Wednesday, 13 February 2013

സ്വപ്നശില്‍പ്പി

കടപ്പാട് : ഗൂഗിള്‍
ശില്‍പ്പിയാണ് ഞാന്‍
മനോഹരമായ സ്വപ്‌നങ്ങള്‍
പണിയുന്നതാണ്  എന്‍റെ കല
പിടിപ്പതു ജോലിയുണ്ടെനിക്ക്
കൂലി എന്‍റെ സംതൃപ്തി തന്നെ
പലരും വന്നിട്ടുണ്ട്
എന്‍റെ പാര്‍പ്പിടത്തില്‍
എന്‍റെ കളത്തില്‍
എന്‍റെ ആലയില്‍
ഞാനുള്ളിടത്തൊക്കെ
എന്‍റെ പിന്നാലെ
എന്നെ അവര്‍ ഇഷ്ടപ്പെട്ടു
പ്രണയിച്ചു
എനിക്ക് വേണ്ടിയല്ല
അവര്‍ക്ക് വേണ്ടി
അവര്‍ക്ക് വേണ്ടുവോളം
എന്‍റെ സ്വപ്‌നങ്ങളവര്‍
പ്രൌഡിയോടെ ഏറ്റി നടന്നു
പക്ഷെ ഒടുവില്‍ ...
എല്ലാവരും പറഞ്ഞത് ഒരേ വാക്ക്
നിന്‍റെ ഹൃദയം കല്ലാണ് എന്ന്
ശരിയായിരുന്നു
എന്‍റെ ഹൃദയം കല്ലുതന്നെ
കോറിയിട്ട പ്രണയങ്ങള്‍
മായാതെ നിറഞ്ഞു
ഇടം ശേഷിക്കാത്ത വിധം!
പിന്നെയും തേച്ചുരച്ചു മിനുക്കി
പ്രണയം കൊത്തുമ്പോള്‍
ദുര്‍ബലമാകുന്നു എന്‍റെ ഹൃദയം
ഇനിയൊരു വട്ടം കൂടി
ചെത്തിമിനുക്കാനില്ലാത്ത വിധം
ശരിയാണ് അവര്‍ പറഞ്ഞത്
കടപ്പാട് : ഗൂഗിള്‍
എന്‍റെ ഹൃദയം കല്ലാണ്
ഒരു കുഞ്ഞു വീഴ്ചയില്‍ പോലും
ഉടഞ്ഞു പോകാവുന്ന കല്ല്‌!
 ഒന്ന് മാത്രം പറയും ഞാന്‍
ഇനിയെന്നെ വിളിക്കരുത്
നിങ്ങളുടെ സ്വപ്‌നങ്ങള്‍ കൊത്തി
തഴംബിച്ചത് എന്‍റെ കയ്യല്ല
മനസ്സാണ്
സ്വന്തമായി ഒരു സ്വപ്നം പോലുമില്ലാത്ത
ഒരു പാവം മനസ്സ്.



Wednesday, 6 February 2013

പാപം

കര്‍ക്കിടകത്തിലെ മഴ പോലെ
ആര്‍ത്തലച്ചു പെയ്യുകയാണ്
ദുരിതങ്ങള്‍ !
ഒന്നിനു പുറകെ ഒന്നായി
എന്നെ വേട്ടയാടുമ്പോള്‍
എന്നെ അവര്‍ ദുര്‍നടപ്പുകാരിയാക്കി
 ഇരുളിലും മറവിലും
എന്‍റെ മണം തേടി വന്നവര്‍
വെളിച്ചത്തില്‍ എന്നെ കല്ലെറിഞ്ഞു
ദിവസക്കൂലിക്കാര്‍ മുതല്‍
കൊട്ടാര പ്രമാണിമാര്‍ വരെ
എന്‍റെ മുന്നില്‍ വിലപേശി
കച്ചവടം എന്തായാലും
ലാഭമാണല്ലോ എല്ലാവര്‍ക്കും നോട്ടം
വാങ്ങുന്നവനും വില്‍ക്കുന്നവനും!
ഓരോവട്ടവും അരക്കെട്ടു നിറയുമ്പോള്‍
മൂന്ന് കുഞ്ഞു വയറുകള്‍ നിറഞ്ഞു
എന്‍റെ മടിശ്ശീലയും
പോയവര്‍ പിന്നെയും വന്നു
എന്നെ പോരാതായി
നോട്ടം തിരിഞ്ഞപ്പോള്‍ ഞാനറിഞ്ഞു
കാമക്കണ്ണുകള്‍ ചുഴിഞ്ഞപ്പോള്‍
കുഞ്ഞു കണ്ണുകളില്‍ ഭയം
എന്‍റെ നെഞ്ചില്‍ നെരിപ്പോടും
വഴികളില്‍ പോലും
കഴുകന്‍ കണ്ണുകള്‍
അവരെ കൊത്തിപ്പറിച്ചു
കൂട്ടുകാര്‍ കുത്തുവാക്കുകള്‍ പറഞ്ഞു
ഒരു നാള്‍ അവര്‍ എന്നെ തള്ളിപ്പറഞ്ഞു
പെറ്റ തള്ളയെയല്ല
ഉണ്ട ചോറിനെ!
പക്ഷെ വേറെ എന്ത് ചെയ്യാന്‍
പാപം ഞാന്‍ ഒന്നേ ചെയ്തുള്ളൂ
പക്ഷെ നിങ്ങളോ?
എന്‍റെ പാപങ്ങള്‍
എന്‍റെ നിവര്‍ത്തികേടിന്റെ
പടുമുളകളായിരുന്നു
പക്ഷെ നിങ്ങളുടേതോ?
കണ്ണടച്ച് പാപം ചെയ്ത നിങ്ങള്‍
എന്നെ കല്ലെറിയുന്നു
കാരണം നിങ്ങള്‍ പാപം ചെയ്തപ്പോള്‍
ചുറ്റും അടഞ്ഞ കണ്ണുകള്‍ തന്നെ ആയിരുന്നു!
എന്‍റെ പാപത്തിന്‍റെ പങ്ക്
പറ്റിയവരെല്ലാം ഇന്ന് വിശുദ്ധര്‍
ദൈവത്തിന്‍റെ കോടതിയില്‍
എന്താവുമെന്ന് ആരറിഞ്ഞു?







Tuesday, 5 February 2013

തിരിച്ചു വരവ് !

കൊല്ലമാഞ്ചായീ ഞാനീ
മരുഭൂമിയില്‍ തന്നെ
നാട്ടിലേക്കോടാനായി
ആശയില്ലാഞ്ഞിട്ടല്ല

ഇന്ന് ഞാനാശ്വാസത്തിന്‍
വക്കിലാണെന്നുള്ളതും
മേല്ലെയായ് പറഞ്ഞോട്ടെ
കണ്ണ് തട്ടിയെന്നാലോ

ആറ്റുനോറ്റുണ്ടാക്കിയ
വിസയെന്‍ കയ്യില്‍ ഭദ്രം
ടിക്കെറ്റു വന്നു ചേര്‍ന്നാല്‍
യാത്രയും തുടങ്ങീടാം

വീട്ടിലെ ആഹ്ലാദത്തിന്‍
അലകള്‍ കേട്ടു ഞാനും
ഫോണില്‍ ഞാനവളോട്
കാര്യങ്ങള്‍ പറഞ്ഞപ്പോള്‍

ഫോണിനായ് മക്കള്‍ രണ്ടും
തല്ലു കൂടുന്നു പക്ഷേ
അച്ഛനെ കണ്ടയോര്‍മ്മ
രണ്ടാള്‍ക്കുമുണ്ടോ ആവോ!

മൂത്തവന്‍ രണ്ടാം ക്ലാസില്‍
ചേര്‍ന്നതേയുള്ളൂ ഇപ്പോള്‍
മറ്റവന്‍  മുഖം നേരില്‍
കണ്ടിട്ടേയില്ല ഞാനും

സ്കൂളില്‍ ചേരാന്‍ നേരം
ഗള്‍ഫിലെ ബാഗും വേണം
അച്ഛന്‍ വന്നില്ലെങ്കിലും
അയച്ചു തന്നേ തീരൂ

വീഡിയോ ഗൈമും വേണം
കുപ്പായം വേറേ വേണം
ക്ലാസ്സിലേ ബഷീറിന്റെ
പോലത്തെ പേന വേണം

അച്ഛനായ് കുപ്പീ മതി
അമ്മക്കായ്‌ കമ്പിളിയും
നാട്ടുകാര്‍ക്കെല്ലാര്‍ക്കുമായ്
മിട്ടായി വേറെ വേണം

ചേട്ടനായ് സിഗരറ്റും
ചേച്ചിക്കായ്‌ ക്രീമും സോപ്പും
താഴെയുല്ലവള്‍ക്കാട്ടെ
ഒരുങ്ങാന്‍ മേക്കപ്പ് സെറ്റും

വാര്‍ത്തകള്‍ കേട്ട പാടെ
എത്തിയമ്മായി മാരും
തഞ്ചത്തില്‍ നാത്തൂനോടായ്‌
സോപ്പിട്ടു വിലപിച്ചു

രാത്രിയില്‍ കള്ളന്മാരെ
ഓടിക്കാനായെങ്കിലും
നല്ലൊരു ടോര്ച്ചു വേണം
ചൊല്ലിയാള്‍ മൂത്തമ്മായി

പെണ്ണിനായ് കല്യാണങ്ങള്‍
വന്നുകൊണ്ടിരിക്കുന്നു
സ്വര്‍ണമായ് എന്തെങ്കിലും
വേണ്ടയാള്‍ കുഞ്ഞമ്മായി

അവിടെ ഈന്തപ്പഴം
നിറയെ ഉണ്ടാവില്ലേ
പോരുമ്പോള്‍ കൊണ്ടു പോരൂ
എന്നോതി അമ്മാവനും

കോഴിക്കൊട്ടുള്ളമ്മായി
വേണമെന്നിലെങ്കിലും
കിട്ടിയാലെമെര്‍ജേന്സി
പോരട്ടെയെന്നുമോതി

 പിന്നെയും വന്നൂ പല-
യാളുകള്‍ ആവശ്യക്കാര്‍
ഇവിടെയെനിക്കെന്താ
കടയോ മറ്റോ ഉണ്ടോ?

ലിസ്റ്റുകള്‍ വായിച്ചിട്ട്
തീരുന്നതില്ല പക്ഷെ
ഫോണിലെ കാശാകട്ടെ
തീര്‍ന്നത് തന്നെ മിച്ചം

എന്നുടെ സന്തോഷങ്ങള്‍
നീണ്ടുനിന്നില്ലയെന്നാല്‍
പിറ്റെനാള്‍ അറിവായി
അറബി തീപ്പെട്ടെന്നും

നോക്കുവാനിനിയാരും
ഇല്ലയെന്‍ അറബിക്ക്
ശമ്പളം പോലും ബാക്കി
കിട്ടുമോന്നറിയില്ല

ടിക്കറ്റ്‌ പോട്ടെ പക്ഷെ
പോകാനും വരുവാനും
ഒപ്പിടാന്‍ ആരും ഇല്ല
പോക്കാകെ വഷളായി

ഇനിയഞ്ചാറു മാസം
കഴിഞ്ഞിടെണമെന്നും
അല്ലാതെ മറ്റുവേറെ
വഴികള്‍ കാണുന്നില്ല

വാര്‍ത്തകള്‍ പരന്നപ്പോള്‍
വീട്ടുകാരറിഞ്ഞപ്പോള്‍
വീട്ടിലായ് ജനക്കൂട്ടം
നാട്ടുകാര്‍ ചുറ്റും കൂടി

അമ്മയോ കരച്ചിലായ്
അച്ഛനോ മിണ്ടാതെയായ്
ഭാര്യയാകട്ടെ തേങ്ങി
തളര്‍ന്നു കിടക്കുന്നു

മക്കളാകട്ടെ രണ്ടും
പുരക്കു ചുറ്റും പാഞ്ഞു
നടക്കുന്നതില്‍ രസം
കാണുന്നു കളിക്കുന്നു

കാര്യങ്ങളറിഞ്ഞിട്ടു
വന്നൊരു മൂത്തമ്മായി
അമ്മക്കു കൂട്ടായ് നില്പൂ
കൂടെയായ് കുഞ്ഞമ്മായി

കോഴിക്കൊട്ടാകെ മൊത്തം
കള്ളന്മാരുടെ ശല്യം
എന്നൊരു കാര്യത്താലെ
വന്നതില്ലവിടുന്ന്‍

മാമന്മാര്‍ കൂടി നിന്ന്
ഏറെനേരത്തിന്‍ ശേഷം
ചര്‍ച്ചകള്‍ നടത്തീട്ടു
ചൊല്ലിയമ്മയോടായി

കറക്കൂ വേഗം ഫോണില്‍
അവനെ വിളിച്ചീടൂ
കാര്യങ്ങളെല്ലാം മൊത്തം
ചോദിച്ചറിഞ്ഞീടണം

സാരമില്ലെടാ മോനേ
ഞങ്ങളോക്കെയില്ലേടാ
വീട്ടിലെ കാര്യങ്ങളെ
നോക്കിടാം പിഴക്കാതെ

പിന്നെ നീ മറക്കേണ്ട
ചൊല്ലിയ സാധനങ്ങള്‍
പാര്‍സലായയച്ചാലും
കുഴപ്പമില്ല കേട്ടോ

കേട്ടതും കണ്ണില്‍ നിന്നും
കൊഴിഞ്ഞു കണ്ണീര്‍ പൂക്കള്‍
വാടിയ വദനത്തില്‍
ദുഖത്തില്‍ ഭാവം വന്നു

ഗള്‍ഫിലായതിന്‍ കഷ്ടം
തനിക്കും വീട്ടുകാര്‍ക്കും
മറ്റുള്ളോര്‍ക്കെല്ലാവര്‍ക്കും
വരവിന്‍ ആഘോഷങ്ങള്‍

പിഞ്ചു പൈതങ്ങള്‍ തന്‍റെ
മുഖങ്ങള്‍ നെഞ്ചിന്നുള്ളില്‍
കണ്ടതും കരഞ്ഞു ഞാന്‍
ഉച്ചത്തില്‍ വിലപിച്ചു

ഇനി ഞാനില്ല തിരി-
ച്ചിവിടെക്കൊരു വട്ടം
പോകട്ടെ ഞാനെന്‍ നാട്ടില്‍
വീടതാ വിളിക്കുന്നു

ബാങ്ക് ലോണ്‍ അടയ്ക്കാനും
അമ്മയെ നോക്കീടാനും
വേണ്ടതും പണം തന്നെ
നാട്ടില്‍ ഞാന്‍ എന്തു ചെയ്യും

പിന്നെയും ചിന്തിച്ചപ്പോള്‍
വേണ്ടെന്നു മനസ്സോതി
ഇഷ്ടങ്ങള്‍ക്കൊത്തുള്ളോരു
ജീവിതം സ്വപ്നം തന്നെ.

ഇവിടെ കുറേക്കാലം
നരകിച്ചാണെങ്കിലും
ഇത്തിരി കാശുണ്ടെങ്കില്‍
നാട്ടിലും കുശാലാകും

അങ്ങനെ പലവിധ
ചിന്തകള്‍ വന്നപ്പോള്‍ ഞാന്‍
സങ്കടമില്ലാതെയെന്‍
ജോലികളില്‍ മുഴുകി.


( ശ്രീ ചെമ്മനം ചാക്കോയുടെ ശൈലി ഉള്‍ക്കൊണ്ട് എഴുതിയ ഒരു ആക്ഷേപ ഹാസ്യം)
















Tuesday, 29 January 2013

പ്രണയം

എന്‍ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ തുറക്കുന്ന
കടപ്പാട്: ഗൂഗിള്‍
പരിഭവം ചേര്‍ത്ത മിഴിത്തുമ്പുകള്‍
പറയുന്ന കഥകളില്‍ പ്രണയം തുളുംബുമ്പോള്‍
പരിഭവമലിയുന്നു എന്നുള്ളിലും
വിടരാത്ത മലരിനോടരികെ യടുക്കുമ്പോള്‍
പുലരിപോല്‍ മെല്ലെ തഴുകിടുമ്പോള്‍
മതിമറന്നുണരുന്ന പനിനീരിന്‍ പുഷ്പങ്ങള്‍
പതിയെ പരസ്പരം പുഞ്ചിരിപ്പൂ
പ്രിയതെ നീ എന്നുമെന്‍ പ്രിയതന്നെ എന്ന് ഞാന്‍
മൃദുവായ് നിന്‍ ചെവിയിലോതിടുമ്പോള്‍
പ്രണയത്താല്‍ പിന്നെയും കൂമ്പും  മിഴിക്കോണില്‍
നനവാര്‍ന്ന സ്വപ്‌നങ്ങള്‍ കണ്ടു നില്‍ക്കെ
വീണ്ടും  ഞാന്‍ മുഴുകിയെന്‍ മനതാരിനുള്ളിലെ
നിറമാര്‍ന്ന സ്വപ്നക്കിനാവിനുള്ളില്‍
ഒരുവേള നീയെന്‍റെ മുറിയുടെ വാതിലിന്‍
പുറകിലുണ്ടല്ലോ യെന്നോര്‍ത്തുപോയി




Saturday, 26 January 2013

ഭാരത ഭൂമി




ഒരു പുതു പുലരിയെ വരവേല്‍ക്കാനായ്‌
പുളകമണിഞ്ഞീ നവ ഭൂമി
പുഴയും പറവയുമാറരുവികളും
പിറന്നു വീണൊരു പുണ്യഭൂമി

ഇതെന്‍റെ പ്രിയ ഭൂമി,
ഇതെന്‍റെ ഭാരത ഭൂമി,

സഹ്യ കിരീടം മുടിയില്‍ ചൂടി
മടിയില്‍ നദികളെ യാലോലം
തഴുകി ഉണര്‍ ത്തീവനമാലികളെ
കലകളമെന്നൊരു സംഗീതം

വേദപുരാണവു മിതിഹാസങ്ങളും
വാല്മീകത്തിലെ  മുനികഥയും
നന്മകളെറ്റി വരുന്നൊരു കാറ്റില്‍
എന്നുടെ  ഉള്ളില്‍ നിറക്കുന്നു

ഖുറാനും ബൈബിളും ഭഗവദ്ഗീതയും
സിരകളിലോടുന്നെന്നാലും നാം
സാഹോദര്യ തുടികളില്‍ തീര്‍ക്കും
താളത്തില്‍ മുഴുകീടുന്നു

നാനാത്വത്തില്‍ ഏകത്വം താന്‍
എന്നുടെ നാടിന്‍ പ്രിയ തത്വം
സത്യമഹിംസയും സന്മാര്‍ഗങ്ങളും
എന്‍റെയുമുള്ളില്‍ പടര്‍ത്തുന്നു

പിടിച്ചു വച്ചൊരു നാടിന്‍ മാനം
തിരിച്ചു വാങ്ങിയ വീരന്മാര്‍
ഗാന്ധിഭഗത്തും ബോസാസാദും
എന്നുടെ നാടിന്‍ പ്രിയ പുത്രര്‍

ഭാഷകളെറെ നാവുകളില്‍ പല
വേഷംദേശം സംസ്കാരം
മാനുഷരെല്ലാം ഒന്നാണെന്നതു
വരച്ചിരിപ്പൂ ഇടനെഞ്ചില്‍

ഒത്തോരുമിക്കുക സാഹോദര്യം
ചെര്‍ക്കുന്നൊരു വന്‍ ചങ്ങലയായ്
വരുവിന്‍ പ്രിയരേ വരവേല്‍ക്കാം ഈ
തേജസ്സര്‍ന്നൊരു പൊന്‍ പുലരി

ഇതെന്‍റെ പ്രിയ ഭൂമി,
ഇതെന്‍റെ ഭാരത ഭൂമി,


(ദേശ ഭക്തി ഗാനം, സബ് ജില്ല കലോത്സവത്തിന് വേണ്ടി എഴുതി ചിട്ടപ്പെടുത്തിയത്!)





ഭാരതത്തിന്‍ മക്കള്‍

ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക   (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക

ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌,( x2)

സത്യവും സമത്വവും പുലര്‍ത്തിടേണമുള്ളില്‍ നാം
ഹിംസയെ എതിര്‍ക്കണം , തകര്‍ക്കണം  ജയിക്കണം
നല്ല നാടിനായി നന്‍ മനുഷ്യനായി മാറണം
നന്മയും വിശുദ്ദിയും മനസ്സിനുള്ളിലേറണം

പാരിലെങ്ങു പോയിയാലും പാതകളോര്ത്തീടണം
പേരിനോട് കൂടി തന്നെ നാടിന്‍ മഹിമ കാക്കണം
ബുദ്ധ ഗാന്ധി തത്വ മൊക്കെയും മനസ്സിലോര്‍ക്കണം
സ്വാമി വിവേകാനന്ദ സൂക്തവും പഠിക്കണം

ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക   (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക

ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌,( x2)

സിരകളിലായോടണം സുഭാഷിന്‍ വീരഗാഥകള്‍
ഹിംസഏറി യാല്‍  ഭഗത്തിനെ മനസ്സിലേറ്റണം
ന്യായമായതെന്തിനും മനസ്സ് കൂടെ നില്‍ക്കണം
അന്യായമൊക്കെയും എതിര്‍ക്കുവാനായ് ഒത്തു നീങ്ങണം

ഭാരതീയര്‍ നമ്മളെന്നു ചൊല്ലുവാനായ്‌ വാനിലെ
താരകങ്ങളൊക്കെയും തുണച്ചിടും ശ്രമിച്ചിടില്‍
മാനവും മര്യാദയും നടപ്പിലും മനസ്സിലും
പ്രവര്‍ത്തിയാല്‍ പകര്‍ത്തിയാല്‍  നമുക്ക് നന്മയേ വരൂ

ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക   (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക


(ദേശ ഭക്തി ഗാനം, സബ് ജില്ല കലോത്സവത്തിന് വേണ്ടി എഴുതി ചിട്ടപ്പെടുത്തിയത്!)

ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌,( x2)

Wednesday, 23 January 2013

കരിനാക്ക്..

വീണ്ടുമൊരിക്കലാ വിരലെന്നെ ചൂണ്ടുമ്പോള്‍
ചൂളിഞാന്‍ മേല്ലെയുരുകി നിന്നു
നരനെന്നു ചൊന്നൊരു നാളില്‍ തുടങ്ങിയ
പരിഹാസ ബാണങ്ങളേറ്റു നിന്നു

വെറുതേയപഹാസ്യനാകുവാനായെന്നെ
ഇവിടെ പ്രതിഷ്ഠിച്ചതെന്തിനാവോ
കരിപുരട്ടാനായും കറപുരളാനായും
ഇനിയും ഉറങ്ങാതിരുന്നിടണോ

പറയുന്നതൊക്കെയും ശരിയാകുമെങ്കിലും
ശരിയല്ലാ ഞാനീ പറഞ്ഞതെന്ന്
പറയുന്നു പലരുമെന്‍ മുന്നില്‍ വന്നീടുമ്പോള്‍
കരിനാക്കനെന്നു വിളിച്ചിടുന്നു

വിധിയെന്റെ കയ്യിലല്ലെന്നറിഞ്ഞീടുക
മനിതരെ നിങ്ങള്‍ ഒന്നോര്ത്തീടുക
വിധികാണാന്‍ ചെറിയൊരു കഴിവുള്ളതല്ലാതെ
വെറുമൊരു പാവമാണെന്നറിക

സകലതും കണ്ടിട്ടും മിണ്ടാതിരുന്നെന്നാല്‍
മനതാരില്‍ വേദനയെന്നറിക
മനമുള്ളിലോന്നും മറച്ചുവെക്കാത്തതും
മനശുദ്ധി കാരണമെന്നറിക

ഇനിയുമീ മണ്ണിന്‍ മേല്‍  ഒരു ഭാരമായി ഞാന്‍
തുടരുന്ന തെന്തിനെന്നോര്ത്തു ഞാനും
മതിയായി ഈ ജോലി ഇനി വേറെ യായിടാം
ഭഗവാനെ നീ കനിഞ്ഞീടുമെങ്കില്‍ !

Tuesday, 22 January 2013

വിധവ


നിറമില്ല കണ്ണിലും
നിറമാര്‍ന്ന ചുണ്ടിലും
പതിവുള്ളുടുപ്പിലും

പകുത്താ വഴവിലും


നനവാര്‍ന്ന കണ്ണുകള്‍
കാണാത്ത നിശ്വാസം
കാണാത്തതെന്തേ ഈ
കാണുന്നവര്‍ പോലും

മകളായും മനസ്സായും
മായാത്ത കനവായും
മാരന്‍റെ മനമായും
മാറി മറിഞ്ഞിവള്‍

മരണത്തെ വേള്‍ക്കുവാന്‍
മാരന്‍ പിരിഞ്ഞിട്ടും
മനമുള്ളില്‍ തേങ്ങലായ്
നീറി ജീവിക്കുന്നവള്‍


മൌനമായ് മാറിലെ
നൊമ്പര തീയില്‍
നീ നീറ്റിയീ ജീവിതം
ഹോമിച്ചു തീര്‍ക്കുന്നു

സ്വപ്നങ്ങളില്ലാതെ
നഷ്ടങ്ങളറിയാതെ
നോവായി നേരായി
നാളെയെ നോക്കുന്നു

നിറമുള്ള ജീവിതം
നമ്മളാടീടുമ്പോള്‍
നിറമില്ലാ ചേലയില്‍
കണ്ടു നില്‍ക്കുന്നിവള്‍

വീടിന്‍റെ നഷ്ടവും
നാടിന്‍റെ ദുഖവും
ഒപ്പം വിധിച്ചതും
നേരിടാനായോര്‍ത്ത്


കടപ്പാട് : ഗൂഗിള്‍

കരയുവാനായ് തുള്ളി
കണ്ണുനീര്‍ പോലുമേ
ഇനിയില്ല നെഞ്ചിന്‍
നെരിപ്പോടിനുള്ളില്‍

കരയാതെ നെഞ്ചില്‍
കനംവച്ചു പോയി
കനവുകള്‍ പോലും
കലങ്ങിയ നാളില്‍

വേദനയില്ലിപ്പോള്‍
വാക്കുകളില്പോലും
വേഗതയില്ലിപ്പോള്‍
വാസനയിലൊന്നും

എന്നീശനെ കാണുവാന്‍

വേഗമീ ഭൂമിയില്‍
കാലമൊടുങ്ങാനായ്
പ്രാര്‍ത്ഥന മാത്രം!


Thursday, 10 January 2013

നൊമ്പരം

ഇന്നെന്‍റെ രാപ്പാടി പറന്നകന്നു
ഒന്നുമൊന്നും പറയാതെ
ഒരുവാക്കും മിണ്ടാതെ
വിടപോലും വാങ്ങാതെ
പറന്നകന്നു

ഒരു തേങ്ങലില്‍ പൊതിഞ്ഞ
കണ്ണുനീരും
ഒരുപാടു നൊമ്പരങ്ങളും
മുറിവുണങ്ങാതെന്‍ മനസ്സും
ബാക്കിയായി!


( ഇത് എന്റെ മനസ്സിന്‍റെ വേദനയാണ്, ആ ദില്ലി പെണ്‍കുട്ടിയോട് നാം കാണിച്ച ക്രൂരതയില്‍ തകര്‍ന്ന എന്‍റെ മനസ്സിന്‍റെ തേങ്ങല്‍ )


Tuesday, 1 January 2013

നിനക്കായ് ....

സന്ധ്യകളില്‍ ഞാന്‍ മിഴികളുറപ്പിച്ചു
കടപ്പാട് : ഗൂഗിള്‍
നില്‍ക്കുന്നു നിന്‍ വഴിയിലൂടെ
എന്‍ ജാലകങ്ങള്‍ അടക്കാറില്ലിപ്പോള്‍ ഞാന്‍
നിന്നുടെ വരവിന്‍ പ്രതീക്ഷയാലെ
എന്നു നീ വരുമെന്ന ചോദ്യത്തിനെങ്കിലും
മേല്ലെയോരുത്തരം തന്നു കൂടെ
എന്‍റെ ഏകാന്തത ഒരുവാക്കിന്‍ തഴുകലില്‍
കാത്തിരിപ്പായി ഭവിക്കയില്ലേ!

(അകലെയെങ്ങോ ഉള്ള പ്രിയതമനെ ഓര്‍ക്കുമ്പോള്‍ പ്രണയിനിയുടെ മനസ്സിലെ ചില ചിന്തകള്‍ ചിത്രീകരിച്ചിരിക്കുന്നു)


Thursday, 27 December 2012

ഓര്‍മ്മക്കായ്..

കാറ്റിന്നെന്റെ കാതിലോതും
നേര്‍ത്തൊരീ ഗാനത്തിലും
കേള്‍പ്പൂ നിന്റെ സ്പന്ദനങ്ങള്‍
നിന്‍  സ്വരത്തിന്‍ മാധുര്യവും
ഓര്‍ത്തുപോകുന്നു സഖീ
നമ്മള്‍ ഒത്തു പാടിയോരാ
പാട്ടിന്‍ താള മേളങ്ങളും
ഒത്തുചേര്‍ന്ന നാളുകളും

നിന്‍റെ വിരല്‍തുമ്പ് മെല്ലെ
തൊട്ടാല്‍ പാടും വീണയില്‍
നീ ഉതിര്‍ത്ത നാദങ്ങളും
ഞാന്‍ പകര്‍ന്ന ശീലുകളും
നിന്‍റെ മിഴി ക്കൂട്ടിനുള്ളില്‍
കണ്ടു ഞാന്‍ ഒരു തിളക്കം
അന്നറിഞ്ഞില്ല ഞാന്‍ നിന്‍
സ്നേഹത്തിന്‍റെ തീഷ്ണതയെ

ഇന്നീ ദൂരമത്രയും നടന്ന്
പിന്തിരിഞ്ഞു നോക്കുമ്പോള്‍
എന്‍റെ പിന്നില്‍ നഷ്ടബോധം
മാത്രമെന്നറിഞ്ഞീടുന്നു
ഇന്ന് നീ എവിടെയെന്നു പോലും
അറിയില്ലെനിക്കെന്നാലും
കാത്തിരിപ്പിനെന്തു സുഖം
എന്ന് ഞാന്‍ അറിഞ്ഞീടുന്നു


(ഇതൊരു ഗാനമായി ചിട്ടപ്പെടുത്തിയതാണ്, ഒരു കാമുകന്റെ മനസ്സില്‍ നഷ്ട പ്രണയത്തിന്‍റെ അലകള്‍ സൃഷ്‌ടിച്ച ഒരു ഗാനമാണ് ഈ കവിതയില്‍ വിഷയമാക്കിയിരിക്കുന്നത്, ആലാപനത്തിന് മുന്‍‌തൂക്കം കൊടുത്തിരിക്കുന്നു)



ഉയരങ്ങളില്‍ ...!

ഏകനല്ല ഞാന്‍ ഈ മൂകരാത്രിയില്‍
കൂടെയായുണ്ട് നിഴലൊരു തോഴനായ്‌
കാലമിത്രയും താണ്ടി ഞാന്‍ എങ്കിലും
കൂടെ വന്നതീ ഇരുള്‍ മാത്രമല്ലയോ

കാലമുരുളുമ്പോള്‍ കെട്ടിപ്പടുത്തോരീ
കോട്ടയും പിന്നെ കൊട്ടത്തളങ്ങളും
കൂട്ടിനായ് വന്ന കൂട്ടുകാരോക്കെയും
വിട്ടു പോയ്‌ ചിലര്‍ ശത്രുക്കളുമായി

തോളുകള്‍ ഞാന്‍ ചവിട്ടിക്കയറുമ്പോള്‍
തോലുരിഞ്ഞവര്‍ നൊന്തു കരഞ്ഞപ്പോള്‍
കണ്ടതില്ലാത്ത ഭാവം നടിച്ചു ഞാന്‍
കണ്ട സ്വപ്‌നങ്ങള്‍  മുകളിലെ കാഴ്ചകള്‍

ഇന്ന് ഞാന്‍ എന്‍റെ സ്വപ്നലോകത്തെത്തി
നേടിയതൊക്കെ എണ്ണിനോക്കീടവേ
എന്‍ കണക്കുകളൊക്കെ പിഴച്ചെന്നു
ഞാനറിഞ്ഞെന്നെ  ഉള്ളില്‍ പഴിക്കുന്നു

കാലമാകട്ടെ തന്‍റെ വിശപ്പിനാല്‍
കാര്‍ന്നു തിന്നു ചവിട്ടു പടികളും
കാലന്‍ പോലും വരുമെങ്കിലെങ്ങിനെ-
ന്നോര്‍ത്തു ഞാനും കാലമുരുട്ടുന്നു





(വിജയത്തിന്‍റെ ഉത്തുംഗ ശ്രിന്‍ഗത്തില്‍ എന്ന് നാം ധരിക്കുന്ന ഒരാളുടെ മനസ്സിലേക്ക് ഒരു എത്തി നോട്ടം. ഒരു ജീവിത കാലം മുഴുവന്‍ നേടിയതൊക്കെയും ഒന്നുമല്ലായിരുന്നു എന്ന ചിന്ത ജീവിതത്തിന്‍റെ വ്യര്‍ത്ഥതയെ വരച്ചു കാട്ടുന്നു.മലയാളം  ബ്ലോഗ്ഗര്‍ കവിത രചന മത്സരത്തില്‍ സമ്മാനാര്‍ഹമായ കവിത)



Monday, 24 December 2012

സര്‍വസ്വം



വിശുദ്ധിയുടെ താഴ്വരകളില്‍
ഒറ്റക്കലയുമ്പോള്‍എന്‍റെ മനസ്സില്‍ 
നിന്‍റെ മുഖം മാത്രമായിരുന്നു
ചെന്നായകള്‍ ആക്രമിച്ചപ്പോഴും
എന്നെ കടിച്ചു കീറിയപ്പോഴും
ഞാന്‍ നിലവിളിച്ചത് നിന്‍റെ പേരായിരുന്നു
പിന്നീടെപ്പോഴോ ഒരു നേരത്ത്
ബോധം തെളിഞ്ഞപ്പോള്‍
ആദ്യം ചോദിച്ചതും നിന്നെയായിരുന്നു
ഇന്നീ കിടക്കയില്‍ മരണവും പിന്നെ
ജീവന്‍റെ മാലാഖമാരും 
എനിക്കായി പോരാടുമ്പോള്‍
ഞാന്‍ തിരയുന്ന മുഖവും 
നിന്റെതാണെന്ന് നീ അറിയുന്നോ!


(ഈ കവിത എഴുതുമ്പോള്‍ മനസ്സില്‍ നിറയെ ഡല്‍ഹിയിലെ പെണ്‍കുട്ടി ആയിരുന്നു. അവളുടെ സുഹൃത്തിനെ ആയിരിക്കുമോ അവള്‍ ആ കണ്ണുകള്‍ കൊണ്ട് തേടിയിരിക്കുക? (അതോ ദൈവത്തിനെയോ?))

അവസാന ഇലയും കൊഴിയുമ്പോള്‍ ...

ഞാന്‍ നട്ടു വളര്‍ത്തിയ ചെടിയുടെ
ഒരേ ഒരില മാത്രം ബാക്കി
തോല്‍വിക്കും വിജയത്തിനുമിടയില്‍
ബാക്കിയുള്ളത് ജീവന്‍റെ ഒരേ ഒരില!

ആ ഇലകള്‍ തല്ലിക്കൊഴിച്ചതാണ്
ആദ്യം  കുസൃതിക്കായി
പിന്നെ  കൌതുകത്തിനായി
പിന്നെ വികൃതികള്‍ക്കിടയില്‍
പിന്നെ പകയോടെ
പിന്നെ ക്രൂരതയോടെ
പിന്നെ പരീക്ഷണങ്ങള്‍ക്കായി
പിന്നെയും പല കാരണങ്ങള്‍ക്ക് വേണ്ടി
പക്ഷെ കൊഴിഞ്ഞത് എന്‍റെ ഇലകള്‍ !

കണ്ടിട്ടും പറയാനോ എതിര്‍ത്ത് നില്‍ക്കാനോ
ചോദ്യം ചെയ്യാനോ ശക്തിയില്ലിന്നെനിക്ക്
കാരണം, ആകെ ഒരേ ഒരില മാത്രം ബാക്കി
എന്റെ മരണത്തിനും ജീവിതത്തിനുമിടയില്‍ !

( സാമൂഹ്യ ജീവികളായി പലരുടെയും ആശക്കും ഇഷ്ടത്തിനും അനുസരിച്ച് ജീവിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് തന്നെയാണ് ഈ ഇലകളുടെ നഷ്ടം. പക്ഷെ എന്നെങ്കിലും ഒരു നാള്‍ ആ ദിവസം വരും ആ അവസാന ദിവസം , അന്ന് നാം തലകുനിക്കുന്നത് നമ്മുടെ സ്വന്തം ജീവിതത്തിനു മുന്‍പിലായിരിക്കും,  പൊഴിക്കുന്നത്  സ്വന്തം അസ്ഥിത്വമായിരിക്കും)


Saturday, 22 December 2012

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....


ഇന്നും ഞാനെന്‍ കണ്ണിതളില്‍ നിന്നെ മാത്രം കണ്ടു നില്‍ക്കെ
കണ്ടതില്ല നിന്‍റെ കണ്ണില്‍ നൊമ്പരത്തിന്‍ കിന്നരങ്ങള്‍
ഇന്നുംഞാനെന്‍ തംബുരുവില്‍ മീട്ടിടുന്ന പാട്ടുകളില്‍
ഉണ്ടെന്‍ സ്നേഹത്തിന്റെ ശീലും പിന്നെയല്പം കണ്ണുനീരും

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

കണ്ടു ഞാനീ വെണ്ണിലാവില്‍ നിന്‍റെ മുഖത്തിന്‍ പ്രകാശം
എന്നുമെന്നുമോമനിക്കാനായി മാത്രം എന്‍റെയുള്ളില്‍
വിണ്ണിലേതു കോണിലായിരുന്ന്ന്നാലും എന്റെ സഖീ
രമ്യമായ ജീവിതത്തിന്‍ തേന്‍ മധുരം നീ നുകരൂ

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

എന്‍റെ ഓര്‍മ്മചെപ്പിലിന്നും കണ്‍കുളിരായ് നിന്‍റെ സ്നേഹം
കാതില്‍ കേള്‍പ്പൂ ഒന്നുചേര്‍ന്ന് പാടിയോരാ പാട്ടുകളും
എത്രകാലം മൂടിവച്ചാലും പടര്‍ത്തും വശ്യഗന്ധം
നിന്‍റെ ഓര്‍മ്മകള്‍ വിടര്‍ത്തും പൂവിതളില്‍ നിന്നുമല്ലോ

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

എന്നുമെന്നും നിന്നെയോര്‍ത്തു പാടുന്നു ഞാനെന്‍റെ ഗാനം
എന്നു നീ മടങ്ങി വന്നാലും തുടരാന്‍ എന്‍റെ വീഥി
കണ്ണുകളിലായിരം ചിരാതുകളിന്‍ പൊന്‍വെളിച്ചം
കണ്ടുവെന്നാല്‍ ഓര്‍ക്കുക നീ എന്റെ മാത്രമാണതെന്നും

ഇന്നും ഞാനെന്‍ കണ്ണിതളില്‍ നിന്നെ മാത്രം കണ്ടു നില്‍ക്കെ
കണ്ടതില്ല നിന്‍റെ കണ്ണില്‍ നൊമ്പരത്തിന്‍ കിന്നരങ്ങള്‍
ഇന്നുംഞാനെന്‍ തംബുരുവില്‍ മീട്ടുടുന്ന പാട്ടുകളില്‍
ഉണ്ടെന്‍ സ്നേഹത്തിന്റെ ശീലും പിന്നെയല്പം കണ്ണുനീരും

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

( ഒരു ഗസല്‍ എഴുതാന്‍ നടത്തിയ ഒരു ശ്രമം, ഈണം കൊടുത്തപ്പോള്‍ ഒരു വല്ലാത്ത സന്തോഷം തോന്നി!)



Friday, 21 December 2012

നദി

സൂര്യന്‍റെ സ്നേഹവും, കാറ്റിന്‍ തലോടലും
മണ്ണിന്‍ തണുപ്പും വാനത്തിന്‍ കണ്ണീരും
ചേര്‍ന്നോഴുകുന്നു ഞാന്‍ ചേരാനായ് പ്രിയനോട്
ചേര്‍ന്ന് നിന്നിട്ടെന്നും മതിവരാറില്ലല്ലോ!

നിറഞ്ഞും കവിഞ്ഞും വഴികള്‍ പിരിഞ്ഞും
തെളിഞ്ഞും കലങ്ങിയും കുത്തൊലിച്ചാര്‍ത്തും
ഒരു ഭ്രാന്തിയെപ്പോല്‍ കല്ലുകളുരുട്ടിയും
ഒരുപാടു ജീവനെ ഉള്ളില്‍ വളര്‍ത്തിയും

ഉന്മാദിനിയെപ്പോല്‍ തട്ടിത്തെറിച്ചും
ക്ഷീണിച്ചവശയായ് ശാന്തയായോഴുകിയും
കാതങ്ങള്‍ താണ്ടുവാനേറെയുണ്ടിനിയും
ഒഴുകാനുണ്ടോരുപാടു കാലങ്ങളിനിയും

ഭയമുണ്ടെനിക്കിന്നു വഴികള്‍ കാണുമ്പോള്‍
നരനിവന്‍ നെയ്യുന്ന വലകള്‍ കാണുമ്പോള്‍
എന്നെ ഹനിക്കാനായ് കെട്ടുന്നു തടകള്‍
എന്നെ നിലംപതിപ്പിക്കാനായ് കുഴികള്‍

എന്‍ മാറ് മാന്തുന്നു കീറിപ്പറിക്കുന്നു
എന്‍റെ കണ്ഠത്തില്‍ വിഷമൊഴിച്ചീടുന്നു
പണയമായ്‌ വെച്ചെന്നെ ചൂതാടിടുന്നു
വിജയത്തിലും വലിയ തോല്‍വിയേല്‍ക്കുന്നു

പോയകാലത്തിന്‍ നന്നോര്‍മകളുമായി
വേദനയോടെയിന്നോഴുകുന്നു ഞാനും
ഒരുനാളെന്‍ പ്രിയനോട് ചേരാന്‍ കഴിയുമെ-

ന്നൊരു കൊച്ചു മോഹത്തോടോഴുകിടട്ടെ ഞാന്‍

(പ്രകൃതിയുടെ സന്തുലനത്തിലുള്ള മനുഷ്യന്‍റെ കൈകടത്തല്‍, ഒരു നദിയുടെ വ്യാകുലതകലായി ചിത്രീകരിച്ചിരിക്കുന്നു)








Wednesday, 19 December 2012

വിഷ വിത്ത്...!

എന്‍റെ വിത്തുകള്‍ മുളച്ചു
നട്ട ഞാന്‍തന്നെ നനച്ചു
വളമിട്ടു പോഷിപ്പിച്ചു
തഴച്ചു വളര്‍ന്നവ വലുതായി
എന്നോളവും, എന്നിലേറെയും
പൂവിട്ടപോഴും, കായ്ച്ചപ്പോഴും
എന്‍റെ കണ്ണ് നിറഞ്ഞു
ആനന്ദക്കണ്ണീര്‍ !
പിറ്റെന്നൊരു വാര്‍ത്ത കേട്ടു
എന്റെ ചെടിയുടെ കായ വിഷക്കായ
ഒരിളം പെണ്‍കുട്ടിയെ വിഷം തീണ്ടി
നെഞ്ചു തകര്‍ത്ത വിഷം
ചാരിത്രം കവര്‍ന്ന വിഷം
പിന്നെ നാണം കെടുത്തിയ വിഷം
പിന്നെയും പടരുന്ന വിഷം
കരിനീല വിഷം , കാളകൂടം!
ഒരു നിമിഷം പോലുമോര്‍ത്തില്ല ഞാന്‍
വെട്ടി മാറ്റി, ഒറ്റ മുറിക്ക് തന്നെ
പിന്നെ പിഴുതു വേര്
കത്തിച്ചു ചാരം പുഴയിലൊഴുക്കി
പിന്നെ അതിനെ മറന്നു
പിറ്റേന്ന്  അവിടെ ഒരു മുള പൊട്ടി
വിഷക്കായയുടെ മുള!

(നാം വളര്‍ത്തി വലുതാക്കുന്ന പുതിയ തലമുറയുടെ നേര്‍ വഴിക്കുള്ള വളര്‍ച്ച നമ്മുടെ കര്‍ത്തവ്യവും, സമൂഹത്തിനോടുള്ള കടമയുമാണ്. പൊന്നു കായ്ക്കുന്ന മരമായാലും പുരക്കു ചായ്ഞ്ഞാല്‍ മുറിക്കണം എന്നല്ലേ!)



കടലിനോടു പറയാനുള്ളത്...!

നിന്‍റെ പാട്ടും താരാട്ടും എന്നെ ഉണര്‍ത്തിയിട്ടെ ഉള്ളൂ

നിന്‍റെ ചിരിയും കളിയും ഞാന്‍ വെറുത്തിട്ടേ ഉള്ളൂ

നിന്‍റെ ക്രോധം ഇന്നുമൊരു ഭീതിയാണ്

മനസ്സില്‍ നിന്‍റെ മടിത്തട്ടൊരു യുദ്ധക്കളവും

തന്നു നീ നല്ല ചില കൂട്ടുകാരെ പിന്നെ

തന്നു നീ ഒരുപാട് ലോക ജ്ഞാനം

തന്ന് നീ കാണിച്ചു ജീവിതത്തില്‍ വില

തന്നതില്‍ ഞാന്‍ നന്‍കൃതാര്‍ത്ഥനല്ലോ

രാവേറെ വൈകീട്ടും നേരം പുലര്‍ന്നിട്ടും

മാറാത്ത ,മായാത്തോരോര്‍മയായ് നീ

ഇന്നു ഞാന്‍ എന്നിട്ടുമിവിടെ ഇരിക്കുന്നു

നിന്‍ മടിത്തട്ടിലെ ഓര്‍മകളുമായി

( കടലിനോട് വിട പറഞ്ഞ ഒരു നാവികന്‍ !)

Monday, 17 December 2012

വഞ്ചന

നിന്‍റെ വിരല്‍ തുമ്പുകള്‍
ആദ്യമായ് എന്നെ  തൊട്ടപ്പോള്‍
ഞാന്‍ ഭയന്ന് പോയി
നീ ഇനി എന്റെതല്ലാതായാല്‍
എന്‍റെ അടുത്ത കാമുകിയോടുള്ള
വഞ്ചനയാകില്ലേ ഇത്?
( ഒരു ഭ്രാന്തന്‍ കുഞ്ഞിക്കവിത)

യുദ്ധം

ഈ മണ്ണിന്റെ ചുവപ്പില്‍ നിന്‍ ചുടുചോര
തുപ്പുന്ന മുഖമോര്‍ത്തു തേങ്ങിക്കരഞ്ഞു ഞാന്‍
എന്തായി വളരണം മകനെ 
നിനക്കെന്തായി തീരണം മകനെ
കൊഞ്ചുന്ന പ്രായതിലെന്നും ഞാന്‍
കൊഞ്ചിച്ചു ചോദിച്ച ചോദ്യം
പുഞ്ചിരിതൂകി കളിച്ചു നടന്നോരെന്‍
കുഞ്ഞിന്നെനിക്കുത്തരം തന്നു
എനിക്ക് സ്വതന്ത്രനാകണം അച്ഛാ
ഈ ഭ്രാന്തമായ ലോകത്തു നിന്നും
എന്നെന്നേക്കുമായി സ്വതന്ത്രനാകണം!

(വിജയത്തിന്‍റെ മറുപുറം തുറന്നു കാണിക്കുന്ന ഈ കവിത പാലസ്തീന്‍ യുദ്ധത്തില്‍ നിന്നും കടമെടുത്തൊരു ആശയമാണ്)