Friday, 28 July 2017

ദൂരഭാഷി


സ്മൃതികൾ പലതും തികട്ടി നിന്നീടവേ
ചെവിയിൽ ചേർത്തു വച്ചീടുന്നു നിന്നെ ഞാൻ
സഖി പറഞ്ഞീടുമോരോരോ വാക്കുകൾ
ചെവിയിൽ നീ പറഞ്ഞീടുക പ്രിയ നിധേ
വിജനമാണെന്റെ മനസുമീ കടലുപോൽ
നിറയെ രൗദ്രങ്ങൾ പതിയിരിക്കുന്നിടം
പറയുവാനെനിക്കാവുന്നതിൻ മുൻപ്
കടലു പോലെക്കലങ്ങി മറിഞ്ഞിടും

 ഇവിടെ മുറിയുടെ ജാലകത്തിങ്കലായ്
പുറമേ നോക്കി ഞാൻ നെടുവീർപ്പിടുന്നതും
കരളു കത്തിക്കരിഞ്ഞ തീജ്വാലകൾ
ഉയിരു മെല്ലെക്കവർന്നെടുക്കുന്നതും
വിരലുപോലെയെൻ കൂടെയുണ്ടെങ്കിലും
തിരയനക്കങ്ങൾ നീയറിഞ്ഞീടുമോ
മനസു വിങ്ങിക്കരഞ്ഞു പോകുമ്പോഴും
മധുരമൊഴികൾ എടുത്തയച്ചീടുന്നു
തിരികെയേറ്റി വന്നീടുന്നു ഭാണ്ഡങ്ങൾ
കദന കഥനവും കെറുവും കരച്ചിലും

ദ്രുമതലം പോലെയാണെന്റെ മാനസം
മുറിവു തീർക്കുന്നു വാക്കിൻ ശരങ്ങളാൽ
പതിയെയൂരി മാറ്റീടിലും മുറിവുകൾ
കലകൾ മാറാതെ വൃണിതമായ് നിൽക്കുന്നു
മുനകൾ ഒടിയാതെ വീണ്ടുമാ ബാണങ്ങൾ
ചകിതനാക്കുന്നു ഓരോ ദിനത്തിലും
സഖിയവൾ എന്റെ പ്രാണനാണെങ്കിലും
വിരഹ വീണയെ മുഴുകി മീട്ടുന്നവൾ
മുറുകിയേറെയാ തന്ത്രികൾ മുറിയാതെ
മുറിവു തീർക്കുന്നു മീട്ടും കരങ്ങളിൽ

ഇടയിൽ ചില നേരമുള്ള വാർത്തകൾ
ചിലതു മാത്രമാണെൻ ജീവനാഡിയും
പ്രിയമെഴും മൊഴികൾ മാത്രമായ് ചൊല്ലുക
ചിലത് ചൊല്ലാതെ കാത്തു വച്ചീടുക
ഓർത്തിരിക്കുവാനേറെയുണ്ടോർമ്മകൾ
ഓമനിക്കുന്നു ഓരോ ദിനത്തിലും
മധുരമെങ്കിലും നോവേകും ചിന്തകൾ
പ്രിയ മുഖങ്ങളും നഷ്ടസ്വപ്നങ്ങളും

സ്മരണയിൽ എന്നുമോർക്കുന്നു നാടിനെ
ഹരിത ദേശങ്ങൾ സുന്ദരക്കാഴ്ചകൾ
മറവിയേൽക്കാതെ വെയിലിൽ ഉണങ്ങാതെ
മനസിനോരത്ത് കാത്തുസൂക്ഷിക്കുന്നു
കടവിനക്കരെപ്പാടത്തിനപ്പുറം
ചെറിയ കയ്യാല താണ്ടിയാലെത്തുമെൻ
ഗൃഹമതിൽ ചിരാതിൽ വെളിച്ചത്തിലായ്
ഇമയടക്കാതെ കാത്തിരിക്കുന്നവർ

മതിലിനരികിൽ വിളഞ്ഞു നിൽക്കുന്നുണ്ട്
കാലമറിയിച്ചു പൂക്കുന്ന ചെടികളിൽ
നിറയെ വർണ്ണങ്ങൾ കൂടെയെൻ പൈതലിൻ
ചിരികൾ, നോവുകൾ മന്ദസ്മിതങ്ങളും
ഇനിയുമൊരുവേള പോക നീ ദൂതുമായ്
പ്രിയതയവളുടെ ചെവികളിൽ ചൊല്ലുക
ചിറകു വളരുവാൻ ചിറകടിച്ചുയരുവാൻ
കാത്തിരിക്കുന്നു ഞാൻ പറന്നെത്തുവാൻ

വരിക വേണ്ട നീ ഇനിയെന്റെ ചാരത്ത്
ചിറകു ചെത്തുന്ന വാക്കിന്റെ ഗഡ്ഗമായ്
തളരുവാനായി വയ്യെനിക്കിനിയുമെൻ
മനസു തല്ലിക്കെടുത്താതിരിക്കുക





Friday, 14 April 2017

പ്രയാണം


കാതമിനിയെത്ര താണ്ടണം പ്രണയമേ
ഒന്നു കാണുവാൻ കാലൊച്ച കേൾക്കുവാൻ
കാലമേറെയായീ വഴിയിലൂടെ ഞാ-
നെൻപ്രയാണം തുടർന്നു പോരുന്നതും

മുന്നിലേതോ വഴികളിൽ കളിയായി
പതിയിരിക്കുന്നു നീ എന്ന നിനവിൽ ഞാൻ
തിരി തെളിച്ചു നടക്കും പ്രതീക്ഷ തൻ
പുതു വെളിച്ചത്തിൽ നിന്നെത്തിരയുന്നു

വഴികൾ പലതും നിലച്ചു പോയ് പാതിയിൽ
ചിലതിരുട്ടിൻ കയത്തിലേക്കായുന്നു
മരണശാപം മുഴക്കിക്കിടക്കവേ
വഴിമുടക്കുന്നു നഷ്ട സ്വപ്നങ്ങളും

ഇനിയുമേറെ നടക്കുവാൻ വയ്യെന്ന്
മനസു പോലും കിതച്ചു ചൊല്ലീടുന്നു
ഹൃത്തി നഴൽ പോലും പിരിയാതെ  കൂടെയാ-
ണിത്ര നാളായിസൗഹൃദം പൂക്കുന്നു

വ്രണിത ഹൃത്തുക്കൾ ഏറെയുണ്ടിവിടെയും
പുതിയ കൂട്ടിന്നു  കാത്തിരിക്കുന്നവർ
നിണമുണങ്ങാത്ത മുറിവുകൾ കാണുമ്പോൾ
പരിതപിക്കാതെ ചിരിയടക്കുന്നവർ

മനസ്സു വറ്റുന്ന നേരത്ത് ഞാനുമെ-
ന്നധരമേറ്റുന്ന പ്രണയഗീതങ്ങളും
എവിടെയാണെൻ പ്രയാണത്തിനറ്റമെ -
ന്നറികയില്ലാതെ ജീവൻ വെടിഞ്ഞിടും


Wednesday, 15 March 2017

കൃഷ്ണ

കൃഷ്ണയാണിവൾ; നീലക്കറുപ്പിനെ,
കടപ്പാട് : ഗൂഗിള്‍
വിശ്വസൗന്ദര്യമെന്നു ചൊല്ലിച്ചവൾ.
പാഞ്ചാല ദേശത്തിനരുമയാണിത്തരുണി,
മാലോകരോർക്കുന്ന സുന്ദരാംഗീമണി.

ദ്രുപദന്‍റെയോമനപ്പുത്രിയാകുന്നിവൾ,
യാഗത്തിനന്ത്യത്തിലഗ്നിയിൽ പൂത്തവൾ.  
പത്നിയാണിവൾ കൗന്തേയർ തന്നുടെ,
കൂടെ നിന്നവൾ, അഴലിൽ പിടഞ്ഞവൾ.

അഞ്ചു ഭാവങ്ങൾക്കഞ്ചു വിധത്തിലായ്,
പഞ്ചബാണന്‍റെയസ്ത്രം തൊടുത്തവൾ.
ചിന്തകൾക്കേതുമില്ലാതെ ചാഞ്ചല്യ -
മഞ്ചു പേരെയും നെഞ്ചിലേൽക്കുന്നിവൾ.

അഞ്ചു വീരരെ വേട്ടതിന്നപ്പുറം,
റാണിയാകിലും ദാസ്യം വിധിച്ചവൾ.
നാട്ടുനീതിയിൽ ധർമ്മച്ച്യുതികളിൽ,
പതറാതെ നിന്നവൾ പകലായ് തെളിഞ്ഞവൾ.

ചൂതിൽ പണയപ്പെടുത്തിടും കേവലം- വസ്തുവായിക്കണക്കാക്കിയോളിവൾ.
തന്‍റെ ചേലയെ കാത്തു രക്ഷിക്കുവാൻ,
ഒട്ടനേകം വിധത്തിൽ കരഞ്ഞവൾ.

കെട്ടഴിഞ്ഞു വിതുർത്ത തൻ കേശത്തെ,
കെട്ടഴിച്ചവൻ തന്നുടെ രക്തത്താൽ,

ചേർത്തു വെക്കാതെ കെട്ടില്ലയെന്നൊരു,
വാക്കു ചൊന്നവൾ, വാക്കുപാലിച്ചവൾ.

കാടു നാടെന്ന പോലെക്കഴിഞ്ഞവൾ,
കാട്ടുനീതിയെ തീ പോലറിഞ്ഞവൾ.
ഭർതൃ സേവയിൽ ഏറ്റം നിറഞ്ഞുതൻ,
പുത്രസ്നേഹത്തെപ്പോലും വെടിഞ്ഞവൾ.

ഒട്ടനേകം ജഡങ്ങൾക്കിടയിലായ്,
തന്‍റെ പുത്രരെ തേടി നടന്നവൾ.
പുത്ര ദു:ഖത്തിനഴലാൽ പിടഞ്ഞവൾ,
കണ്ണുനീരിനാൽ തർപ്പണം കൊണ്ടവൾ.

എത്ര നഷ്ടങ്ങൾ വന്നു ചേർന്നീടിലും,
കർമ്മമാചരിച്ചീടാൻ മടിക്കാതെ,
കർമ്മതിക്തങ്ങളെല്ലാം രുചിച്ചവൾ.
തന്റെ യൈതിഹ്യമൊറ്റക്കെഴുതിയോൾ.

ഹൃത്തിനാലും ജീവ സത്തിനാലും നവ-
നാരികൾക്കൊരു പാഠമാകുന്നിവൾ.
ഒറ്റ ജീവിതത്തിൽ സഹിച്ചീടുന്നു,
ഒട്ടനേകം വ്യഥകളെ വെല്ലുന്നു.

കൃഷ്ണയാണിവൾ ജീവിക്കുവാനുള്ള,
തൃഷ്ണയേകുന്ന സ്ത്രീരത്നമാണിവൾ.
കൃഷ്ണമണി പോലെ കാക്കണം ജീവനെ -
ന്നേറ്റു ചൊല്ലുവാൻ കാരണമാണിവൾ.


കടപ്പാട് : ഗൂഗിള്‍

Saturday, 1 October 2016

ഒന്നും തീരുന്നില്ല


ആരും കേള്‍ക്കാത്ത നിലവിളിക്കപ്പുറം
ഒരു പെണ്ണിന്റെ തകര്‍ന്ന ഹൃദയവും
മുറിഞ്ഞ ദേഹവും
നിലച്ച ശ്വാസവും
വാവിട്ടലക്കുന്ന അമ്മയുടെ കണ്ണീരുമുണ്ട്
കടപ്പാട് : ഗൂഗിള്‍

ഭയത്തിന്റെ സൂചിയാല്‍
മുറുക്കിത്തുന്നിയ ചുണ്ടുകള്‍
മുകളിലേക്ക് കൂപ്പിയ കൈകള്‍
അന്നത്തെ അന്നത്തിനുള്ള പാച്ചിലില്‍
കുതിരയെപ്പോലെ മുന്നിലേക്ക്‌ മാത്രം
ഓടുന്ന പട്ടിണിപ്പാവങ്ങള്‍
അവരുടെ ഭീതിയാര്‍ന്ന കണ്ണുകള്‍

കൂത്തുപാവകള്‍, ഭരണത്തിന്റെ
വേട്ടപ്പട്ടികള്‍, ഒരൊറ്റ നോട്ടത്തിന്റെ
തീഷ്ണതയില്‍
ആലസ്യത്തിലേക്ക്‌ മടങ്ങുന്നവര്‍
വീര്യം നശിച്ചവര്‍

തലമൂടിക്കെട്ടി കയ്യാമത്തില്‍ കുടുങ്ങി
ഊരുചുറ്റുന്നവന്
ദേശമോ, ജാതിയോ മുഖമോ ഇല്ല
നാളെ അവന്റെ കണ്ണുകള്‍ പതിയുന്നത്
എവിടെ എന്നും അറിയില്ല

ഞാനും എന്റെ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്നു
നിശബ്ദത ചിലപ്പോഴെങ്കിലും
ഒരു അദൃശ്യ കവചമാകുന്നു
കര്‍മ്മങ്ങള്‍ മാത്രം വാചാലമാകുന്നു
കാരണം എനിക്കറിയാം

ഒന്നും തീരുന്നില്ല

Friday, 5 August 2016

മഴപ്പാട്ട്


കടപ്പാട് : ഗൂഗിള്‍
മഴ വന്നല്ലോ മഴ വന്നല്ലോ
തെരുതെരെ പെയ്യും മഴ വന്നല്ലോ
മഴവില്‍ കുടയും ചൂടിനടക്കും
അഴകിലൊരുങ്ങിയ മഴ വന്നല്ലോ

ചാലു മുറിച്ചും തോട് കവിച്ചും
പുഴയരുവികളില്‍ നീരു നിറച്ചും
പാട വരമ്പുകള്‍ തള്ളി മറിച്ചും
കുളിരു നിറക്കാന്‍ മഴ വന്നല്ലോ

പച്ചപ്പുല്‍കളെ മെല്ലെയുണര്‍ത്താന്‍
മീനുകള്‍ തോട്ടില്‍ പെറ്റ് നിറക്കാന്‍
വിണ്ടു കിടന്നൊരു ഭൂവിന്‍ വായില്‍
അമൃതായ് നിറയാന്‍ മഴ വന്നല്ലോ

ചറപറ പെയ്തും ചാറിയൊഴിഞ്ഞും
ഇടയില്‍ തെല്ലിടി മിന്നലെറിഞ്ഞും
മുറ്റം നിറയെ കടലായ് മാറ്റി
തോണിയിറക്കാന്‍ മഴ വന്നല്ലോ

പള്ളിക്കൂടം വിട്ടു കഴിഞ്ഞാല്‍
ബഹുവര്‍ണ്ണക്കുട ചൂടിനടക്കെ
കൂട്ടരോടൊപ്പം വീടുവരേക്കും
കൂട്ടു വരാനായ്‌ മഴ വന്നല്ലോ
കടപ്പാട് : ഗൂഗിള്‍

മഴ വന്നല്ലോ മഴ വന്നല്ലോ
തെരുതെരെ പെയ്യും മഴ വന്നല്ലോ
മഴവില്‍ കുടയും ചൂടിനടക്കും
അഴകിലൊരുങ്ങിയ മഴ വന്നല്ലോ