Monday, 20 January 2014

വിഷകന്യക ജനിക്കുന്നു

ഇന്നും ഞാന്‍ പ്രാര്‍ഥിച്ചു
ഒരു വിഷപ്പല്ല് വരാന്‍
വെറുതെയെങ്കിലും
കൊടും വിഷം നിറഞ്ഞ
ഒരു വിഷ സഞ്ചി വളരാന്‍
കുറെ നാളത്തെ ആഗ്രഹമാണ്
മുന്‍പൊക്കെ എന്നെങ്കിലുമായിരുന്നു
ആരെയെങ്കിലും കൊല്ലണം
എന്ന് തോന്നിയിരുന്നത്
പക്ഷെ ഇന്ന് കഥ മാറിയിരിക്കുന്നു
കൊല്ലാനൊരുമ്പെട്ടാല്‍
പരശുരാമന്‍ തോറ്റുപോകും
അത്രക്കുണ്ട്
ഇന്നല്ലെങ്കില്‍ നാളെ എതിരിടേണ്ടവര്‍
പുതിയ വേഷത്തിലും ഭാവത്തിലും
ചിരിച്ചും, പുഞ്ചിരിച്ചും
കൊതിപ്പിച്ചും, പ്രശംസിച്ചും, ഭീഷണിപ്പെടുത്തിയും
മറ്റനേകം കുറുക്കു വഴികളാല്‍
കാമക്കണ്ണുകള്‍ മറച്ചു പിടിച്ചും
കൊത്തിവലിക്കാന്‍ തക്കം പാര്‍ത്ത്
കഴുകന്മാര്‍
കൊല്ലാനല്ല, ചാകാതിരിക്കാന്‍
ഇവിടെ ഈ ഭൂമിയില്‍
ഭയക്കാതെ ജീവിക്കാന്‍
എനിക്കുമാവശ്യം ഒരു വിഷപ്പല്ല്
അതുകൊണ്ടുതന്നെ
ഇന്നും ഞാന്‍ പ്രാര്‍ഥിച്ചു
ഒരു വിഷപ്പല്ല് വരാന്‍
വെറുതെയെങ്കിലും
കൊടും വിഷം നിറഞ്ഞ
ഒരു വിഷ സഞ്ചി വളരാന്‍

16 comments:

  1. അതുകൊണ്ടും വലിയ കാര്യമില്ലെന്ന് തോന്നുന്ന കാലം

    ReplyDelete
    Replies
    1. ആത്മരക്ഷക്കായ് ആവതുള്ളും വിധം
      ഈശനെല്ലോര്‍ക്കും ഏകും പലവിധം
      സൂത്രമൊന്നും ഫലിക്കാതിരിക്കുകില്‍
      കാക്കണേയെന്ന പ്രാര്‍ത്ഥന ബാക്കിയാം..

      ഇതും മഹാകവി പ്രവീണ്‍ തന്നെ പറഞ്ഞിട്ടില്ലേ അജിത്തേട്ടാ..

      Delete
  2. കാമത്തെക്കാള്‍ കൊടിയ വിഷം നിറഞ്ഞ സഞ്ചിയോ..? തോറ്റുപോകും..

    ReplyDelete
    Replies
    1. കാമവും തന്‍റെ ജീവനും തട്ടിലായ്
      തൂക്കി നോക്കണം ഓരോ ദിനത്തിലും
      കാമമെന്നു കനം കൂടിനിന്നുവോ
      ജീവനഷ്ടം മഹാഭാഗ്യമായിടും..

      Delete
  3. Replies
    1. നന്ദി സമിത, ഈ വരവിനും, വായനക്കും

      Delete
  4. 'വിഷകന്യക ജനിക്കു{ന്നു}'ന്നതിന് മുന്പ് ഇങ്ങനെയൊരു കവിത പറഞ്ഞിരുന്നു.

    "പേടിയാണെനിയ്ക്കീ -
    നഗ്നനിമ്നോന്നതങ്ങളില്‍
    കഴുകന്‍ പാര്‍ക്കും
    കള്ളനെടുത്ത കറുത്തമിഴികളെ,

    പേടിയാണെനിയ്ക്കീ -
    ചന്തമെഴും വായ്‌വഴക്കങ്ങളെ,
    ആത്മാവില്ലാ ഉടലുകളെ,
    പേടിയാണെനിയ്ക്കീ -
    പിഴച്ച കാലത്തു
    ഞാനെന്തെന്നു ചൊല്ലാന്‍.! "

    പ്രവീണിന്റെ 'ഉയരങ്ങളില്‍' വായിച്ച സന്തോഷം ഇപ്പോഴുമുണ്ട് എന്നില്‍... നിനക്ക് ഇനിയുമൊരുപാട് കവിതകള്‍ ഉണ്ടാകട്ടെ, അതത്രയും എനിക്കും അവര്‍ക്കും പുതിയ ഉയരങ്ങളുമാവട്ടെ.!

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി നാമൂസ്, ഞാന്‍ അവലോകനത്തില്‍ വായിച്ചിരുന്നു.

      ചന്തമേറുന്ന പൂക്കളെയോക്കെയും
      കൂന്തലേറ്റാന്‍ മനം മോഹിച്ചിടും പക്ഷെ
      ഞെട്ട് വിട്ടാല്‍ ചത്ത് പോകുമെന്നുള്ളോരു
      ചിന്തവേണം മനസ്സിന്‍റെ ഉള്ളിലായ്

      Delete
  5. വിഷപ്പല്ലും ഫലിക്കാത്ത കാലം!
    ശക്തമായ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. വരവിനും, വായനക്കും, അഭിപ്രായത്തിനും നന്ദി സര്‍ .

      Delete
  6. രാജവെമ്പാലകൾക്കിടയിൽ കഴിഞ്ഞു കൂടാൻ ഒരു വിഷപ്പല്ലെങ്കിലും വേണം.!!

    നല്ല കവിതയാരുന്നു.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഈ വരവിനും, വായനക്കും, അഭിനന്ദനങ്ങള്‍ക്കും !

      Delete
  7. നന്നായിരിക്കുന്നു, ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സാജന്‍ , ഈ വരവിനും, അഭിനന്ദനങ്ങള്‍ക്കും, വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു

      Delete
  8. ഞാന്‍ ഇവിടെ വന്നിരുന്നു. ആളൊരു പുലിയാണല്ലേ. സമയം കിട്ടുമ്പോള്‍ ഇടക്കൊക്കെ ഇതുവഴി വരാം.

    ReplyDelete
    Replies
    1. ഓ, നമ്മളൊക്കെ എന്ത് പുലി, ഇവിടെ ആകെ കടുവകളുടെയും, സിംഹങ്ങളുടെയും ബഹളമാണ് ആകെ ! വരവിനും വായനക്കും നന്ദി സുധീര്‍ ഭായ്

      Delete