Thursday, 31 December 2015

ലഹരി..

വരൂ നമുക്കിന്നാഘോഷിക്കാം
വേണമെന്നിരിക്കിലും
തിരക്കിന്റെ പട്ടികയില്‍ നിന്നും
പിറകിലേക്ക് തള്ളപ്പെട്ട ചില നിമിഷങ്ങളെ
തിരിച്ചു പിടിക്കാന്‍ നോക്കാം
ലഹരിയുടെ ചിറകില്‍
അവക്ക് പിറകേ അതിവേഗം പറക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
നേട്ടങ്ങളില്‍ ഉന്മാദ പൂര്‍വ്വം
പുതിയ വീടിനായി
പുതിയ സ്ഥാനമാനങ്ങള്‍ക്കായി
പുതിയ വലിയ വാഹനത്തിനായി
മത്തുപിടിക്കുന്ന അധികാരത്തെ കവച്ചുവെക്കാന്‍
ലഹരിയുടെ ചിറകില്‍
അതിനുമുയരത്തില്‍ ഉയര്‍ന്നു പറക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
നഷ്ടബോധങ്ങളെ മറക്കാന്‍
എന്‍റെയും നിന്റെയുമായ ചില നിമിഷങ്ങളുടെ നഷ്ടം
വിധിയെന്ന് ചൊല്ലി തള്ളാം, നമുക്കൊന്നാകാം
ലഹരിയുടെ ചിറകില്‍
ആനന്ദത്തിന്റെ അത്യുന്നതിയിലേക്ക്
ലക്ഷ്യമില്ലാതെ പറക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
സങ്കടങ്ങളുടെ ഒരു വര്‍ഷം
കടന്നുപോയതിലാഹ്ലാദിക്കാം
അവയില്‍ തട്ടാതെ തടയാതെ
മുന്നോട്ടു പോന്നതില്‍ ആനന്ദിക്കാം
നഷ്ടസ്വപ്നങ്ങളുടെ ശാന്തിക്കായി ബലിച്ചോറുണ്ണാം
ലഹരിയുടെ ചിറകില്‍
അവരെ തിരഞ്ഞു പോകാം
അന്ധകാരച്ചുഴിയിലെ ഓര്‍മകളെ വീണ്ടെടുക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
നാളെയെന്തെന്നറിയാത്തതിനാല്‍
ഇന്നിന്‍റെ ചാറുകള്‍ നുകരാം
ഒരു നല്ല നാളേക്കായി പ്രാര്‍ഥിക്കാം
കൈകള്‍ കോര്‍ത്തു പിടിക്കാം
ലക്ഷ്യത്തിലേക്ക് ശരീരം കൂര്‍പ്പിക്കാം
മനസ്സിനെ എകാഗ്രമാക്കാം
ലഹരിയുടെ ചിറകില്‍
മറ്റെല്ലാം മറന്ന് കുതിക്കാം
നാളെ സത്യമാണെന്നത് മനസ്സിനെ ധരിപ്പിക്കാം

വരൂ നമുക്കിന്നാഘോഷിക്കാം മതി വരുവോളം
മതി തീരുവോളം, മതിയാകുവോളം
ലഹരിയുടെ ചിറകില്‍ പറക്കാം...

5 comments:

  1. വരൂ ആഘോഷിക്കാം.......

    ReplyDelete
    Replies
    1. നന്ദി വിനീത്, പുതുവത്സരാശംസകള്‍

      Delete
  2. ആഘോഷിക്കുമ്പോൾ പോലീസ് പിടിക്കാതെ നോക്കുക
    പുതുവത്സരാശംസകൾ

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ, പുതുവത്സരാശംസകള്‍ താങ്കള്‍ക്കും കുടുംബത്തിനും!

      Delete
  3. ആഘോഷമായ ജീവിതം
    ആഴമില്ലാത്ത ജീവിതം

    ReplyDelete