Thursday, 25 October 2012

പുനര്‍ജനി തേടി...


സ്വപ്‌നങ്ങള്‍ മുറുക്കിപ്പിടിച്ചുള്ള വീഴ്ച്ചയിൽ
തകര്‍ന്നത് ജീവിതമായിരുന്നു
ജീവിക്കാന്‍ സ്വപ്‌നങ്ങള്‍ പോരല്ലോ!
മനസ്സിന്‍റെ പല അറകളും തുറക്കാന്‍ പോന്ന
താക്കോല്‍ കൂട്ടം നഷ്ടമായതും
അതേ വീഴ്ചയില്‍ തന്നെ

നെഞ്ചിന്‍റെ ചൂടില്‍ പതിഞ്ഞു കിടന്ന
സ്വപ്നങ്ങളാകട്ടെ ഒരു നുള്ള് വേദനയില്‍
പിടഞ്ഞെണീറ്റപ്പോൾ പറന്നകന്നു
ബാക്കി വന്നത് നഷ്ടബോധങ്ങളും ദിശകളും

അനുഭവ ഭിഷഗ്വരന്മാരുടെ കൈപ്പുണ്യമോ
അതോ അമ്മയുടെ പ്രാര്‍ഥനയോ
മുജ്ജന്മ സുകൃതമോ അതോ യാദനകള്‍
തീര്‍ന്നില്ലെന്ന ദൈവ കല്പ്പനയോ
ജീവന്‍റെ തുടിപ്പുകള്‍ നിലനിര്‍ത്തിയെന്നെ
ഇപ്പോഴും പരീക്ഷിക്കുന്നതെന്തിന്
എന്ന് ഞാന്‍ ആരോടാണ് ചോദിക്കുക

താക്കോൽ നഷ്ടപ്പെട്ട പൂട്ടിയ മുറികളുടെ പൂട്ട്
പലതും ഞാന്‍ തല്ലിപ്പൊളിച്ചു,
മറ്റുപല വാതിലുകള്‍ ചവിട്ടിപ്പൊളിച്ചു
എന്‍റെ കാലുകള്‍ തകര്‍ന്നപ്പോള്‍ പിന്നെ
പലതും തീയിട്ടു കത്തിച്ചൊടുക്കി
ചാരം കലര്‍ത്തിയ മിഴികളില്‍ ഞാന്‍കണ്ട
സ്നേഹത്തിന്‍ നിറം മാത്രം ബാക്കിയായി
എന്നെ നോക്കിച്ചിരുന്നതും പിന്നെ
വെണ്ണിലാവായ്‌ വെളിച്ചം നിറച്ചതും
എന്‍റെ മനസ്സിന്‍ കയത്തില്‍  പെടുന്നതും
നീര്‍ ചുഴികളില്‍ പിന്നെ വലിച്ചെടുക്കുന്നതും
എന്‍റെ കല്പ്പനകളെന്നുമറിഞ്ഞു ഞാന്‍
നഷ്ടമെന്നതില്‍ അര്‍ത്ഥമില്ലെന്നും!

പോയതൊന്നുമെന്റെതല്ലെന്നുള്ള അറിവ്
സത്യമെന്ന് മനസ്സിലാക്കും വിധം
മേനി ഊട്ടി ഉണക്കി മനസ്സിനെ
മരുന്നായ് അരച്ചതോ ദുഃഖ സ്വപ്നങ്ങളെ!
 ഇന്നുഞാന്‍ ചിരിക്കുന്ന ചിരികളില്‍
പരിഹാസത്തിന്റെ ഒലികള്‍ നിങ്ങള്‍ കേട്ടാല്‍
എന്നെ തെറ്റിദ്ധരിക്കരുത് കാരണം
ഇതെന്‍റെ മനസ്സിനോടുള്ള എന്‍റെ പകയാണ്
യുദ്ധം ഒടുങ്ങിയെന്നു തോന്നുമ്പോഴും
ഇനിയൊന്നുമില്ല എന്ന് വിജയി അട്ടഹസിക്കുംപോഴും



തോല്‍വിയുടെ കബന്ധങ്ങള്‍ നിറഞ്ഞ കളത്തില്‍
ചത്ത്‌ ചീഞ്ഞ് കഴുകര്‍ക്കു പോലും അറക്കുന്ന
വികാരങ്ങളുടെ ജഡങ്ങള്‍ പേറി
ഞാന്‍ നടക്കുമ്പോള്‍ മനസ്സില്‍ പ്രതികാരമില്ല
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത
പ്രതാപത്തിനായി ശ്രമിച്ചുതോല്‍ക്കാന്‍ ഞാനില്ല
ഈ രാവും ഒടുങ്ങും, പുതിയ പുലരി വരും
വ്യത്യാസങ്ങളൊന്നുമില്ലാത്ത പുലരി
എങ്കിലുമതിനെ കാത്തു നില്‍ക്കുമ്പോള്‍ ഞാനാശിക്കും
വീണ്ടുമൊന്നു പിറന്നിരുന്നെങ്കില്‍
നിദ്രയുടെതാഴ്വരകളും താണ്ടി ഞാന്‍ തിരയുന്നത്
സ്വപ്‌നങ്ങള്‍ നൂഴുന്ന പുനര്‍ജനി തന്നെ....

(ഒരു മുഴു ഭ്രാന്തന്‍ കവിത)

8 comments:

  1. പുനര്‍ജനി കൊള്ളാം

    ReplyDelete
  2. നഷ്ടപെട്ട താക്കൊല്കൂട്ടം, അത് സമൂഹത്തിന്റെ മുഴുവന്‍ പ്രശ്നം ആണല്ലോ?

    ReplyDelete
    Replies
    1. നന്ദി നിധീഷ്, വായനക്കും, അഭിപ്രായത്തിനും!

      Delete
  3. വരികളെ നന്നായി അടുക്കി വച്ചിരിക്കുന്നു. ഗദ്യമാക്കിയ കവിത പോലെ തോന്നുന്നു.

    ReplyDelete
    Replies
    1. നന്ദി നിസാര്‍, വായനക്കും അഭിപ്രായത്തിനും!

      Delete
  4. കൊള്ളാം..... കവിതകള്‍ അധികം വായികാറില്ല... എങ്കിലും ഇത് ഇഷ്ട്ടമായി... :)

    ReplyDelete
    Replies
    1. നന്ദി റോബിന്‍, എനിക്ക് കിട്ടിയ ഒരു അന്ഗീകാരമായി കരുതുന്നു!

      Delete