Sunday, 3 July 2016

മറവിപ്പാടുകള്‍

കടപ്പാട്: ഗൂഗിള്‍
എത്ര കാതം അകലെ വിട്ടാലും
ഒരു പൂച്ചയെന്ന പോലെ തിരികെ വരുന്നു
നിന്‍റെ ഓര്‍മ്മകള്‍
തണുത്ത പ്രഭാതത്തിന്റെ നനുനനുപ്പില്‍
എന്‍റെ പുതപ്പിനടിയിലും ഞാനറിയാതെ
വന്ന്  കയറുന്നു നിന്‍റെ ഓര്‍മ്മകള്‍
തിമിര്‍ത്തു പെയ്യുന്ന മഴയില്‍
ഞാന്‍ അറിയാതെ വശം ചേരുന്ന കുടയുടെ
മറുവശത്ത് നിറയുന്നു നിന്‍റെ ഓര്‍മ്മകള്‍
ഇടവഴിയിലൂടെ നടക്കുമ്പോള്‍
വേലിക്കപ്പുറത്ത് നിന്നും മെല്ലെ
ചൂളമടിച്ച് വരാറുണ്ട് നിന്‍റെ ഓര്‍മ്മകള്‍
സ്കൂളിന്റെ ഇടനാഴികളില്‍
പുസ്ത്തകക്കെട്ടുകള്‍
മാറില്‍ ചേര്‍ത്ത് നടക്കുമ്പോള്‍ 
ഒളികണ്ണേറേല്‍ക്കാന്‍
തൂണില്‍ ചാരി നില്‍ക്കും നിന്‍റെ ഓര്‍മ്മകള്‍
എങ്കിലും ഞാന്‍ മറക്കാറുണ്ട് പ്രിയനേ
എന്‍റെ നഷ്ടത്തില്‍ തകര്‍ന്നുടൊഞ്ഞൊരു
നെഞ്ചും, നിലച്ചൊരു ഹൃദയവും..
ഓര്‍ക്കാന്‍, മറക്കാതിരിക്കാന്‍
നോവ്‌ തരുന്നൊരു നുള്ളല്‍ പാട്
കൈത്തണ്ടയില്‍ ഇന്നും
ഇല്ലാതെ വയ്യെന്നായിരിക്കുന്നു