Wednesday, 6 February 2013

പാപം

കര്‍ക്കിടകത്തിലെ മഴ പോലെ
ആര്‍ത്തലച്ചു പെയ്യുകയാണ്
ദുരിതങ്ങള്‍ !
ഒന്നിനു പുറകെ ഒന്നായി
എന്നെ വേട്ടയാടുമ്പോള്‍
എന്നെ അവര്‍ ദുര്‍നടപ്പുകാരിയാക്കി
 ഇരുളിലും മറവിലും
എന്‍റെ മണം തേടി വന്നവര്‍
വെളിച്ചത്തില്‍ എന്നെ കല്ലെറിഞ്ഞു
ദിവസക്കൂലിക്കാര്‍ മുതല്‍
കൊട്ടാര പ്രമാണിമാര്‍ വരെ
എന്‍റെ മുന്നില്‍ വിലപേശി
കച്ചവടം എന്തായാലും
ലാഭമാണല്ലോ എല്ലാവര്‍ക്കും നോട്ടം
വാങ്ങുന്നവനും വില്‍ക്കുന്നവനും!
ഓരോവട്ടവും അരക്കെട്ടു നിറയുമ്പോള്‍
മൂന്ന് കുഞ്ഞു വയറുകള്‍ നിറഞ്ഞു
എന്‍റെ മടിശ്ശീലയും
പോയവര്‍ പിന്നെയും വന്നു
എന്നെ പോരാതായി
നോട്ടം തിരിഞ്ഞപ്പോള്‍ ഞാനറിഞ്ഞു
കാമക്കണ്ണുകള്‍ ചുഴിഞ്ഞപ്പോള്‍
കുഞ്ഞു കണ്ണുകളില്‍ ഭയം
എന്‍റെ നെഞ്ചില്‍ നെരിപ്പോടും
വഴികളില്‍ പോലും
കഴുകന്‍ കണ്ണുകള്‍
അവരെ കൊത്തിപ്പറിച്ചു
കൂട്ടുകാര്‍ കുത്തുവാക്കുകള്‍ പറഞ്ഞു
ഒരു നാള്‍ അവര്‍ എന്നെ തള്ളിപ്പറഞ്ഞു
പെറ്റ തള്ളയെയല്ല
ഉണ്ട ചോറിനെ!
പക്ഷെ വേറെ എന്ത് ചെയ്യാന്‍
പാപം ഞാന്‍ ഒന്നേ ചെയ്തുള്ളൂ
പക്ഷെ നിങ്ങളോ?
എന്‍റെ പാപങ്ങള്‍
എന്‍റെ നിവര്‍ത്തികേടിന്റെ
പടുമുളകളായിരുന്നു
പക്ഷെ നിങ്ങളുടേതോ?
കണ്ണടച്ച് പാപം ചെയ്ത നിങ്ങള്‍
എന്നെ കല്ലെറിയുന്നു
കാരണം നിങ്ങള്‍ പാപം ചെയ്തപ്പോള്‍
ചുറ്റും അടഞ്ഞ കണ്ണുകള്‍ തന്നെ ആയിരുന്നു!
എന്‍റെ പാപത്തിന്‍റെ പങ്ക്
പറ്റിയവരെല്ലാം ഇന്ന് വിശുദ്ധര്‍
ദൈവത്തിന്‍റെ കോടതിയില്‍
എന്താവുമെന്ന് ആരറിഞ്ഞു?







8 comments:

  1. ദൈവത്തിന്റെ കോടതി വരെ കാത്തിരിക്കുന്നതില്‍ അര്ത്ഥമില്ല!
    കൊച്ചു വരികള്‍

    ReplyDelete
    Replies
    1. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, ആശ്രയമില്ലാത്തവര്‍ക്കും ദൈവത്തില്‍ പോലും വിശ്വാസം നഷ്ടപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു, അവിടെയെങ്കിലും നീതി നടപ്പാവുമോ എന്നാ കാര്യത്തില്‍ പോലും ആശങ്കകള്‍ ഉയരുന്നു. വരവിനും, വായനക്കും, അഭിപ്രായത്തിനും നന്ദി.

      Delete
  2. ഇഷ്ട്ടപെട്ടു... നല്ല ആശയം...

    ReplyDelete
    Replies
    1. നന്ദി വിനീത്, ഈ വരവിനും, വായനക്കും

      Delete
  3. Replies
    1. വായനക്ക് നന്ദി അജിത്തെട്ടാ, ഈ പുഞ്ചിരിക്കും!

      Delete
  4. പാപം ഞാന്‍ ഒന്നേ ചെയ്തുള്ളൂ
    പക്ഷെ നിങ്ങളോ?
    എന്‍റെ പാപങ്ങള്‍
    എന്‍റെ നിവര്‍ത്തികേടിന്റെ
    പടുമുളകളായിരുന്നു
    പക്ഷെ നിങ്ങളുടേതോ?

    നല്ല ആശയം ...

    ReplyDelete
    Replies
    1. വരവിനും, വായനക്കും നന്ദി താത്ത !

      Delete