Thursday 31 December 2015

ലഹരി..

വരൂ നമുക്കിന്നാഘോഷിക്കാം
വേണമെന്നിരിക്കിലും
തിരക്കിന്റെ പട്ടികയില്‍ നിന്നും
പിറകിലേക്ക് തള്ളപ്പെട്ട ചില നിമിഷങ്ങളെ
തിരിച്ചു പിടിക്കാന്‍ നോക്കാം
ലഹരിയുടെ ചിറകില്‍
അവക്ക് പിറകേ അതിവേഗം പറക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
നേട്ടങ്ങളില്‍ ഉന്മാദ പൂര്‍വ്വം
പുതിയ വീടിനായി
പുതിയ സ്ഥാനമാനങ്ങള്‍ക്കായി
പുതിയ വലിയ വാഹനത്തിനായി
മത്തുപിടിക്കുന്ന അധികാരത്തെ കവച്ചുവെക്കാന്‍
ലഹരിയുടെ ചിറകില്‍
അതിനുമുയരത്തില്‍ ഉയര്‍ന്നു പറക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
നഷ്ടബോധങ്ങളെ മറക്കാന്‍
എന്‍റെയും നിന്റെയുമായ ചില നിമിഷങ്ങളുടെ നഷ്ടം
വിധിയെന്ന് ചൊല്ലി തള്ളാം, നമുക്കൊന്നാകാം
ലഹരിയുടെ ചിറകില്‍
ആനന്ദത്തിന്റെ അത്യുന്നതിയിലേക്ക്
ലക്ഷ്യമില്ലാതെ പറക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
സങ്കടങ്ങളുടെ ഒരു വര്‍ഷം
കടന്നുപോയതിലാഹ്ലാദിക്കാം
അവയില്‍ തട്ടാതെ തടയാതെ
മുന്നോട്ടു പോന്നതില്‍ ആനന്ദിക്കാം
നഷ്ടസ്വപ്നങ്ങളുടെ ശാന്തിക്കായി ബലിച്ചോറുണ്ണാം
ലഹരിയുടെ ചിറകില്‍
അവരെ തിരഞ്ഞു പോകാം
അന്ധകാരച്ചുഴിയിലെ ഓര്‍മകളെ വീണ്ടെടുക്കാം

വരൂ നമുക്കിന്നാഘോഷിക്കാം
നാളെയെന്തെന്നറിയാത്തതിനാല്‍
ഇന്നിന്‍റെ ചാറുകള്‍ നുകരാം
ഒരു നല്ല നാളേക്കായി പ്രാര്‍ഥിക്കാം
കൈകള്‍ കോര്‍ത്തു പിടിക്കാം
ലക്ഷ്യത്തിലേക്ക് ശരീരം കൂര്‍പ്പിക്കാം
മനസ്സിനെ എകാഗ്രമാക്കാം
ലഹരിയുടെ ചിറകില്‍
മറ്റെല്ലാം മറന്ന് കുതിക്കാം
നാളെ സത്യമാണെന്നത് മനസ്സിനെ ധരിപ്പിക്കാം

വരൂ നമുക്കിന്നാഘോഷിക്കാം മതി വരുവോളം
മതി തീരുവോളം, മതിയാകുവോളം
ലഹരിയുടെ ചിറകില്‍ പറക്കാം...

Sunday 27 December 2015

പ്രതിഷേധം


വീട്ടിലെത്തണം
(കടപ്പാട് : ഗൂഗിള്‍)
മക്കളോടൊത്ത് കളിക്കണം
അച്ഛനേം അമ്മയേം
ഗുരുവായൂര്‍ കൊണ്ടുപോണം
മുടങ്ങിയ വഴിപാടുകള്‍ ഉണ്ടത്രേ
മോന്റെ സ്കൂളില്‍ പോണം
പഠിത്തം ഉഴപ്പുന്നു എന്ന് ടീച്ചര്‍
താലി ഉരഞ്ഞു മുറിയാനായത്രേ
വിളക്കാന്‍ കൊടുക്കണം
പറമ്പില്‍ കുറേ വാഴ നടണം
കുളമിത്തിരി വലുതാക്കണം
മക്കളെ നീന്താന്‍ പഠിപ്പിക്കണം
കൂടെ മീന്‍ പിടിത്തവും മരം കയറ്റവും
കുറച്ചു മരങ്ങള്‍ നടണം
എല്ലാര്‍ക്കും പാസ്‌ പോര്‍ട്ട്‌ എടുക്കണം
ഒരു യാത്ര പോണം, സിനിമ കാണണം
പിന്നെ കുറച്ചു വിരുന്നുകളും
രണ്ടു കല്യാണങ്ങളും
ഒരു വീട് കൂടലും ഉണ്ട്
ഏതായാലും ഒരു മാസമുണ്ടല്ലോ!
ടൂ..ടൂ..ടൂ..ടൂ.. കട്ടായി
എട്ടു കൊല്ലത്തെ സ്ഥിരം പല്ലവി
ഫോണിനു പോലും മടുത്തു കാണും!

Monday 21 December 2015

തിരച്ചില്‍

(കടപ്പാട് : ഗൂഗിള്‍)
ഞാനിന്ന്‍ ഒരു തിരച്ചിലില്‍ ആണ്
ഒരു സുദിനത്തില്‍
ഞാന്‍ ഇല്ലാതായി തീരും
എന്നാ വിശ്വാസം എനിക്കില്ല
പുറമേ നിന്ന കാണുന്ന
മരണത്തിന്‍റെ കാഴ്ചകള്‍
അകമേ നിന്ന് കണ്ടിട്ടുള്ള
ഒരു ഭാഗ്യവാനെ തിരയുകയാണ് ഞാന്‍
എന്‍റെ കണ്‍ തുളയിലൂടെ
ഒരു ജാലകത്തിലൂടെന്ന പോല്‍
പുറത്തോട്ടു നോക്കുന്ന ജീവി
എവിടെപ്പോകുന്നു എന്നാണ്
എന്‍റെ അന്വേഷണത്തിന്‍റെ പൊരുള്‍
ഒടുവില്‍ ഞാനെന്ന ഞാനോ
അവനെന്ന ഞാനോ
ശരിയായ ഞാന്‍ എന്നതാണ്
ചോദിക്കാനുള്ള ചോദ്യം
മരണത്തെ ഭയക്കാന്‍
തുടങ്ങിയിരിക്കുന്നു
എന്നതാണ് സത്യം!