട്ടനേകം മീസാന്‍ കല്ലുകള്‍ക്കിടയില്‍
ഒന്ന്,
എന്നോടുള്ള നിന്‍റെ പ്രണയത്തിന്റേത് !



Thursday, 3 October 2013

വെറുതെ..

കടപ്പാട് : ഗൂഗിള്‍
കുളിര്‍കാറ്റു പോലെയെന്‍ മുടിയിഴ തഴുകി നീ
വരുമെന്നുമോര്‍ത്തു ഞാന്‍ നിന്നൂ
ഒരു മിഴി ചിമ്മുന്ന നേരത്ത് നീ എന്നെ
പുണരുമേന്നോര്‍ത്തു ഞാന്‍ നിന്നൂ
പലകുറിയെന്നപോല്‍ കുളിര്‍ വിരല്‍ തുമ്പിനാല്‍
തഴുകിയുണര്‍ത്തുമെന്നോര്‍ത്തൂ
മെല്ലേ പുണര്‍ന്നെന്നെ മൃദുചുംബനങ്ങളാല്‍
പുളകിതയാക്കുമെന്നോര്‍ത്തൂ
കളിചിരിയാലും  നിന്‍ മന്ദസ്മിതത്താലും
സുസ്മേരയാക്കുമെന്നോര്‍ത്തൂ
നിന്നെപ്പിരിഞ്ഞുള്ള നാളിനായ് സ്നേഹത്തിന്‍
മുദ്രകള്‍ തരുമെന്നതോര്‍ത്തൂ
പ്രിയനേ നിന്‍ വരവോര്‍ത്ത് കാത്തിരിക്കുന്നു ഞാന്‍
പലനാളായ്‌ ഇവിടെയീ വഴിയില്‍
വരികില്ലോരിക്കലും ഇനിയെന്നറീകിലും
വെറുതേ ഞാന്‍ കാത്തിരിക്കുന്നൂ
വെറുതെ ഞാന്‍ കാത്തിരിക്കുന്നൂ






Sunday, 29 September 2013

പതനം

കടപ്പാട് : ഗൂഗിള്‍
ഒരു പതനത്തിന്റെ ഒടുക്കം
അനുഭവിച്ചറിയുന്നവര്‍ നിര്‍ഭാഗ്യവാന്‍മാര്‍
പതനത്തോടെയോ അതോ  അതിന് മുന്‍പോ
ദേഹം വിടുന്നവരുണ്ട്
പക്ഷെ അവര്‍ക്കാര്‍ക്കും
അവകാശപ്പെടാന്‍ സാധിക്കാത്ത
ഒന്നുണ്ട്, ഒരു അനുഭവമുണ്ട്
കാരണം
ഒരു പതനം പൂര്‍ണമാകുന്നത്
ആ അവസാന നിമിഷത്തിലാണ്
അതിന്‍റെ അനുഭവം
ജീവിതം മുഴുവനും!
എത്രയധികം കാലം ജീവിക്കുന്നുവോ
അത്രയും...

Saturday, 28 September 2013

മഴയും തണുപ്പും

വെള്ളക്കരങ്ങള്‍ കൊണ്ട് 
തണുപ്പെന്നെ തഴുകവേ
ആ ഇഷ്ടത്തിന് പിന്നിലെ ചതി
ഞാന്‍ തിരിച്ചറിഞ്ഞില്ല
മഴയെ ഇഷ്ടപ്പെട്ടിരുന്ന എന്നെ
എന്തിനാണ് നീ തണുപ്പിക്കുന്നത്?
ഞങ്ങളുടെ സംഗമത്തിലെ നിമിഷങ്ങള്‍
എന്തു ഭയമാണ് നിന്നില്‍ ഉണര്‍ത്തിയത് ?

Sunday, 22 September 2013

പറയാനുള്ളത്....

വര്‍ണ്ണ ദീപ പ്രകാശമായ് നീ എന്‍റെ
കണ്ണില്‍ ദിവ്യാനുരാഗം പടര്‍ത്തവേ
മെല്ലെ ഓര്‍ത്തുപോയ് ഞാനുമെന്‍ ജീവിത-
മെത്രധന്യമെന്നുള്ളില്‍ ചിരിയോടെ

 എത്ര നാളുകള്‍ പോയ്മറഞ്ഞീടിലും
ഇത്രതന്നെയെന്‍ ഉള്ളിലുണ്ടായിടും
ഇഷ്ടമെന്നുള്ള രാഗത്തിന്‍ മര്‍മരം
നിന്നെയോര്‍ക്കുന്ന ഓരോ ദിനത്തിലും

ഒറ്റ നൂലില്‍ കൊരുത്തിട്ട താലിയില്‍
എന്‍റെ കയ്യില്‍ കരം തന്ന നിന്നെയെന്‍
ശിഷ്ടകാലം മുഴുക്കെയെന്‍ പ്രാണനായ്
നോക്കുമെന്നുമുറപ്പിച്ചു നാളതില്‍

ജന്മമേകിയ നാടിനെ വിട്ടുനീ
എന്‍റെ കൂടെ ഇറങ്ങിത്തിരിക്കവേ
കണ്‍കള്‍ രണ്ടും നിറഞ്ഞതില്‍ ഞാന്‍ കണ്ടു
എണ്ണമില്ലാത്ത ചോദ്യചിഹ്നങ്ങളും

അന്നു നിന്‍ കാതില്‍ ചൊല്ലിയതൊക്കെയും
ഇന്നുമോര്‍ക്കുന്നു ഇന്നുപോല്‍ ഞാന്‍ സഖീ
കാത്തിടും നിന്നെ ജീവനിന്‍ ജീവനായ്
പ്രാണനെന്നെ പിരിഞ്ഞുപോകും വരെ.











Tuesday, 17 September 2013

വളര്‍ച്ച

വളര്‍ച്ച ഒരു അടുക്കലാണ്
തന്നിലും മൂത്തവരോട്
തന്നെ താലോലിച്ചിരുന്നവരോട്
തന്നെ ചെറുതെന്ന് ചൊല്ലി
പുറം തള്ളിവരോട്
എല്ലാത്തിനുമുപരി ആകാശത്തോട്.
ആ ഉയരത്തില്‍ എത്തിക്കഴിഞ്ഞ്
തിരിഞ്ഞു നോക്കരുത്
കാരണം നഷ്ടങ്ങളുടെ ഇടയില്‍
അമ്മയുടെ സ്നേഹവും
അച്ഛന്റെ വാത്സല്യവും
കൂടപ്പിറപ്പുകളുടെ കരുതലും
ഉള്ളിലെ നിഷ്കളങ്കതയും കാണും
നഷ്ടബോധങ്ങളില്‍ ഉരുകിത്തീരുമ്പോള്‍
ബാക്കിയാവുന്നത് നിസ്സഹായതയുടെ
തളര്‍ന്ന തലോടലുകള്‍ മാത്രം