Thursday, 31 December 2015

ലഹരി..

വരൂ നമുക്കിന്നാഘോഷിക്കാം
വേണമെന്നിരിക്കിലും
തിരക്കിന്റെ പട്ടികയില്‍ നിന്നും
പിറകിലേക്ക് തള്ളപ്പെട്ട ചില നിമിഷങ്ങളെ
തിരിച്ചു പിടിക്കാന്‍ നോക്കാം
ലഹരിയുടെ ചിറകില്‍
അവക്ക് പിറകേ അതിവേഗം പറക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
നേട്ടങ്ങളില്‍ ഉന്മാദ പൂര്‍വ്വം
പുതിയ വീടിനായി
പുതിയ സ്ഥാനമാനങ്ങള്‍ക്കായി
പുതിയ വലിയ വാഹനത്തിനായി
മത്തുപിടിക്കുന്ന അധികാരത്തെ കവച്ചുവെക്കാന്‍
ലഹരിയുടെ ചിറകില്‍
അതിനുമുയരത്തില്‍ ഉയര്‍ന്നു പറക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
നഷ്ടബോധങ്ങളെ മറക്കാന്‍
എന്‍റെയും നിന്റെയുമായ ചില നിമിഷങ്ങളുടെ നഷ്ടം
വിധിയെന്ന് ചൊല്ലി തള്ളാം, നമുക്കൊന്നാകാം
ലഹരിയുടെ ചിറകില്‍
ആനന്ദത്തിന്റെ അത്യുന്നതിയിലേക്ക്
ലക്ഷ്യമില്ലാതെ പറക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
സങ്കടങ്ങളുടെ ഒരു വര്‍ഷം
കടന്നുപോയതിലാഹ്ലാദിക്കാം
അവയില്‍ തട്ടാതെ തടയാതെ
മുന്നോട്ടു പോന്നതില്‍ ആനന്ദിക്കാം
നഷ്ടസ്വപ്നങ്ങളുടെ ശാന്തിക്കായി ബലിച്ചോറുണ്ണാം
ലഹരിയുടെ ചിറകില്‍
അവരെ തിരഞ്ഞു പോകാം
അന്ധകാരച്ചുഴിയിലെ ഓര്‍മകളെ വീണ്ടെടുക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
നാളെയെന്തെന്നറിയാത്തതിനാല്‍
ഇന്നിന്‍റെ ചാറുകള്‍ നുകരാം
ഒരു നല്ല നാളേക്കായി പ്രാര്‍ഥിക്കാം
കൈകള്‍ കോര്‍ത്തു പിടിക്കാം
ലക്ഷ്യത്തിലേക്ക് ശരീരം കൂര്‍പ്പിക്കാം
മനസ്സിനെ എകാഗ്രമാക്കാം
ലഹരിയുടെ ചിറകില്‍
മറ്റെല്ലാം മറന്ന് കുതിക്കാം
നാളെ സത്യമാണെന്നത് മനസ്സിനെ ധരിപ്പിക്കാം

വരൂ നമുക്കിന്നാഘോഷിക്കാം മതി വരുവോളം
മതി തീരുവോളം, മതിയാകുവോളം
ലഹരിയുടെ ചിറകില്‍ പറക്കാം...

Sunday, 27 December 2015

പ്രതിഷേധം


വീട്ടിലെത്തണം
(കടപ്പാട് : ഗൂഗിള്‍)
മക്കളോടൊത്ത് കളിക്കണം
അച്ഛനേം അമ്മയേം
ഗുരുവായൂര്‍ കൊണ്ടുപോണം
മുടങ്ങിയ വഴിപാടുകള്‍ ഉണ്ടത്രേ
മോന്റെ സ്കൂളില്‍ പോണം
പഠിത്തം ഉഴപ്പുന്നു എന്ന് ടീച്ചര്‍
താലി ഉരഞ്ഞു മുറിയാനായത്രേ
വിളക്കാന്‍ കൊടുക്കണം
പറമ്പില്‍ കുറേ വാഴ നടണം
കുളമിത്തിരി വലുതാക്കണം
മക്കളെ നീന്താന്‍ പഠിപ്പിക്കണം
കൂടെ മീന്‍ പിടിത്തവും മരം കയറ്റവും
കുറച്ചു മരങ്ങള്‍ നടണം
എല്ലാര്‍ക്കും പാസ്‌ പോര്‍ട്ട്‌ എടുക്കണം
ഒരു യാത്ര പോണം, സിനിമ കാണണം
പിന്നെ കുറച്ചു വിരുന്നുകളും
രണ്ടു കല്യാണങ്ങളും
ഒരു വീട് കൂടലും ഉണ്ട്
ഏതായാലും ഒരു മാസമുണ്ടല്ലോ!
ടൂ..ടൂ..ടൂ..ടൂ.. കട്ടായി
എട്ടു കൊല്ലത്തെ സ്ഥിരം പല്ലവി
ഫോണിനു പോലും മടുത്തു കാണും!

Monday, 21 December 2015

തിരച്ചില്‍

(കടപ്പാട് : ഗൂഗിള്‍)
ഞാനിന്ന്‍ ഒരു തിരച്ചിലില്‍ ആണ്
ഒരു സുദിനത്തില്‍
ഞാന്‍ ഇല്ലാതായി തീരും
എന്നാ വിശ്വാസം എനിക്കില്ല
പുറമേ നിന്ന കാണുന്ന
മരണത്തിന്‍റെ കാഴ്ചകള്‍
അകമേ നിന്ന് കണ്ടിട്ടുള്ള
ഒരു ഭാഗ്യവാനെ തിരയുകയാണ് ഞാന്‍
എന്‍റെ കണ്‍ തുളയിലൂടെ
ഒരു ജാലകത്തിലൂടെന്ന പോല്‍
പുറത്തോട്ടു നോക്കുന്ന ജീവി
എവിടെപ്പോകുന്നു എന്നാണ്
എന്‍റെ അന്വേഷണത്തിന്‍റെ പൊരുള്‍
ഒടുവില്‍ ഞാനെന്ന ഞാനോ
അവനെന്ന ഞാനോ
ശരിയായ ഞാന്‍ എന്നതാണ്
ചോദിക്കാനുള്ള ചോദ്യം
മരണത്തെ ഭയക്കാന്‍
തുടങ്ങിയിരിക്കുന്നു
എന്നതാണ് സത്യം!

Thursday, 1 October 2015

മതവും മദവും

(Image courtesy : Google)
വറുത്തു പൊരിച്ചു കറുത്തൊരു കഷ്ണം
വായില്‍ കൊണ്ടു ചവക്കും നേരം
രുചിയല്ലാത്തൊരു മതവും ഉള്ളില്‍
നുരയുന്നുണ്ടായില്ലെന്നറിക
തലക്കടി കിട്ടിച്ചോരയൊലിച്ചെന്‍
വീടിന്‍ മുന്‍പില്‍ പിടയും നേരം
മതമല്ലാത്തൊരു മദവും കണ്ണില്‍
കണ്ടില്ലവരുടെ ഉള്ളില്‍ കഷ്ടം
മനിതന്‍ തന്‍ മതി പോലെപ്പാര്‍ക്കാന്‍
മതിയാകില്ലീയിടമെങ്കില്‍ ഞാന്‍
മതമെന്നൊരു കുട ചൂടീടണമോ
കഥയറിയാതെ ഭ്രമിച്ചീടണമോ!
കറുത്തൊരു പോത്തിന്‍ ചെവിയില്‍ വെറുതെ
കുറുകുറു ചോല്ലാനാണീ കവിത
പറയാനറിയില്ലൊരു വഴി വേറെ
പറയാതിനി വയ്യെന്നറിയുക നീ
പശിയത് തീര്‍ക്കാന്‍ പശുവിനെ വെട്ടി
വയറുനിറച്ചവനേക്കാള്‍ കഷ്ടം
വെറിയാലവനെ കൊന്നു കടിച്ചി-
ട്ടലറും കൂട്ടര്‍ തന്നെന്നറിക
നെറികേടിന്‍പേര്‍ മതമല്ലെന്നും
മതമത് ചൊല്ലില്ലെന്നുമറിഞ്ഞും
ചതിയാല്‍ നാട് ഭരിക്കാനെങ്കില്‍
നാടുമുടിക്കും നീയെന്നറിക

Wednesday, 9 September 2015

ആണിന്‍റെ പെണ്ണുങ്ങള്‍

(കടപ്പാട് : ഗൂഗിള്‍)
ഒരു ചെറു മഴയില്‍ മുളക്കാന്‍ കൊതിക്കുന്ന
പുല്‍നാമ്പുകള്‍ പോലെയാണ്
ചില പെണ്ണുങ്ങള്‍
കാറ്റില്‍ ഉലയാന്‍ കാത്ത്
ചെറു മരങ്ങളെപ്പോലെ മറ്റു ചിലര്‍
ചിലര്‍ ദേശാടനക്കിളികളെപ്പോലെയാണ്
താവളം മാറ്റാന്‍ കാലം കാത്തിരിക്കുന്നവര്‍
മറ്റുചിലര്‍ ചിലന്തികളെപ്പോലെ
വലയില്‍ കുരുങ്ങുന്ന എന്തിനെയും ഇരയാക്കും
മീനുകളെപ്പോലെയുമുണ്ട് ചിലര്‍
വഴുതിമാറുന്ന മിടുക്കികള്‍
പക്ഷെ പിടിച്ചു കരയിലിട്ടാല്‍ തീര്‍ന്നു!
മഞ്ഞുപോലെയുണ്ട് ചിലര്‍
വരുന്നപോലെ തന്നെ പോകുന്നതും
അറിയിക്കാത്തവര്‍
തീ പോലെ പൊള്ളിക്കുന്നതും
ക്ഷൌരക്കത്തി പോലെ  കീറുന്നതും
മലവെള്ളം പോലെ കൂടെ ഒഴുക്കുന്നവരും
ഉണ്ട് കൂട്ടത്തില്‍
ചിലര്‍ ഇരുട്ടുപോലെയാണ്
ഒരു വിളക്കിന്‍ തിരിയില്‍ നശിക്കുന്നവര്‍
മറ്റുചിലര്‍ വെളിച്ചം പോലെയാണ്
ചുറ്റും ഉണര്‍വ്വും പ്രസരിപ്പും
വിടര്‍ത്തുന്നവര്‍
സൂര്യനെപ്പോലെയും കണ്ടിരിക്കുന്നു ചിലരെ
ഉഷ്ണം പരത്തിയാലും, ഇല്ലാതെ പറ്റാത്തവര്‍
ചന്ദ്രികയെപ്പോലെ സൌമ്യരും ഉണ്ട്
പൌര്‍ണമി മുതല്‍ അമാവാസി വരെ 
നിരന്തരംഭാവപ്പകര്‍ച്ചയുള്ളവര്‍
കടല്‍ പോലെ ശാന്തരുമുണ്ട്
ഈ കൂട്ടത്തില്‍
കടല്‍ പോലെ രൌദ്രതയും വശമുള്ളവര്‍
പക്ഷെ എനിക്കിഷ്ടമെന്തെന്നോ ഇവളില്‍ ?
ഇവള്‍ പെണ്ണാണ് എന്നതുതന്നെ
ആണിനെ ആണാക്കിയതും ഇവള്‍ തന്നെ


Monday, 7 September 2015

സിഗരട്ടിന് പറയാനുള്ളത്..

(കടപ്പാട് : ഗൂഗിള്‍)
മരിക്കും മുന്‍പ് നിന്നോടൊരു വാക്ക്
ഞാന്‍ ഇനിയും ജനിക്കും
ഓരോ മരണത്തിലും നിന്നില്‍
ചെറു മുറിപ്പാടുകള്‍ വീഴ്ത്തി ഞാന്‍ പൊരുതും
ഒരുനാള്‍ ഞാന്‍ തന്ന മുറിവുകളില്‍ നിന്നും
രക്തം കിനിഞ്ഞും, പുഴുക്കള്‍ നുരച്ചും
പഴുത്തും, പുഴുത്തും നീ അവസാനിക്കും
വീണ്ടും പുനര്‍ജനിക്കാന്‍
നിന്നെയും നിന്റെ കൂട്ടരെയും
വേരോടെ മുടിക്കാന്‍
എന്‍റെ ആയുസ്സിന്നു പകരം ചോദിക്കാന്‍ !

Wednesday, 17 June 2015

ചുംബന രഹസ്യങ്ങള്‍ ( 9 സത്യങ്ങള്‍ )

(കടപ്പാട് : ഗൂഗിള്‍)
1.എന്‍റെ ചായക്കൊപ്പകളെല്ലാം
അവള്‍ എറിഞ്ഞുടച്ചു
ഞാന്‍ പോലുമറിയാതെ
എന്നെ ചുംബിച്ച തെറ്റിന്

2. രണ്ട് ചുണ്ടുകളുടെ പുറകില്‍
മനസ്സ് അര്‍ത്ഥങ്ങള്‍ മെനയുന്നു

3. എന്‍റെ ചുംബനത്തിന്റെ പൊരുളറിയാന്‍
നിങ്ങളെത്രയോ വട്ടം മനസ്സുകൊണ്ട് ചുംബിച്ചു!
പക്ഷേ എന്തേ എന്നെപ്പോലെ ചിന്തിച്ചില്ല!?!

4. ഞാന്‍ ചായകുടിക്കുന്നതില്‍ മഗ്നനാണ്
നിങ്ങള്‍ ചുംബനങ്ങള്‍ എണ്ണുന്നതിലും!

5. അറുപത്തിരണ്ടു ചുംബനങ്ങള്‍ക്ക് ശേഷം
ബാക്കി വന്നത് സമരവീര്യം മാത്രം !

6. നിന്നെയും നിന്‍റെ കുഞ്ഞിനേയും
ഒരേ ചുണ്ടുകള്‍ കൊണ്ട് ഞാന്‍ ചുംബിക്കട്ടെ
അര്‍ത്ഥ ഭേദങ്ങള്‍ ഹൃദയം പറയട്ടെ !

7. എന്‍റെയും നിന്‍റെയും ചുണ്ടുകള്‍ക്കിടയില്‍ ഇല്ലാത്തതും
നമ്മുടെയും അവരുടെയും മനസ്സിനിടയില്‍ ഉള്ളതും
ഒന്നായിരുന്നു – ആശയക്കുഴപ്പം !

9. എന്‍റെ നിറം കെട്ട ചുംബനങ്ങള്‍ പോലും
നിങ്ങളിലെ നെറികേടിനെ ഉണര്‍ത്തുന്നു
എന്‍റെ താവളങ്ങളില്‍ ഒളിഞ്ഞു നോക്കരുത്
നിങ്ങള്‍ക്ക് അസൂയ മൂത്ത് ഭ്രാന്ത് പിടിച്ചേക്കാം !




നഗ്നന്റെ സുവിശേഷം Vs ദരിദ്രന്റെ ന്യായം

വസ്ത്രമണിയാന്‍ കൂട്ടാക്കാത്തചില വികാരങ്ങളാണെന്നെകള്ളനും, അപരാധിയും ക്രൂരനുമാക്കിയത്

എന്‍റെ ദയക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് മുന്നില്‍
ഞാന്‍ അമ്മയുടെ കുപ്പായമണിയണമോ

എന്നെ ചതിച്ചവര്‍ക്കിടയില്‍ ഞാന്‍
ഒരു ചെമ്മരിയാടിന്റെ തോല്‍ അണിയണമോ

എന്‍റെ പീഡകര്‍ക്ക് മുന്‍പില്‍  ഞാന്‍
ഒരു ക്രിസ്തു ആകണമായിരുന്നോ?

എന്നിട്ടും കണ്ടവരൊക്കെ പറയുന്നു
ഞാന്‍ മോശക്കാരനാണെന്ന്‍!

തിരിഞ്ഞു നോക്കുമ്പോള്‍
ഉറ്റവരും, ഉടയവരും ഒക്കെയുണ്ട്

അവരിലോരാളോട് ഞാന്‍ ചോദിച്ചു
ഇതേ ചോദ്യങ്ങള്‍...

അവന്‍ പറഞ്ഞതും ന്യായമായിരുന്നു
അവരെല്ലാം ദരിദ്രരാണ്, പാവങ്ങളാണ്

അവര്‍ക്ക് മാറ്റാന്‍ വേറെ കുപ്പായങ്ങളില്ല
അവര്‍ അതില്‍ നിസ്സഹായരാണ്

പക്ഷെ നീയോ?




Thursday, 15 January 2015

ശലഭജീവിതം

(കടപ്പാട് : ഗൂഗിള്‍)
ഏകാന്തതയുടെ ഈ ദൂരമെല്ലാം
ഞാന്‍ താണ്ടുന്നത്
നിന്നിലേക്കായതുകൊണ്ടാണ്
ഈ ചുമരുകള്‍ക്കുള്ളില്‍ ഞാന്‍ കഴിയുന്നത്‌
സുഖ സുഷുപ്തിയിലാഴാനല്ല
മറിച്ച് , മനം മടുപ്പിക്കുന്ന
ഈ കവചത്തിനുള്ളില്‍
ഒരു പുഴുവായി ജീവിക്കുന്നതിനൊടുവില്‍
ലഭിക്കുന്ന ചിറകുകള്‍
എന്‍റെ, നിന്നിലേക്കുള്ള ദൂരം
കുറക്കുമെന്നതിനാലാണ്
ശലഭമായ് ചിറകടിച്ചുയരുന്നത്
നിന്‍റെ മധുരമായ ഓര്‍മ്മകള്‍
ചുണ്ടിലിപ്പോഴും
മധുവായ് തങ്ങി നില്‍ക്കുന്നത് കൊണ്ടാണ്
ഇനിയും മതിയാവാത്ത ജീവിതം
മതിമറന്ന് ആസ്വദിക്കാന്‍
നിന്നടുക്കലേക്കെത്തുവാനാണ്

Monday, 12 January 2015

പിറവി

ഈ രാവില്‍, ഈ നിലാവില്‍
(കടപ്പാട് : ഗൂഗിള്‍)
നീല മരങ്ങളും, ഇളം കാറ്റും, തണുപ്പും...
എന്‍റെ വിരലുകള്‍ നീയായി മാറുകയും
എന്‍റെ അധരങ്ങള്‍ നീയായി ചുരുങ്ങുകയും ചെയ്യുന്ന
പ്രണയത്തിന്‍റെ ഈ നിമിഷം..

കാറ്റിന്‍റെ പിറുപിറുക്കലും
പ്രകൃതിയുടെ മന്മദ ഗന്ധവും
നിശബ്ദതയുടെ ആഴവും...
ഇന്നുപോലൊന്ന് ഇനിയില്ലാത്തപോലെ
ഞാന്‍ നിന്നിലേക്ക്‌ അലിഞ്ഞു ചേരുന്നു
നീയും ഞാനും മാഞ്ഞു പോകുന്നു
നാം ഉടലെടുക്കുന്നു!