Saturday, 15 December 2012

ശാപമോക്ഷേം ..!

ഒരു പുഞ്ചിരിയോടെയൂട്ടി വളര്‍ത്തിയ
സഖിതന്‍ മനസ്സിന്‍റെ നന്മകളില്‍
കനിവിന്റെ വറ്റാത്ത മിഴിയിണക്കുള്ളിലായ്
കണ്ടു ഞാന്‍ ദുഖത്തിന്‍ കടലലകള്‍
കാലമേറെ കടന്നുപോയിട്ടും ഞാന്‍
തീരെ മറക്കാഞ്ഞതെന്തേ സഖീ
ലോകത്തിലാദ്യമായ് ഞാന്‍ കണ്ട കാഴ്ചയില്‍
നിന്മുഖം ഏറ്റവും പ്രിയമാര്‍ന്നതാം

പുലരിതന്‍ മൃദുലമാം കൈതഴുകലുകളില്‍
ചെറുതായി മെല്ലെ വിടര്‍ന്നു ഞാനും
ചെറുചൂടിനാലെന്റെ കുളിരുമാറ്റി
ഉണര്‍ത്തിയോരര്‍ക്കനെ കണ്ടു നില്‍ക്കെ
നിറമേഴുംകുപ്പായവും ധരിച്ചെന്നുടെ
അരികിലണഞ്ഞു നീ കൌതുകത്താല്‍
ഒരു തവണ മെല്ലെ ചിരിച്ചു കാട്ടി
പിന്നെയമ്മയെ കൂട്ടി അടുത്തുവന്നു

കാലങ്ങള്‍ ഏറെ കടന്നുപോയപ്പോളെന്‍
കൂടെയായ് നീയും വളര്‍ന്നു വന്നു
ബാല്യ കൌമാരങ്ങള്‍ വഴിമാറിയപ്പോഴും
തോഴിയാം എന്നെ മറന്നില്ല നീ
മൃദുലമാം എന്മേനി പൂവിട്ടനേരത്ത്
നാണത്താല്‍ ഞാനും തലകുനിച്ചു
ഋതുമതി എന്നോട് ചേര്‍ന്നു നീ നിന്നപ്പോള്‍
വെറുതെ ഞാന്‍ പലതും കിനാവുകണ്ടു

ഉണ്ണിക്കിടാങ്ങളെന്‍ പൈതങ്ങളായ്
മെല്ലെ മെല്ലെ കിളിര്‍ത്തു മുളച്ച നേരം
അമ്മയാകുന്നതിന്‍ രോമാഞ്ചമുള്ളില്‍ ഞാന്‍
മെല്ലെ അടക്കി ഉലഞ്ഞു നില്‍ക്കെ
അരികില്‍ വന്നെന്‍ ചോട്ടില്‍ സ്നേഹത്തിന്‍
മുത്തുകള്‍ ജലധാരയായ് നീ പകര്‍ന്നു തന്നു
തഴുകീ കിടാങ്ങളെ ഒരു പാട് വാത്സല്യം
തന്നു നീ ഞാന്‍ കണ്ടു ധന്യയായീ

പൂത്തും കായിട്ടും കുറെ നാളുകള്‍ ഞാന്‍
സന്തോഷത്തോടെ വളര്‍ന്നു നിന്നു
വീടിന്‍ സ്നേഹത്തില്‍ വളര്‍ന്നോരെന്‍റെ
ലോകത്തിന്നതിരുകള്‍  വിസ്തരിച്ചു
മതിലുന്നുമപ്പുറം കാഴ്ചയെത്തീ എന്‍റെ
മനമാകെ ആകാംഷാഭാരിതമായി
പുതിയ ലോകങ്ങളെ കാണ്മതിന്നായ്‌
തുടികൊട്ടി നിന്നെന്‍ മനസ്സ് പിന്നെ

അച്ഛനും അമ്മയും ജേഷ്ഠനോരുത്തനും
നീയും നിറഞ്ഞ കുടുംബമോന്നില്‍
വന്ന  ദിനത്തിനെ ഓര്‍ത്തിടുമ്പോള്‍
സ്തുടിപാടിനില്‍ക്കൂ ഞാന്‍ ഈശ്വരനെ
പതിവായ സ്നേഹത്തിന്‍ പ്രതിഫലമായ്
പതിയെ ചെരിഞ്ഞു മറച്ചു മെല്ലെ
സഖിതന്‍ ഗൃഹതിന്ടെ രക്ഷകനായ്
പുര മേലെ മെല്ലെ ചെരിഞ്ഞു നിന്നു

വിധി വിളയാട്ടം വിരിച്ച നേരം
വഴിയിലായ് വന്നതോ നിന്റെയച്ചന്‍
ദേഹം തളര്‍ന്നവര്‍ വീണു പോയി
കൂടെ തകര്‍ന്നുപോയെന്‍ ഹൃദയം
തിരികെ വരില്ലെന്ന് ചൊല്ലി മെല്ലെ
തോറ്റു തലതാഴ്ത്തി വൈദ്യശാസ്ത്രം
തോറ്റു കൊടുത്തിടാന്‍ ആയിടാതെ
ഏറ്റു പിടിച്ചു വഴികളൊക്കെ

പൂജാ മന്ത്രാദികള്‍ ഏറ്റു നോക്കി
അമ്പലത്തിണ്ണ നിരങ്ങി നോക്കി
എണ്ണ കുഴമ്പുകള്‍ മാറി മാറി
ലാട വൈദ്യങ്ങള്‍ പോലും ശ്രമിച്ചു നോക്കി
പ്രശ്നങ്ങള്‍ ഏറെ വളര്‍ന്നു പോകെ
പ്രശ്നം വെച്ചുനോക്കാനായ് ശ്രമിച്ചു നോക്കി
വെക്കാനായ് വന്നവരോ പ്രശസ്തന്‍
ചൊന്നാല്‍ അച്ചട്ടെന്നാണ് നടപ്പ് വാര്‍ത്ത

വെറ്റിലയൊന്നു മുറുക്കിക്കൊണ്ടും തന്‍റെ
കൈകള്‍ രണ്ടും പിന്നില്‍ ചേര്‍ത്ത് കൊണ്ടും
വീട് ചുറ്റിക്കണ്ടു ചതുരനവന്‍
എന്മുന്പില്‍ നിന്നൊന്നു പുഞ്ചിരിച്ചു!
വെറ്റില പാക്ക് ചവച്ചു തുപ്പി എന്‍റെ
വേരിന്‍ കടക്കലായ് പിന്നെ ചൊല്ലി
കണ്ടില്ലേ ചാഞ്ഞു പുരക്കു മീതെ
കടച്ചക്ക, ദോഷങ്ങള്‍ പിന്നേറെ വേണോ?

വെട്ടണമിതിനെ ഉടന്‍ തന്നെയായ് നിങ്ങള്‍
കേട്ടില്ലേ നാട്ടിലെ പഴയ ചൊല്ല്
കടച്ചക്ക പുരക്കുമേല്‍ ചാഞ്ഞുപോയാല്‍
നിശ്ചയം നാഥന്നു ഹീന ഫലം
കേട്ടതും പല്ല് കടിച്ചു കൊണ്ട്
കത്തിയും കയ്യിലായ് ഓടി വന്നു
ചേട്ടനെന്തെന്തൊക്കെ ചെയ്തെങ്കിലും
ദോഷം പറയില്ല നാട്ടുകാരും

വെട്ടുകള്‍ നാലഞ്ചു വെട്ടി പക്ഷെ
ദേഷ്യമതു തീര്‍ന്നു പോയി കൂടെ
കണ്ണില്‍ നിന്നും വീണ കണ്ണുനീരോ
ഉണ്ട ചോറിന്നു നന്ദിയായ് കരുതിടട്ടെ
ദക്ഷിണ വാങ്ങി പിരിഞ്ഞു വിദ്വാന്‍
കൂട്ടം കൂടിയോരോക്കെയും നീങ്ങി മെല്ലെ
ആയുധങ്ങള്‍ കൊണ്ട് വന്നീടുവാനായ്
ചിലര്‍ പോയീ തിരിച്ചു വന്നീടുമിപ്പോള്‍

അച്ഛന്‍ തന്‍ നിശ്ചലമായ കയ്യില്‍
മെല്ലെ പിടിച്ചു ചൊല്ലീയെന്‍ സഖീ
എന്‍റെ മരത്തിന്‍റെ ദോഷമത്രേ
അച്ഛനെന്നോട് കൂടി ക്ഷമിച്ചിടേണം
മെല്ലെ മുറുക്കിപ്പിടിച്ചു അച്ഛന്‍
ആ മകളുടെ കൈകളില്‍ വിറയലോടെ
പതറിയ ശബ്ദത്തില്‍ മെല്ലെയോതി
വെട്ടേണ്ടതൊന്നുമില്ലാ മരത്തെ!

അശ്രുക്കള്‍ ഓടി നടന്നു വീട്ടില്‍, കൂടെ
മിത്രങ്ങള്‍ ബന്ധുക്കള്‍ നാട്ടുകാരും
മെല്ലെയാ കട്ടിലിലിരുന്നു കൊണ്ട്
താതന്‍ മൊഴിഞ്ഞു കൂട്ടത്തിനോടായ്
വെട്ടരുത് നാം ഈ മരങ്ങള്‍ ഏതും
വെക്കാനായ് വ്യഗ്രത കാട്ടിടേണം
മാനവര്‍ മേലെ ഈ കാലത്തില്‍ നാം
കാണണം വൃക്ഷങ്ങള്‍ തന്‍ മേന്മയും


ഇനി ഞാനൊരിക്കലും വേദനിപ്പിക്കില്ലെന്ന
ശപഥം ഞാന്‍ ചേട്ടന്‍റെ കണ്ണില്‍ കണ്ടു
വെറുതെയാ പാവത്തെ വേദനിപ്പിചെന്ന
വ്യഥ കണ്ടു അമ്മതന്‍ കണ്ണുകളില്‍
വിധി മാറിപ്പോയോരാ വഴിയോര്‍ത്ത് ഞാനും
വെറുതെയെന്‍ വേദനയെ മറന്നു

ഇനിയും അടങ്ങാത്ത ദുരിതത്തിന്‍ ഓര്‍മ്മതന്‍
വിറയലില്‍ മെല്ലെ പകച്ചു നിന്നു


ഞെട്ടിത്തരിച്ചു നില്‍ക്കുന്നോരെന്‍ മുന്നിലായ്
പെട്ടന്ന് വന്നു നീ ഇഷ്ടത്തോടെ
അച്ഛന്റെ സ്നേഹം പകുത്തുപോയെങ്കിലും
കഷ്ടങ്ങള്‍ മാറ്റിയ തോഴിയല്ലേ!
വെട്ടേറ്റു വീണയെന്‍ കുഞ്ഞു കായ്കനികളും
ഞെട്ടട്ട ഇലകളും നോക്കി നില്‍ക്കെ
തഴുകിയെന്‍ മുറിവുകള്‍ ഇരു കൈകളാലും
മരമെന്നും വരമാണെന്നോര്‍ത്തിരിക്കാം!

(അന്ധവിശ്വാസങ്ങള്‍ ഒരു കടച്ചക്ക മരത്തിന്‍റെ കണ്ണിലൂടെ!)

9 comments:

  1. ദൈവമേ... ഒരു കടപ്ലാവിനെ വെച്ച് ഇത്രേം വരികള്‍ എഴുതിയല്ലേ . കൊള്ളാട്ടോ . കടപ്ലാവ് വടക്കേപുറത്തു നിന്നാല്‍ കടം ഒഴിയില്ല എന്നൊരു വിശ്വാസം കേട്ടിടുണ്ട് . പക്ഷെ ഞങ്ങളുടെ വീട്ടില്‍ വടക്കേപുറത്തായിരുന്നു നിറയെ കായ്കള്‍ ഉണ്ടാകുന്ന ഒരു ഗമണ്ടന്‍ കടപ്ലാവ് . കിണറ്റിലെ വെള്ളം അതിന്റെ ചക്കവീണു കേടാവും എന്ന് പറഞ്ഞു പ്ലാവിനെ വെട്ടിക്കളഞ്ഞു . എന്നാല്‍ വെള്ളം നന്നായോ , അതും ഇല്ല . എനിക്ക് വലിയ സങ്കടം ആയിരുന്നു അന്നത് . അതിനെ ഓര്‍ത്തു ഇതു വായിച്ചപ്പോ :)

    ReplyDelete
    Replies
    1. നന്ദി അനു, വായനക്കും, ഈ വല്യേ കമന്റിനും!

      Delete
  2. വെട്ടേറ്റു വീണ എന്‍ കുഞ്ഞു കായ്കനികളും
    ഞെട്ടട്ട ഇലകളും നോക്കി നില്‍ക്കെ
    തഴുകിയെന്‍ മുറിവുകള്‍ ഇരു കൈകളാലും
    മരമെന്നും വരമാണെന്നോര്‍ത്തിരിക്കാം!

    മറ്റെന്ത് പറയാൻ ഇനി

    ReplyDelete
  3. 'മരം ഒരു വരം' എന്ന ചൊല്ല്‌ അന്വർത്ഥമാക്കുന്ന നല്ല കവിത. ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. നന്ദി സര്‍, വായനക്കും,ആസ്വാദനത്തിനും, അഭിപ്രായത്തിനും!

      Delete
  4. മരം ഒരു വരം തന്നെ .
    ലോകത്ത് ഒന്നും മറ്റൊന്നിനു ദോഷമല്ല ,പരസ്പരം പൂരകം മാത്രം ,
    നല്ല കവിത
    പക്ഷെ ഇടയ്ക്ക് ചില അക്ഷരങ്ങളെ ഗൂഗിള്‍ ചതിച്ചതാനെന്നു തോന്നുന്നു .
    "പൂത്തും കായിട്ടും കുറെ നാളുകള്‍ ഞാന്‍"
    ഈ വരിയില്‍ എന്തോ ഒരു ചേരായ്മ ഉണ്ടോ ?
    ചിലപ്പോള്‍ എന്റെ തോന്നലാവാം ...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി അഷ്‌റഫ്‌., തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനു നന്ദി, കുറെ ഒക്കെ, ശരിയാക്കിയിട്ടുണ്ട്, ഇനിയും ചിലപ്പോള്‍ വിട്ടുപോയിട്ടുണ്ടാവാം, കാണുകയാണെങ്കില്‍ ദയവായി എഴുതണം
      പൂത്തും, കായിട്ടും എന്ന് തന്നെയാണ് എഴുതിയത്, ഒരു ലഘു ഇടക്ക് വന്നാല്‍ ഉണ്ടാവുന്ന താള വ്യത്യാസം ഒഴിവാക്കാനാണ് കായ്ച്ചും, എന്നതിന് പകരം കായിട്ടും എന്ന് എഴുതിയത് (കായ + ഇട്ടും)
      ഈ വരവിന് ഒരിക്കല്‍ കൂടി നന്ദി!

      Delete